Cricket
വീണ്ടും മായങ്ക് സ്പീഡ് ഗൺ; ബെംഗളൂരുവിനെ 28 റൺസിന് തകർത്ത് ലഖ്‌നൗ
Cricket

വീണ്ടും മായങ്ക് സ്പീഡ് ഗൺ; ബെംഗളൂരുവിനെ 28 റൺസിന് തകർത്ത് ലഖ്‌നൗ

Sports Desk
|
2 April 2024 3:56 PM GMT

പഞ്ചാബിനെതിരെ അവസാനിപ്പിച്ചിടത്തു നിന്ന് തുടങ്ങിയ ലഖ്നൗ പേസർ മൂന്ന് വിക്കറ്റുമായാണ് തിളങ്ങിയത്.

ബംഗളൂരു: യുവതാരം മായങ്ക് യാദവിന്റെ അതിവേഗ പന്തുകൾക്ക് മുന്നിൽ തകർന്നടിഞ്ഞ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് 28 റൺസ് ജയം. ലഖ്‌നൗ വിജയ ലക്ഷ്യമായ 182 പിന്തുടർന്ന ആർസിബിയുടെ പോരാട്ടം 19.4 ഓവറിൽ 153 റൺസിൽ അവസാനിച്ചു. പഞ്ചാബിനെതിരെ അവസാനിച്ചിടത്തുനിന്ന് തുടങ്ങിയ പേസർ മൂന്ന് വിക്കറ്റുമായാണ് തിളങ്ങിയത്. നാല് ഓവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്താണ് ആർസിബി മുൻനിര വിക്കറ്റുകൾ വീഴ്ത്തിയത്. മികച്ച രീതിയിൽ ബാറ്റ് വീശിയ വിരാട് കോഹ്‌ലിയെ (16 പന്തിൽ 22) പുറത്താക്കി സിദ്ധാർത്ഥാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. തൊട്ടുപിന്നാലെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനെ(13 പന്തിൽ 19) ദേവ്ദത്ത് പടിക്കൽ റണ്ണൗട്ടാക്കി. തുടർന്ന് മയങ്ക് യാദവിന്റെ പകർന്നാട്ടത്തിനാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ആസ്‌ത്രേലിയൻ വെടിക്കെട്ട് താരം ഗ്ലെൻ മാക്‌സ്‌വെലായിരുന്നു ആദ്യ ഇര. മായങ്കിന്റെ അതിവേഗ പന്തിൽ വലിയഷോട്ടിന് ശ്രമിച്ച മാക്‌സ്‌വെലിന് പിഴച്ചു. നിക്കോളാസ് പൂരാന് ക്യാച്ച് നൽകി പൂജ്യത്തിന് മടങ്ങി. പിന്നാലെയെത്തിയ കാമറൂൺ ഗ്രീനിനെ(9) ക്ലീൻ ബൗൾഡാക്കി.മികച്ച ഫോമിലേക്കുയരുകയായിരുന്ന രജത് പടിദാറിനെ(21 പന്തിൽ 29) ദേവ്ദത്ത് പടിക്കലിന്റെ കൈകളിലെത്തിച്ചതോടെ ആർസിബി വമ്പൻ വീഴ്ച നേരിട്ടു. അവസാന ഓവറുകളിൽ ഇംപാക്ട് പ്ലെയറായെത്തിയ മഹിപാൽ ലോംറോർ(13 പന്തിൽ മൂന്ന് സിക്‌സും ഫോറും സഹിതം 33) തകർത്തടിച്ചെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. കഴിഞ്ഞ രണ്ട് മാച്ചിലും ഫിനിഷറുടെ റോളിൽ അവതരിച്ച ദിനേശ് കാർത്തിക്(4) യാഷ് താകൂറിന്റെ ഓവറിൽ മടങ്ങിയതോടെ പ്രതീക്ഷകൾ അസ്തമിച്ചു. 19ാം ഓവറിൽ രവി ബിഷ്‌ണോയിയെ തുടരെ രണ്ട് സിക്‌സർ പറത്തി പതിനൊന്നാമനായി ഇറങ്ങിയ മുഹമ്മദ് സിറാജ് പ്രതീക്ഷ നൽകിയെങ്കിലും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് നേടിയത്. ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്കിന്റെ അർധസെഞ്ച്വറിയാണ് സന്ദർശകരെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 56 പന്തിൽ എട്ട് ബൗണ്ടറിയും അഞ്ച് സിക്സറും സഹിതം 81 റൺസാണ് നേടിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാൻ 21 പന്തിൽ 40 റൺസ് നേടി. മാർക്കസ് സ്റ്റോയിനിസ് (15 പന്തിൽ 24), കെഎൽ രാഹുൽ (14 പന്തിൽ 20) പിന്തുണ നൽകി. ആർസിബി നിരയിൽ ഗ്ലെൻ മാക്സ്വെൽ രണ്ട് വിക്കറ്റ് വീഴ്ത്തി.

ബാറ്റിങിനെ തുണക്കുന്ന ചിന്നസ്വാമിയിലെ പിച്ചിൽ പവർപ്ലെയിൽ ഡി കോക്കും-രാഹുലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 5ാം ഓവറിൽതന്നെ ലക്നൗ 50 കടന്നു. പവർപ്ലെയുടെ അവസാന പന്തിൽ ഗ്ലെൻ മാക്സ്വെലിനെ കൂറ്റനടിക്ക് ശ്രമിച്ച കെഎൽ രാഹുൽ മയങ്ക് ഡഗറിന് ക്യാച്ച് നൽകി മടങ്ങി. തുടർന്ന് ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കൽ ഒരിക്കൽകൂടി നിരാശപ്പെടുത്തി. 11 പന്തിൽ ആറു റൺസെടുത്ത താരത്തെ മുഹമ്മദ് സിറാജ് മടക്കി. മധ്യ ഓവറുകളിൽ ലഖ്‌നൗവിനെ വരിഞ്ഞ് മുറുക്കിയ ബെംഗളൂരു ബൗളിങിൽ മികച്ചു നിന്നു. എന്നാൽ അവസാന ഓവറുകളിൽ നിക്കോളാസ് തുടരെ സിക്സർ അടിച്ച് സ്‌കോറിങ് ഉയർത്തി.

Similar Posts