Cricket
അത്യുഗ്രൻ ക്യാച്ചും സ്റ്റമ്പിങും;ബാറ്റിങിൽ മാത്രമല്ല,കീപ്പിങിലും ഋഷഭ് പന്തിന്റെ തിരിച്ചുവരവ്
Cricket

അത്യുഗ്രൻ ക്യാച്ചും സ്റ്റമ്പിങും;ബാറ്റിങിൽ മാത്രമല്ല,കീപ്പിങിലും ഋഷഭ് പന്തിന്റെ തിരിച്ചുവരവ്

Sports Desk
|
17 April 2024 6:24 PM GMT

ബാറ്റിങിനൊപ്പം കീപ്പിങിലും താരം പഴയ ഫോം വീണ്ടെടുത്തത് ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

അഹമ്മദാബാദ്: 15 മാസത്തെ ഇടവേളക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ഋഷഭ് പന്ത് അത്യുഗ്രൻ ക്യാച്ചും സ്റ്റമ്പിങുമായി കീപ്പിങിലും തിരിച്ചുവരവ് ഗംഭീരമാക്കി. ബാറ്റിങിൽ താരത്തിന്റെ ശൈലിയും റിഫ്‌ളക്ട് ഷോട്ടുകളുമെല്ലാം തിരിച്ചുവന്നെങ്കിലും കീപ്പിങിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം പൊളിച്ചെറിയുന്ന പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസിനെതിരെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ താരം പുറത്തെടുത്തത്.

ഇഷാന്ത് ശർമ്മയുടെ ഓവറിൽ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെ ഫുൾ ലെങ്തിൽ ഡൈവ് ചെയ്താണ് പന്ത് കൈപിടിയിലൊതുക്കിയത്. രണ്ട് റൺസെടുത്താണ് താരം മടങ്ങിയത്. ഗുജറാത്ത് ഇന്നിങ്‌സിലെ നാലാം ഓവറിലെ അവസാന പന്തിലായിരുന്നു അവിശ്വസിനീയമായി പന്ത് കൈയിലൊതുക്കിയത്. ഒറ്റകൈ കൊണ്ട് പറന്ന് പിടിച്ച ക്യാച്ച് ഈ സീസണിലെ ഐപിഎല്ലിലെ തന്നെ മികച്ചതായാണ് കരുതുന്നത്. ഇതിന് പുറമെ വിന്റേജ് ഋഷഭിനെ ഓർമിപ്പിക്കുന്ന അതിവേഗ സ്റ്റമ്പിങിലൂടെയും ശ്രദ്ധേയ പ്രകടനം നടത്തി.

എട്ടാം ഓവറിലെ മൂന്നാം പന്തിൽ അഭിനവ് മനോഹറിനെയാണ് മിന്നൽവേഗത്തിലുള്ള സ്റ്റമ്പിങിലൂടെ ഡൽഹി നായകൻ പറഞ്ഞയച്ചത്. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ ഷാറൂഖ് ഖാനെ സ്റ്റമ്പ് ചെയ്ത് പൂജ്യത്തിന് പുറത്താക്കി. ചാറ്റ് ജിപിടിയെപോലും വെല്ലുന്നതാണ് താരത്തിന്റെ സ്റ്റമ്പിങ് പ്രകടനമെന്ന് ഡൽഹി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മുകേഷ് കുമാറിന്റെ ഓവറിൽ അഫ്ഗാൻ ഓൾറൗണ്ടർ റാഷിദ് ഖാന്റെ ക്യാച്ചെടുത്തും കൈയടി നേടി.

വാഹനാപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ 25 കാരൻ അത്ഭുതകരമായാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഒരു വർഷത്തിലധികമായി ചികിത്സയിലായിരുന്നു. കഠിനമായ പരിശീലനത്തിന് ശേഷം ഈ ഐപിഎല്ലിലൂടെയാണ് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്. സീസണിൽ രണ്ട് അർധ സെഞ്ച്വറിയുമായി മികച്ച ഫോമിലാണ് താരം. വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് ഋഷഭ് മടങ്ങിയെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബാറ്റിങിനൊപ്പം കീപ്പിങിലും താരം പഴയ ഫോം വീണ്ടെടുത്തത് ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Similar Posts