സെൻസിബിൾ സഞ്ജു സാംസൺ; ലഖ്നൗവിനെ ഏഴ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ
|33 പന്തിൽ ഏഴ് ഫോറും നാല് സിക്സറും സഹിതം 71 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു.
ലഖ്നൗ: ക്യാപ്റ്റൻ സഞ്ജു സാംസൺ മുന്നിൽ നിന്നു നയിച്ച മത്സരത്തിൽ ലഖ്നൗവിനെതിരെ രാജസ്ഥാൻ റോയൽസിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. ലഖ്നൗ സൂപ്പർ ജയന്റ്സ് വിജയലക്ഷ്യമായ 197 റൺസ് പിന്തുടർന്ന രാജസ്ഥാൻ റോയൽസ് ഒരു ഓവർ ബാക്കി നിൽക്കെ വിജയ തീരമണഞ്ഞു. മലയാളി താരം സഞ്ജു സാംസണും ധ്രുവ് ജുറേലും അർ ധസെഞ്ച്വറിയുമായി ടീമിന് കരുത്തായി. 33 പന്തിൽ ഏഴ് ഫോറും നാല് സിക്സറും സഹിതം 71 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു. ജുറേൽ 34 പന്തിൽ 52 റൺസുമായി മികച്ച പിന്തുണ നൽകി. 78-3 എന്ന നിലയിൽ ഒത്തുചേർന്ന ഇരുവരും കളി അവസാനിപ്പിച്ചാണ് ഡഗൗട്ടിലേക്ക് മടങ്ങിയത്. ജോസ് ബട്ലർ(34), യശസ്വി ജയസ്വാൾ (24), റിയാൻ പരാഗ്(14) എന്നിവരാണ് മറ്റു സ്കോറർമാർ
സ്വന്തം തട്ടകമായ ഏകനാ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്നൗ കെ എൽ രാഹുലിന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് വലിയ സ്കോർ പടുത്തുയർത്തിയത്. 48 പന്തിൽ 76 റൺസാണ് ലഖ്നൗ നായകൻ നേടിയത്. ദീപക് ഹൂഡ (31 പന്തിൽ 50) മികച്ച പിന്തുണ നൽകി. സന്ദീപ് ശർമ രണ്ട് വിക്കറ്റ് വീഴ്ത്തി. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് വീഴുന്നത് കണ്ടാണ് ലഖ്നൗവിന്റെ ഇന്നിംഗ്സ് തുടങ്ങിയത്. രണ്ട് ഓവറിൽ സ്കോർബോർഡിൽ 11 റൺസ് മാത്രമുള്ളപ്പോൾ ക്വിന്റൺ ഡി കോക്ക് (8), മാർകസ് സ്റ്റോയിനിസ് (0) എന്നിവരുടെ വിക്കറ്റുകൾ ലഖ്നൗവിന് നഷ്ടമായി. ഡി കോക്കിനെ ട്രന്റ് ബോൾട്ട് ബൗൾഡാക്കിയപ്പോൾ സ്റ്റോയിനിസിനെ സന്ദീപും വീഴ്ത്തി. പിന്നാലെ ഹൂഡ - രാഹുൽ സഖ്യം 115 റൺസ് കൂട്ടിചേർത്തു.
മറുപടി ബാറ്റിങിൽ മികച്ച ഫോമിലുള്ള ബട്ലറിനേയും ജയ്സ്വാളിനേയും നഷ്ടമായ രാജസ്ഥാനെ സഞ്ജുവും ജുറേലും ചേർന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. അനാവശ്യ ഷോട്ടുകൾക്ക് പോവാതെ പതിയെ തുടങ്ങിയ മലയാളി താരം മോശം പന്തുകളെ തിരഞ്ഞുപിടിച്ച് ബൗണ്ടറിയും സിക്സറും പറത്തി റൺറേറ്റ് ഉയർത്തിമുന്നോട്ട് പോയി. പിരിയാത്ത നാലാം വിക്കറ്റിൽ സഞ്ജു- ജുറൽ സഖ്യം 62 പന്തിൽനിന്ന് 121 റൺസാണ് അടിച്ചെടുത്തത്.