പന്തിനും രാഹുലിനും മുകളിൽ സഞ്ജു; ക്ലാസ് ഇന്നിങ്‌സിന് കൈയടിച്ച് മുൻ താരങ്ങൾ
|ഇന്നലത്തെ ഒറ്റമത്സരത്തോടെ ഐപിഎൽ ഓറഞ്ച് ക്യാപ്പിനുള്ള പോരിൽ ഒന്നാമതുള്ള വിരാട് കോഹ്‌ലിക്ക് തൊട്ടടുത്തെത്തി രാജസ്ഥാൻ റോയൽസ് നായകൻ.
എകാന സ്റ്റേഡിയത്തിൽ യാഷ് താക്കൂറിനെ ഡീപ് ഫൈൻ ലെഗിലൂടെ സിക്‌സർ പായിച്ച് വിജയറൺ നേടുമ്പോൾ രാജസ്ഥാൻ നായകൻ പതിവില്ലാത്ത വിധമാണ് ആഘോഷിച്ചത്. തന്റെ വിമർശകരോടുള്ള അരിശം മുഴുവൻ നിറഞ്ഞുനിൽക്കുന്നതായിരുന്നു അലവറിവിളിച്ചുകൊണ്ടുള്ള ഈ സെലിബ്രേഷൻ. ഒരിക്കൽ പോലു ഗ്രൗണ്ടിൽ അമിതാഹ്‌ളാദം കാണിച്ച് സഞ്ജുവിനെ കണ്ടിട്ടില്ല. എന്നാൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ അതിന് മാറ്റമുണ്ടായി. ഇതിനൊരു കാരണമുണ്ട്. സമീപകാലത്തെ ഏറ്റവും മികച്ച ഫോമിലാണ് മലയാളിതാരം ബാറ്റുവീശുന്നത്. ഐപിഎൽ റൺവേട്ടക്കാരുടെ പോരാട്ടത്തിൽ വിരാട് കോഹ്‌ലിക്ക് പിറകിൽ രണ്ടാമത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഉടൻ പ്രഖ്യാപിക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് സ്‌ക്വാർഡിൽ സഞ്ജു ഇപ്പോഴും വെയിറ്റിങ് ലിസ്റ്റിലാണെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ദിവസം മുൻപ് പ്രമുഖ ദേശീയ മാധ്യമങ്ങൾ വാർത്ത നൽകിയത് ലോകകപ്പ് ടീം സെലക്ഷനിൽ സഞ്ജു സാംസണേക്കാൾ നേരിയ മുൻതൂക്കം കെഎൽ രാഹുലിനുണ്ടെന്നായിരുന്നു. ഋഷഭ് പന്ത്് മടങ്ങിയെത്തുമെന്ന് ഉറപ്പായതോടെ രണ്ടാം കീപ്പറായി സഞ്ജുവിനേയും രാഹുലിനേയുമാണ് പരിഗണിക്കുന്നുവെന്നായിരുന്നു വാർത്ത. അവസരങ്ങൾ ഇനിയുമുണ്ടെന്ന സ്ഥിരം ന്യായീകരണം ആവർത്തിച്ച് സഞ്ജുവിനെ ഇനിയും തഴയാനാണ് സെലക്ഷൻകമ്മിറ്റി തീരുമാനമെങ്കിൽ അതൊരു താരത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കും.
ഇന്നലെ 33 പന്തിൽ 71 റൺസുമായി പുറത്താകാതെനിന്ന സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പറന്നത് നാല് സിക്‌സറും ഏഴ് ഫോറുമാണ്. എതിരാളികൾക്ക് അവസരമൊന്നും നൽകാതെയുള്ള ക്യാപ്റ്റന്റെ സെൻസിബിൾ ഇന്നിങ്‌സ്. ലഖ്‌നൗ നിരയിൽ ഈ സീസണിൽ മികച്ച എകണോമിയിൽ പന്തെറിഞ്ഞ ക്രുണാൽ പാണ്ഡ്യെയെ നേരിട്ട രീതി മാത്രം മതിയാകും 29 കാരന്റെ ക്ലാസ് അടയാളപ്പെടുത്താൻ. നാലാം ഓവർ എറിയാൻ ക്രുണാൽ എത്തുമ്പോൾ താരത്തിന്റെ മുഖത്ത് ചെറുതെല്ലാത്തൊരു അഹങ്കാരമുണ്ടായിരുന്നു. ഇതുവരെയൊരു രാജസ്ഥാൻ താരത്തിന് ക്രുണാലിനെ ബൗണ്ടറികടത്താനായിരുന്നില്ല. എന്നാൽ സഞ്ജുവിന് മുന്നിൽ കഥമാറി. രാജസ്ഥാൻ നായകൻ മികച്ചൊരു റിവേഴ്‌സ് ലാപിലൂടെ അതിർത്തികടത്തി. ഇതാണ് സഞ്ജു. ഏറ്റവും ഫോമിലുള്ള ബോളർമാർക്കെതിരെ ഏറ്റവും പ്രയാസകരമായ ഷോട്ട് പായിക്കാൻ അയാൾക്ക് കഴിയും. മത്സരത്തിൽ ടേണിങ് പോയന്റാകുമെന്ന്് കരുതി കെഎൽ രാഹുൽ അവസാന ഓവറിലേക്ക് കരുതിവെച്ച രവി ബിഷ്‌ണോയിയും സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ട്വന്റി 20യിലെ ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ രണ്ട് ബൗണ്ടറിയും ഒരുസിക്‌സറുമാണ് സഞ്ജു പായിച്ചത്. കളി രാജസ്ഥാന് അനുകൂലമായിമാറിയ നിർണായക ഓവർ.
മത്സരശേഷം മുൻ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്‌സന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'ഞാൻ ഇന്ത്യയുടെ സെലക്ടറായിരുന്നെങ്കിൽ ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് ആദ്യം തെരഞ്ഞെടുക്കുക സഞ്ജുവിനെയായിരിക്കും. ഇതിന് മറുപടിയായി മാത്യു ഹെയ്ഡൻ പറഞ്ഞു. ' ഇങ്ങനെ പറയുമ്പോൾ ശ്രദ്ധിക്കണം. കെഎൽ രാഹുൽ, ഋഷഭ് പന്ത് മറുവശത്തുണ്ട്. എന്നാൽ നിലപാട് മാറ്റാൻ കെ പി ഒരുക്കമായിരുന്നില്ല. ' മറ്റുള്ളവരെപറ്റി ഞാൻ ചിന്തിക്കുന്നേയില്ല. എനിക്ക് സഞ്ജുവിനെ വേണം. അയാളൊരു സിക്‌സ് ഹിറ്ററാണ്. ക്ലീൻ ഹിറ്റർ' . രാജസ്ഥാൻ നായകന്റെ വിജയാഘോഷത്തെ കുറിച്ച് പ്രമുഖ കമന്റേറ്റർ ഹർഷാ ഭോഗ്ലെ പറഞ്ഞതിങ്ങനെ. വരും ദിവസങ്ങളിൽ ഒരു സുപ്രധാന പ്രഖ്യാപനമുണ്ടാവാമെന്ന തോന്നൽ സഞ്ജുവിനുണ്ടായിരിക്കാം.
-ഇന്നലത്തെ ഒറ്റമത്സരത്തോടെ ഐപിഎൽ ഓറഞ്ച് ക്യാപ്പിനുള്ള പോരിൽ ഒന്നാമതുള്ള വിരാട് കോഹ്‌ലിക്ക് തൊട്ടടുത്തെത്തി രാജസ്ഥാൻ റോയൽസ് നായകൻ. ഡൽഹി കാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്ത്, ലഖ്നൗ നായകൻ കെ എൽ രാഹുൽ എന്നിവരെ മറികടന്നാണ് സഞ്ജു രണ്ടാം സ്ഥാനത്തെത്തിയത്. ഒമ്പത് മത്സരങ്ങളിൽ 385 റൺസാണ് സഞ്ജു അടിച്ചെടുത്തത്. 77 റൺസാണ് ശരാശരി. 167.09 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റുവീശുന്നത്. ഒന്നാമതുള്ള കോലിക്ക് ഒമ്പത് ഇന്നിംഗ്സിൽ 430 റൺസാണുള്ളത്. സ്ട്രൈക്ക് റേറ്റ് 145.76. ശരാശരി 61.43. സഞ്ജും കോലിയും തമ്മിലുള്ള വ്യത്യാസം 45 റൺസ്. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെത്താൻ സഞ്ജുവിനൊപ്പം മത്സരിക്കുന്ന കെ എൽ രാഹുലിന്റെ സമ്പാദ്യം ഒമ്പത് മത്സരങ്ങളിൽ 378 റൺസ്. 144.72 സ്ട്രൈക്ക് റേറ്റിലും 42.00 ശരാശരിയുമുള്ള രാഹുൽ മൂന്നാം സ്ഥാനത്താണ്. തൊട്ടുപിന്നിൽ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്. 10 മത്സരങ്ങളിൽ 46.38 ശരാശരിയിൽ 371 റൺസാണ് പന്തിന്റെ സമ്പാദ്യം. 160.61 സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്.
ഇനിയും നിങ്ങൾ അയാളെ വെയിലത്ത് നിർത്തരുത്. ഇതുവരെ ചെയ്തതെല്ലാം മറക്കാം. ട്വന്റി 20 ലോകകപ്പ് ടീമിലേക്കുള്ള ആ ഒരൊറ്റ വിളിയിലൂടെ. കണക്കിലും കളിയിലും അവനിപ്പോൾ മുന്നിലാണ്. സ്ഥിരതയില്ലെന്ന സ്ഥിരം വാളോങ്ങാൻ ഇനിയാവില്ല. സാഹചര്യത്തിനനുസരിച്ച് മത്സരത്തെ കൊണ്ടുപോകാൻ സഞ്ജു പാകപ്പെട്ടുകഴിഞ്ഞു. 2007 ന് ശേഷം വീണ്ടുമൊരു ട്വന്റി ലോക കിരീടമാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ ടീം സെലക്ഷനിൽ ആദ്യപേരുകാരനായി ഈ മലയാളിതാരവുമുണ്ടാകണം