ആ പന്ത് നോ ബൗളാണ്; അമ്പയറോട് ക്ഷുഭിതനായി വിരാട് കോഹ്ലി-വീഡിയോ
|ഹർഷിത് റാണ എറിഞ്ഞ ഭീമർ നേരിടുന്നതിൽ വിരാടിന് പിഴച്ചു. ബാറ്റിന്റെ മുകൾഭാഗത്ത് തട്ടി നേരെ ഹർഷിതിന്റെ കൈകളിൽ അവസാനിച്ചു.
കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിൽ വിവാദമായി വിരാട് കോഹ്ലിയുടെ പുറത്താകൽ. കൊൽക്കത്തയുടെ 223 റൺസ് വിജയലക്ഷ്യം പിന്തുടരവെ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് ഫുൾടോസിൽ കോഹ്ലി പുറത്തായത്. ഹർഷിത് റാണ എറിഞ്ഞ സർപ്രൈസ് പന്തിനെ നേരിടുന്നതിൽ വിരാടിന് പിഴച്ചു. ബാറ്റിന്റെ മുകൾഭാഗത്ത് തട്ടി നേരെ ഹർഷിതിന്റെ കൈകളിൽ അവസാനിച്ചു. അരക്ക്മുകളിൽ ഉയർന്നുവന്ന പന്ത് അമ്പയർ നോബൗൾ വിളിക്കുമെന്നാണ് വിരാട് കരുതിയത്. എന്നാൽ ഫീൽഡ് അമ്പയർ ഔട്ട് വിധിച്ചു. ഇതോടെ ആർസിബി റിവ്യൂ ആവശ്യപ്പെട്ടു. എന്നാൽ കോഹ്ലി ക്രീസിന് പുറത്തേക്കിറങ്ങി പന്ത് നേരിട്ടതിനാൽ നോബൗൾ അല്ലെന്നാണ് തേർഡ് അമ്പയറും തീരുമാനമെടുത്തത്.
#KKRvRCB #ViratKohli
— Dhonism (@Dhonismforlife) April 21, 2024
Angry Virat Kohli 🥶 pic.twitter.com/HZwTBdEYHv
ഇതോടെ ഫീൽഡ് അംപയറുമായി ക്ഷുഭിതനായാണ് കോഹ്ലി ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. ഡഗൗട്ടിലെത്തിയിട്ടും മുൻ ആർസിബി നായകൻ അരിശംപ്രകടിപ്പിച്ചു. ഡ്രസിംഗ് റൂമിലേക്ക് മടങ്ങിത്തുടങ്ങിയ കോലി തിരിച്ചെത്തിയാണ് തർക്കിച്ചത്. ശേഷം തലകുലുക്കി വിക്കറ്റിലുള്ള അതൃപ്തി അറിയിച്ചായിരുന്നു ഡഗൗട്ടിലേക്ക് കോലിയുടെ മടക്കം. പോയവഴി ബൗണ്ടറിലൈനിന് പുറത്ത് വച്ചിട്ടുള്ള ചവറ്റുകൊട്ട തട്ടിത്തെറിപ്പിച്ച് വിരാട് കോലി കൂടുതൽ വിവാദത്തിലാവുന്നതും ടെലിവിഷനിൽ കണ്ടു.
മത്സരത്തിൽ ഏഴ് ബോളിൽ ഒരു ഫോറും രണ്ട് സിക്സറുകളും സഹിതം കോലി 18 റൺസാണ് നേടിയത്. കോഹ്ലിയെ പിന്തുണച്ച് എബി ഡിവില്ലേഴ്സ് രംഗത്തെത്തി. ഈഡനിൽ 223 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി ഒരു റൺസിൻറെ നാടകീയ തോൽവി വഴങ്ങിയിരുന്നു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 20 ഓവറിൽ 221 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. വിൽ ജാക്സ് (32 പന്തിൽ 55), രജത് പാടിദാർ (23 പന്തിൽ 52) എന്നിവരുടെ അർധ സെഞ്ചുറികളും ടീമിന്റെ രക്ഷക്കെത്തിയില്ല. അവസാന ഓവറിൽ തകർത്തടിച്ച കരൺ ശർമ മൂന്ന് സിക്സർ പറത്തിയെങ്കിലും അവസാന പന്തിൽ ഒരുറൺസിന് തോൽവി.