ആർസിബി നീക്കം പാളിയോ; കൈയ്യടി നേടി ചെന്നൈ
|മുൻബെംഗളൂരു താരംകൂടിയായ മിച്ചൽ സ്റ്റാർക്കിനെയായിരുന്നു ആർ.സി.ബി ലക്ഷ്യമിട്ടത്
ദുബൈ: റെക്കോർഡുകൾ തിരുത്തികുറിച്ച 2024 ഐപിഎൽ താരലേലത്തിൽ ലാഭവും നഷ്ടവും നിരത്തി ആരാധകർ. ഇത്തവണ ഏറ്റവുംകൂടുതൽ പഴികേൾക്കുന്നത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ്. ഒരുകോടി അടിസ്ഥാനവിലയുണ്ടായിരുന്ന അൽസാരി ജോസഫിനെ 11.5 കോടിയ്ക്ക് കൂടാരത്തിലെത്തിച്ചതാണ് ആരാധകരെ ഞെട്ടിച്ചത്.
കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് താരമായ വെസ്റ്റിൻഡീസുകാരൻ ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുത്തത്. അൽസാരിക്ക് പുറമെ ടോം കറണിനേയും ലോക്കി ഫെർഗൂസനേയും എത്തിച്ചതും വിമർശനത്തിന് കാരണമാക്കുന്നു. നീണ്ട ഇടവേളക്ക് ശേഷം ഐപിഎലിലേക്കെത്തിയ മുൻ ബെംഗളൂരു താരംകൂടിയായ മിച്ചൽ സ്റ്റാർക്കിനെയായിരുന്നു ടീം ലക്ഷ്യമിട്ടതെങ്കിലും വിട്ടുതരാതെ കെകെആർ പിടിമുറുക്കിയതോടെ പിൻവാങ്ങേണ്ടിവന്നു.
പാറ്റ് കമ്മിൻസിനെ ഹൈദരാബാദും കൊണ്ടുപോയതോടെ മറ്റുതാരങ്ങളെ ആശ്രയിക്കേണ്ടിവന്നു. കരുത്തുറ്റ ബാറ്റിംഗ് യൂണിറ്റുണ്ടെങ്കിലും ബൗളിംഗിലേക്കെത്തുമ്പോൾ ആർ.സി.സി വൻതോൽവിയാണെന്ന് ആരാധകർതന്നെ വ്യക്തമാക്കുന്നു.
ലേലത്തിൽ ചെന്നൈ സൂപ്പർകിംഗ്സ് നിർണായകനീക്കങ്ങളിലൂടെ കൈയ്യടിനേടി. മുൻ സി.എസ്.കെ ഓൾറൗണ്ടർ ഷർദുൽ ഠാകൂറിനെ ടീമിലേക്ക് എത്തിക്കുന്നതോടൊപ്പം ഡാരൽമിച്ചൽ,രചിൻ രവീന്ദ്ര എന്നിവരെകൂടികൊണ്ടുവന്നതുവഴി മധ്യനിരയിലെ പ്രശ്നം മഞ്ഞപ്പട പരിഹരിച്ചതായാണ് വിലയിരുത്തൽ.
വൻവിലകൊടുത്ത് ആഭ്യന്തരക്രിക്കറ്റിലെ പുതിയതാരോദയം യു.പിക്കാരൻ സമീർ റിസ്വിയെ എത്തിച്ചതോടെ സുരേഷ് റെയ്നയുടെ പകരക്കാരനെയാണ് ടീം ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ശ്രദ്ധേയപ്രകടനം നടത്തിയ ശ്രീലങ്കൻ സീമർ ദിൽഷൻ മധുശങ്കയെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസും ബൗളിംഗിലെ കുറവ്പരിഹരിച്ചു.