'അഭിനന്ദനക്കുറിപ്പുകളോ ചിത്രങ്ങളോ ഇല്ല'; ഹാർദികും നടാഷയും വേർപിരിഞ്ഞോ?
|2020 കോവിഡ് ലോക്ഡൗണിന്റെ സമയത്താണ് ഇരുവരും തമ്മിൽ വിവാഹിതരാകുന്നത്. സെർബിയക്കാരിയായ നടാഷ, മോഡൽ കൂടിയാണ്.
മുംബൈ: ഹാർദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും ഒരിക്കൽ കൂടി ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചാ വിഷയമാകുകയാണ്. എന്നാൽ അതൊരു നല്ലകാര്യത്തിനല്ലെന്ന് മാത്രം. ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തകൾ സജീവമാകുന്നതിനിടെയാണ് ക്രിക്കറ്റ് പ്രേമികൾക്കിടയിലേക്ക് പുതിയ സംഭവവികാസങ്ങളും എത്തുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനലിലെ വിജയത്തിന് ശേഷം മെഡൽ കഴുത്തിലണിഞ്ഞ് പിച്ചിലിരുന്ന് ഫോണിൽ ആരോടോ പാണ്ഡ്യ സംസാരിക്കുന്നുണ്ട്. ഇത് ആരോടാണ് എന്നാണ് ആരാധകർ തിരയുന്നത്. നടാഷയോടാണെന്ന് ചിലർ പറയുമ്പോൾ മറ്റു ചിലർ പറയുന്നത് സഹോദരനും ക്രിക്കറ്ററുമായ ക്രുണാൽ പാണ്ഡ്യയോടായിരിക്കും എന്നാണ്. പാണ്ഡ്യയുടെ അമ്മയോടായിരിക്കും, ആ ചാറ്റ് എന്ന് പറയുന്നവരും ഉണ്ട്.
ഏതായാലും നടാഷയോടല്ല എന്ന കമന്റിനാണ് പിന്തുണയേറെ. ഇരുവരും വേർപിരിഞ്ഞെന്നാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ സജീവമായ നടാഷ, ഇന്ത്യയുടെ വിജയത്തിൽ ഹാർദികിനെയോ ടീം അംഗങ്ങളെയോ അഭിനന്ദിച്ച് ഇതുവരെ ഒരു സ്റ്റോറിയോ പോസ്റ്റോ ഇട്ടിട്ടില്ല. ഇതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് കാരണം. നേരത്തെ ഇൻസ്റ്റഗ്രാം ബയോയിൽ നിന്ന് പാണ്ഡ്യ എന്ന സര്‍നെയിം നടാഷ ഒഴിവാക്കിയിരുന്നു. ഒപ്പം ഹാര്‍ദിക് പാണ്ഡ്യക്കൊപ്പമുള്ള ചിത്രങ്ങള്‍ ഡിലീറ്റും ചെയ്തു. ഇതൊക്കെയാണ് ഇരുവരും തമ്മിൽ വേർപിരിഞ്ഞു എന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കാന്‍ കാരണം.
2020 മെയ് കോവിഡ് ലോക്ഡൗണിന്റെ സമയത്താണ് ഇരുവരും തമ്മിൽ വിവാഹിതരാകുന്നത്. സെർബിയക്കാരിയായ നടാഷ, മോഡൽ കൂടിയാണ്. ഈ ബന്ധത്തിൽ മൂന്നുവയസായ മകളുണ്ട്.
വ്യക്തി ജീവിതത്തിൽ മാത്രമല്ല കരിയറിലും പ്രതിസന്ധികളിലൂടെയായിരുന്നു പാണ്ഡ്യ പോയിക്കൊണ്ടിരുന്നത്. മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തേക്ക് എത്തിയത് മുതൽ പാണ്ഡ്യക്കെതിരെ മുറുമുറുപ്പ് ഉയരുന്നുണ്ട്. രോഹിതിനെ മാറ്റിയായിരുന്നു പാണ്ഡ്യ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തേക്ക് എത്തിയിരുന്നത്. ഇതാണ് ബഹുഭൂരിപക്ഷം വരുന്ന രോഹിത് ആരാധകരുടെ വെറുപ്പിന് പാണ്ഡ്യ കാരണമായിത്തീര്‍ന്നത്.
മത്സര ശേഷം അദ്ദേഹം പറഞ്ഞ പ്രതികരണങ്ങളിലെല്ലാം ഇക്കാര്യം പ്രകടമായിരുന്നു. ''അങ്ങേയറ്റം വൈകാരികമായ നിമിഷമാണിത്. പ്രത്യേകിച്ച് എനിക്ക്. കഴിഞ്ഞ ആറ് മാസമായി ഒരക്ഷരം മിണ്ടിയിരുന്നില്ല. മോശമായിരുന്നു കാര്യങ്ങള്‍. പക്ഷേ തിളങ്ങാനാകുന്ന സമയം വരുമെന്ന് എനിക്കറിയാമായിരുന്നു''- ഇങ്ങനെയായിരുന്നു പാണ്ഡ്യയുടെ വാക്കുകള്‍.