മലിംഗ ആക്ഷൻ അനുകരിച്ച് കിഷൻ; ചിരിയടക്കാനാവാതെ സഹ താരങ്ങൾ-വീഡിയോ
|ബിസിസിഐ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കിയ താരത്തിന് ട്വന്റി 20 ലോകകപ്പിൽ ഇടം നേടാൻ ഐപിഎലിലെ പ്രകടനം നിർണായകമാണ്.
മുംബൈ: ഐപിഎലിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ ഫ്രാഞ്ചൈസികൾ അവസാനഘട്ട ഒരുക്കത്തിലാണ്. പ്രധാന താരങ്ങളെല്ലാം ടീം ക്യാമ്പിൽ ജോയിൻ ചെയ്തു കഴിഞ്ഞു. മുംബൈ ഇന്ത്യൻസ് പരിശീലന സംഘത്തിലേക്ക് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ കഴിഞ്ഞ ദിവസം ചേർന്നിരുന്നു. എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഐപിഎലിന് തൊട്ടുമുൻപ് മാത്രമാകുമെത്തുക.
പരിശീലനത്തിൽ എപ്പോഴും കുസൃതിയൊപ്പിക്കുന്ന താരമാണ് ഇഷാൻ കിഷൻ. ഇന്ത്യൻ ക്യാമ്പിനിടെയും യുവതാരത്തിന്റെ അനുകരണങ്ങൾ പൊട്ടി ചിരിക്ക് കാരണമാക്കിയിരുന്നു. ഇത്തവണയും അതിന് മാറ്റമില്ല. പരിശീലന ക്യാമ്പിനിടെ ഇഷാൻ ശ്രീലങ്കൻ മുൻ പേസ് ബൗളറും മുംബൈ ഇന്ത്യൻസ് ബൗളിങ് കോച്ചുമായ ലതിത് മലിംഗയുടെ ആക്ഷൻ അനുകരിച്ചാണ് കൈയടി നേടിയത്. മലിംഗയുടേതിന് സമാനമായി നീല ഹെയർ ഫിറ്റ് ചെയ്ത 25 കാരൻ, ലങ്കൻതാരം നോക്കി നിൽക്കെയാണ് റണ്ണപ്പ് നടത്തി അനുകരിച്ചത്. സംഭവം കണ്ട് മലിംഗക്കും ചിരിയടക്കാനായില്ല. പൊള്ളാർഡ്,ഹാർദിക് അടക്കമുള്ള താരങ്ങളും കിഷന്റെ പ്രകടനം നോക്കിനിന്നു. മുംബൈ ഇന്ത്യൻസ് സമൂഹമാധ്യമങ്ങളിലൂടെയാണ് വീഡിയോ പങ്കുവെച്ചത്
ബിസിസിഐ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കിയ താരത്തിന് ട്വന്റി 20 ലോകകപ്പിൽ ഇടം നേടാൻ ഐപിഎലിലെ പ്രകടനം നിർണായകമാണ്. രഞ്ജി ട്രോഫിയിൽ കളിക്കാതെ ഫ്രാഞ്ചൈസി ലീഗിനായി ഒരുങ്ങിയത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. 24ന് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസുമായാണ് ആദ്യ മത്സരം.