Cricket
നിലപാട് കടുപ്പിച്ച് ബിസിസിഐ; നല്ല കുട്ടിയായി കളിക്കളത്തിലേക്ക് തിരിച്ചെത്തി ഇഷാൻ കിഷൻ
Cricket

നിലപാട് കടുപ്പിച്ച് ബിസിസിഐ; നല്ല കുട്ടിയായി കളിക്കളത്തിലേക്ക് തിരിച്ചെത്തി ഇഷാൻ കിഷൻ

Web Desk
|
28 Feb 2024 6:27 AM GMT

ആഭ്യന്തര ക്രിക്കറ്റ് കളിച്ച് മികവ് തെളിയിക്കണമെന്ന് രാഹുൽ ദ്രാവിഡ് താരത്തോട് ആവശ്യപ്പെട്ടിരുന്നു

ഡൽഹി: ഇടവേളക്ക് ശേഷം വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തി ഇഷാൻ കിഷൻ. ഡി വൈ പാട്ടിൽ ക്രിക്കറ്റ് കപ്പിലാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഇറങ്ങിയത്. ഏകദിന ലോകകപ്പിന് ശേഷം നടന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കിടെയാണ് ക്രിക്കറ്റിൽ നിന്ന് അവധി വേണമെന്ന് കിഷൻ ബിസിസിഐയെ അറിയിച്ചത്. എന്നാൽ ഈ സമയം സഹോദരന്റെ ജൻമദിന പാർട്ടിക്കായി ദുബൈയിൽ പോയത് വലിയ വിവാദമായിരുന്നു. ഇതോടെ താരത്തിനെതിരെ ഒളിയമ്പുമായി ബിസിസിഐ രംഗത്തെത്തുകയും ചെയ്തു.

ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ദേശീയ ടീമിലേക്ക് മടങ്ങിയെത്തണമെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡും വ്യക്തമാക്കി. എന്നാൽ ഈ നിർദേശമെല്ലാം അവഗണിച്ച കിഷൻ രഞ്ജി കളിക്കാൻ തയാറായില്ല. ഇതോടെ കർശന നടപടിയുമായി ബോർഡ് മുന്നോട്ട് പോകുന്നതിനിടെയാണ് വീണ്ടും ക്രീസിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ താരത്തിന്റെ പ്രകടനം മോശമായിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിംഗിനിറങ്ങിയ കിഷൻ 12 പന്തിൽ 19 റൺസെടുത്ത് പുറത്തായി. മത്സരത്തിൽ 89 റൺസിന് കിഷന്റെ ടീം പരാജയപ്പെടുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത റൂട്ട് മൊബൈൽസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തപ്പോൾ റിസർവ് ബാങ്ക് 16.3 ഓവറിൽ 103 റൺസിന് ഓൾ ഔട്ടായി. ബോർഡിനെ നിരന്തരം അവഗണിച്ച ഇഷാൻ കിഷനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കോ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കോ സെലക്ടർമാർ പരിഗണിച്ചില്ല.പരിക്കില്ലാതിരുന്നിട്ടും രഞ്ജിയിലേക്ക് മടങ്ങിയെത്താത്ത ശ്രേയസ് അയ്യരുടെ നടപടിയും ക്രിക്കറ്റ് ബോർഡിനെ ചൊടിപ്പിച്ചിരുന്നു. ഇതോടെ വരുന്ന ആഭ്യന്തര മത്സരത്തിൽ കിഷനൊപ്പം ശ്രേയസും കളിച്ചേക്കും.

Similar Posts