'ഷൂസ് ചോദിച്ചു, സഹീർ ഖാൻ തന്നു, അങ്ങനെ ഇന്ത്യക്കായി അരങ്ങേറി': ഓർത്ത് ഇഷാന്ത് ശർമ്മ
|നാട്ടിലും പുറത്തുമായി സഹീർ ഖാനും ഇഷാന്ത് ശർമ്മയും ചേർന്ന് ഒത്തിരി മത്സരങ്ങളിൽ ഇന്ത്യയെ വിജയിപ്പിച്ചിട്ടുണ്ട്
മുംബൈ: ഒരുകാലത്ത് എല്ലാഫോർമാറ്റിലും ഇന്ത്യയുടെ വിശ്വസ്ത ബൗളറായിരുന്നു ഇഷാന്ത് ശർമ്മ. ഉയരക്കൂടുതൽ താരത്തിന്റെ ബൗളിങിന് നേട്ടമാകാറുമുണ്ട്. നാട്ടിലും പുറത്തുമായി സഹീർ ഖാനും ഇഷാന്ത് ശർമ്മയും ചേർന്ന് ഒത്തിരി മത്സരങ്ങളിൽ ഇന്ത്യയെ വിജയിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ സഹീർ ഖാനുമായി ബന്ധപ്പെട്ട് രസകരമായ ഓർമ പങ്കുവെച്ചിരിക്കുകയാണ് ഇഷാന്ത് ശർമ്മ.
തന്റെ അരങ്ങേറ്റ മത്സരത്തിൽ സഹീർ ഖാൻ കടം തന്ന ഷൂസ് ഉപയോഗിച്ചാണ് കളിച്ചതെന്ന് പറയുകയാണ് ശർമ്മ. 2007ലാണ് സംഭവം. അയർലാൻഡിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ശർമ്മ ഇന്ത്യക്കായി അരങ്ങേറിയിരുന്നത്. ത്രിരാഷ്ട്ര പരമ്പരയായിരുന്നു അയർലാൻഡിൽ അരങ്ങേറിയിരുന്നത്. എന്നാൽ അയർലാൻഡിലേക്കുള്ള യാത്രാമധ്യേ താരത്തിന്റെ ബാഗ് നഷ്ടമായി. ഇതോടെയാണ് ഷൂസ് കടം വാങ്ങാൻ നിർബന്ധിതനായത്.
ആ സംഭവം ഇഷാന്ത് ശർമ്മ പറയുന്നത് ഇങ്ങനെ: ''നാളെ അരങ്ങേറ്റ മത്സരം കളിക്കണമെന്ന് രാഹുൽ ദ്രാവിഡ് എന്നോട് പറഞ്ഞു. എന്നാൽ എനിക്ക് ഷൂസ് ഇല്ലാതെ കളിക്കാനാകുമായിരുന്നില്ല. അങ്ങനെ പരിശീലിച്ചിട്ടില്ലല്ലോ. ഞാൻ സാക്കിനോട്(സഹീർഖാൻ) ഷൂസ് ചോദിച്ചു. അദ്ദേഹം നൽകി. ഷൂസ് കാലിന് പാകമല്ലാത്തതിനാൽ തള്ളവിരലിന് വേദന അനുഭവപ്പെട്ടിരുന്നു. അതും സഹിച്ചാണ് അന്ന് പന്തെറിഞ്ഞത്''-്ഇഷാന്ത് ശര്‍മ്മ പറഞ്ഞു.
ഇന്ത്യക്കായി അരങ്ങേറുമ്പോൾ 19 വയസായിരുന്നു ഇഷാന്ത് ശർമ്മയുടെ പ്രായം. പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ഇഷാന്ത് ശർമ്മ ഇന്ത്യക്കായി ഇറങ്ങിയത്. ആ മത്സരത്തിൽ വിക്കറ്റില്ലാതെയായിരുന്നു താരത്തിന്റെ മടക്കം. 38 റൺസ് വഴങ്ങിയിരുന്നു. അതേസമയം നിലവിൽ ഇഷാന്ത് ശർമ്മ ഇന്ത്യയുടെ പദ്ധതികളിൽ ഇല്ല. ഫോമിന് പുറത്തായ താരത്തിന്റെ മടങ്ങിവരവ് ഇനി പ്രയാസമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ പ്രതീക്ഷിക്കാമെങ്കിലും ഏകദിന-ടി20 മത്സരങ്ങളിൽ ഇന്ത്യക്കായി കളിക്കുക എന്നത് താരത്തെ സംബന്ധിച്ചിടത്തോളം ഇനി കഴിഞ്ഞേക്കില്ല. ഐ.പി.എൽ മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണിപ്പോള്‍ താരം.