സ്പിന്നർമാർ പണി തുടങ്ങി: വിറച്ച് തുടങ്ങി ന്യൂസിലാൻഡ്, ജയിക്കാന്‍ വേണ്ടത് 284 റണ്‍സ്
|അഞ്ചാം ദിനമായ നാളെ ന്യൂസിലാൻഡ് എത്രകണ്ട് പിടിച്ചുനിൽക്കും എന്ന് മാത്രമെ അറിയാനുള്ളൂ. അശ്വിനും അക്‌സർ പട്ടേലും രവീന്ദ്ര ജഡേജയും ഒരുങ്ങിക്കഴിഞ്ഞു. ആതിന്റെ ആദ്യ സൂചന അശ്വിൻ നൽകിക്കഴിഞ്ഞു.
51ന് അഞ്ച് എന്ന നിലയിൽ തകർന്ന ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തിയപ്പോൾ ന്യൂസിലാൻഡിന് മുന്നിൽ വെച്ച വിജയലക്ഷ്യം 284. രണ്ടാം ഇന്നിങ്‌സിൽ ഏഴിന് 234 എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങിൽ ന്യൂസിലാൻഡിന്റെ ഒരു വിക്കറ്റ് നഷ്ടമായി. നാല് റൺസാണ് അവരുടെ അക്കൗണ്ടിലുള്ളത്. രവിചന്ദ്ര അശ്വിനാണ് വിക്കറ്റ്.
ശ്രേയസ് അയ്യർ, വൃദ്ധിമാൻ സാഹ, അക്‌സർ പട്ടേൽ എന്നിവരോടാണ് ഇന്ത്യ കടപ്പെടേണ്ടിയിരിക്കുന്നത്. അയ്യർ 65 റൺസ് നേടി പുറത്തായപ്പോൾ വൃദ്ധിമാന്‍ സാഹയേയും(61) അക്‌സർ പട്ടേലിനെയും(28) വീഴ്ത്താൻ ന്യൂസിലാൻഡ് ബൗളർമാർക്കായില്ല. രണ്ടാം ഇന്നിങ്‌സിൽ ബാറ്റെടുത്ത ഇന്ത്യക്ക് ഞെട്ടാനെ നേരമുണ്ടായിരുന്നുള്ളൂ. ആദ്യ വിക്കറ്റ് വീണത് ടീം സ്‌കോർ രണ്ടിൽ നിൽക്കെ. പിന്നെ തുടരെ വിക്കറ്റുകൾ. നായകൻ അജിങ്ക്യ രഹാനെയുടെയും(4) പുജാരയുടെയും(22) കഷ്ടകാലം ഇനിയും അവസാനിച്ചിട്ടില്ല.
ഒടുവിൽ ഇന്ത്യ കൂപ്പുകുത്തിയത് 5ന് 51 എന്ന നിലയിൽ. അവിടുന്നങ്ങോട്ടാണ് ഇന്ത്യയുടെ കളി തുടങ്ങുന്നത്. ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി വീരൻ അയ്യർ ആദ്യം കൂട്ടുപിടിച്ചത് രവിചന്ദ്ര അശ്വിനെ. അശ്വിൻ 32 റൺസെടുത്തു. നിർണായകമായ കൂട്ടുകെട്ടായിരുന്നു അത്. അശ്വിൻ വീണതിന് പിന്നാലെ എത്തിയ സാഹയുമൊത്ത് അയ്യരുടെ അടുത്ത കൂട്ടുകെട്ട്. ഇതോടെ കളി ഇന്ത്യയുടെ കയ്യിലായി. ഒടുവിൽ അയ്യരെ സൗത്തി മടക്കി. പിന്നാലെ സാഹ, അക്‌സറിനെ കൂട്ടുപിടിച്ച് ഇന്ത്യയെ മികച്ചൊരു നിലയിലെത്തിച്ചു. ഇരുവരെയും പുറത്താക്കാൻ ന്യൂസിലാൻഡിനായതുമില്ല.
അഞ്ചാം ദിനമായ നാളെ ന്യൂസിലാൻഡ് എത്രകണ്ട് പിടിച്ചുനിൽക്കും എന്ന് മാത്രമെ അറിയാനുള്ളൂ. അശ്വിനും അക്‌സർ പട്ടേലും രവീന്ദ്ര ജഡേജയും ഒരുങ്ങിക്കഴിഞ്ഞു. ആതിന്റെ ആദ്യ സൂചന അശ്വിൻ നൽകിക്കഴിഞ്ഞു. നാലാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 33 പന്തുകള്‍ നേരിട്ട് 22 റണ്‍സെടുത്ത പൂജാരയെ കൈല്‍ ജാമിസണ്‍ ടോം ബ്ലണ്ടലിന്റെ കൈകളിലെത്തിക്കുകയായിരുന്നു.