പിരിയാത്ത കൂട്ടുകെട്ടുമായി അയ്യരും ജഡേജയും: നില മെച്ചപ്പെടുത്തി ഇന്ത്യ
|തുടക്കത്തിലെ തകർച്ചക്ക് ശേഷമാണ് ഇന്ത്യ എണീറ്റത്. 145ന് നാല് എന്ന പരുങ്ങിയ നിലയിലായിരുന്നു ഇന്ത്യ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 258 എന്ന നിലയിലാണ് ഇന്ത്യ
ന്യൂസിലാൻഡിനെതിരായ കാൺപൂർ ടെസ്റ്റിൽ നില മെച്ചപ്പെടുത്തി ഇന്ത്യ. തുടക്കത്തിലെ തകർച്ചക്ക് ശേഷമാണ് ഇന്ത്യ എണീറ്റത്. 145ന് നാല് എന്ന പരുങ്ങിയ നിലയിലായിരുന്നു ഇന്ത്യ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 258 എന്ന നിലയിലാണ് ഇന്ത്യ. 75 റൺസുമായി അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ശ്രേയസ് അയ്യരും 50 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. ഇരുവരും തമ്മിൽ 113 റൺസിന്റെ കൂട്ടുകെട്ടായി.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിനം പിച്ച്, ബാറ്റിങിനെ തുണക്കുമെന്ന വിശ്വാസത്തിലാണ് നായകൻ രഹാനെ ബാറ്റിങ് തെരഞ്ഞെടുത്തതെങ്കിലും പാളി. 21 റൺസ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് വീണു. 13 റൺസെടുത്ത മായങ്ക് അഗർവാളിനെ ജാമിയേഴ്‌സണാണ് പുറത്താക്കിയത്. എന്നാൽ ശുഭ്മാൻ ഗിൽ ആത്മവിശ്വാസത്തോടെ തന്നെ ബാറ്റേന്തി. അർദ്ധ സെഞ്ച്വറിക്ക് തൊട്ടുപിന്നാലെ ജാമിയേഴ്‌സൺ തന്നെ ഗില്ലിനെ മടക്കി. അപ്പോൾ സ്‌കോർബോർഡ് 82ന് രണ്ട് എന്ന നിലയിൽ. 93 പന്തുകളിൽ നിന്നായിരുന്നു ഗില്ലിന്റ ഇന്നിങ്‌സ്.
അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും ഗിൽ കണ്ടെത്തി. ടെസ്റ്റ് സ്‌പെഷ്യൽ ബാറ്റർമാരായ ചേതേശ്വർ പുജാരയും നായകൻ അജിങ്ക്യ രഹാനെയും അടുത്തടുത്ത് പുറത്തായതോടെ ഇന്ത്യ 145ന് നാല് എന്ന നിലയിയിൽ എത്തി. ഇതിൽ രഹാനെയെ മടക്കിയതും ജാമിയേഴ്‌സണായിരുന്നു. ഫോം കണ്ടെത്താനാവാതെ പതറുന്ന രഹാനെയ്ക്കും ഇൗ മത്സരത്തിലും തിളങ്ങാനായില്ല. 35 റൺസെ രഹാനെയ്ക്ക് നേടാനായുള്ളൂ. പുജാര 23 റൺസ് നേടി. സൗത്തിക്കാണ് പുജാരയുടെ വിക്കറ്റ്. ന്യൂസിലാൻഡ് സ്പിന്നർമാർക്ക് വിക്കറ്റൊന്നും നേടാനായില്ല.
രണ്ടാം ദിവസം മുതൽ സ്പിന്നർമാർ ടേൺ കണ്ടെത്തുമെന്നാണ് പിച്ച് റിപ്പോർട്ട്. അതിനാൽ നാളെ വേഗത്തിൽ റൺസ് ഉയർത്താനാകും ഇന്ത്യ ശ്രമിക്കുക. അരങ്ങേറ്റത്തിൽ തന്നെ ശ്രേയസ് അയ്യർ സെഞ്ച്വറി തികയ്ക്കുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നു. വിരാട് കോലി, രോഹിത് ശർമ്മ, ലോകേഷ് രാഹുൽ, ജസ്പ്രീത് ബുംറ തുടങ്ങിയ വമ്പന്മാർ ഇല്ലാതെയാണ് ന്യൂസിലാൻഡിനെ ഇന്ത്യ നേരിടുന്നത്.