'പിച്ചിൽ അൽപ്പം പുല്ലുണ്ടായാലും ഇന്ത്യ പരാതി പറയുമെന്ന് തോന്നുന്നില്ല': ജയിംസ് ആൻഡേഴ്സൺ
|പിച്ചിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് വ്യക്തമാക്കുകയാണ് ജയിംസ് ആൻഡേഴ്സൺ
ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ നിലപാട് വ്യക്തമാക്കി ഇംഗ്ലണ്ട് പേസ് ബൗളർ ജയിംസ് ആൻഡേഴ്സൺ. പിച്ചിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് വ്യക്തമാക്കുകയാണ് ജയിംസ് ആൻഡേഴ്സൺ. പേസും ബൗൺസും നിറഞ്ഞ പിച്ചുകൾ തന്നെയായിരിക്കും ഇന്ത്യക്കെതിരെയും ഒരുക്കുക എന്നാണ് ജയിംസ് ആൻഡേഴ്സൺ പറയുന്നത്. ബുധനാഴ്ചയാണ് ആദ്യ ടെസ്റ്റ്.
പിച്ചിൽ അൽപം പുല്ല് ഉണ്ടെന്ന് കരുതി ഇന്ത്യ പരാതി പറയുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഇന്ത്യയിൽ ടെസ്റ്റ് കളിച്ചാണ് ഞങ്ങളും ഒരുങ്ങുന്നത്-ആൻഡേഴ്സൺ പറഞ്ഞു. സ്വന്തം നാട്ടിലെ സാഹചര്യം ഇന്ത്യ മുതലെടുത്തിരുന്നു. അതിനാൽ ഞങ്ങളും സ്വന്തം നാടിനെ ഉപയോഗപ്പെടുത്തുമെന്ന് പറയുകയാണ് ജയിംസ് ആൻഡേഴ്സൺ. ലോകത്തെ എല്ലാ ടീമുകളും ഇത്തരത്തിൽ സ്വന്തം നാട്ടിലെ സാഹചര്യങ്ങൾ മുതലെടുക്കുന്നുണ്ടെന്നും ജയിംസ് ആൻഡേഴ്സൺ പറഞ്ഞു.
162 മത്സരങ്ങളിൽ നിന്നായി 617 വിക്കറ്റുകളുമായി കരിയറിന്റെ അവസാന ദിനങ്ങളിലാണ് ജയിംസ് ആൻഡേഴ്സൺ. അടുത്തിടെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ,1,000 വിക്കറ്റുകൾ വീഴ്ത്തിയെന്ന റെക്കോർഡും ആൻഡേഴ്സൺ സ്വന്തം പേരിലാക്കിയിരുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കാണ് ഒരുങ്ങുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ തോൽവിക്ക് ശേഷമാണ് ഇന്ത്യയൊരു പരമ്പരക്ക് തയ്യാറെടുക്കുന്നത്. അവസാനം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഇന്ത്യയിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.