നായകൻ, പരമ്പര വിജയം, മികച്ചൊരു നേട്ടത്തിനൊപ്പവും; തിരിച്ചുവരവ് ഗംഭീരമാക്കി ബുംറ
|ടി20 ക്രിക്കറ്റില്‍ 10 മെയ്ഡിന്‍ ഓവറുകളുമായി ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ ബുംറ എത്തിയിരിക്കുന്നത്
ഡബ്ലിന്‍: പതിനൊന്ന് മാസങ്ങള്‍ക്കു ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാക്കി ജസ്പ്രിത് ബുംറ. ടി20യില്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവര്‍ എറിഞ്ഞ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനാവാന്‍ ബുംറ എത്തിയെന്നതാണ് നേട്ടം. അയര്‍ലാന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഒരു മെയ്ഡന്‍ ഓവര്‍ ബുംറക്ക് എറിയാനായി.
ടി20 ക്രിക്കറ്റില്‍ 10 മെയ്ഡിന്‍ ഓവറുകളുമായി ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ ബുംറ എത്തിയിരിക്കുന്നത്. എന്നാല്‍ ബുംറക്കും ഭുവിക്കും മുന്നിലുള്ളത് മറ്റൊരു ബൗളറാണ്. ഉഗാണ്ടയുടെ സ്പിന്നര്‍ ഫ്രാങ്ക് സുബുഗയാണ്. 15 മെയ്ഡിന്‍ ഓവറുകളാണ് സുബുഗ ടി20 ക്രിക്കറ്റില്‍ എറിഞ്ഞിട്ടുള്ളത്.
ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് ബുംറ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. വിൻഡീസിനെതിരായ പരമ്പര തോറ്റതിന് പിന്നാലെ പ്രമുഖ കളിക്കാർക്കെല്ലാം വിശ്രമം അനുവദിച്ചപ്പോൾ ബുംറയുടെ കീഴിലാണ് ഇന്ത്യന്‍ ടീമിനെ അയര്‍ലാന്‍ഡിലേക്ക് പറഞ്ഞയച്ചത്.
ഇതിൽ എല്ലാവരും നോക്കിയിരുന്നത് ബുംറയുടെ പ്രകടനത്തിലേക്ക് ആയിരുന്നു. മടങ്ങിവരവിലെ ആദ്യ മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തി ബുംറ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ സന്തോഷിപ്പിച്ചു. ആ മത്സരത്തിൽ കളിയിലെ താരമായി തെരഞ്ഞെടുത്തതും ബുംറയെയായിരുന്നു. രണ്ടാം മത്സരത്തിലും ബുംറ തിളങ്ങി. നാല് ഓവറിൽ വെറും പതിനഞ്ച് റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ഒരു മെയ്ഡനും പിറന്നു. രണ്ട് വിക്കറ്റും സ്വന്തമാക്കി. നിലവിലെ ഇന്ത്യൻ ക്രിക്കറ്റിൽ സ്ഥിരത പുലർത്തുന്ന താരങ്ങളിലൊരാളാണ് ബുംറ.
അതേസമയം നായകനെന്ന നിലയിൽ അയർലാൻഡിനെതിരായ പരമ്പര സ്വന്തമാക്കിയതോടെ ടീം ഇന്ത്യയിൽ പേസർ ജസ്പ്രീത് ബുംറക്ക് പുതിയ പദവി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏഷ്യാകപ്പിലും ലോകകപ്പിലും ഇന്ത്യൻ ടീമിന്റെ ഉപനായക പദവിയാണ് ബുംറക്ക് ലഭിക്കുക. രണ്ട് ടൂർണമെന്റുകൾക്കുമുള്ള ടീം പ്രഖ്യാപനം ഉടനെയുണ്ടാകും. സെലക്ഷൻ കമ്മിറ്റി തലവൻ അജിത് അഗാർക്കറിന്റെ കീഴിൽ കൂടിയാലോചനകൾ പുരോഗമിക്കുകയാണ്.