ബുംറ വരുന്നു, ഇനി ടീം ഇന്ത്യ മാറും, ആശങ്ക എതിർ ടീമുകൾക്ക്
|ബുംറ കൂടി ടീമിലെത്തിയാൽ അത് ഇന്ത്യയുടെ ലോകകപ്പ് കിരീടസാധ്യതകൾക്ക് ഊർജ്ജം പകരും
മുംബൈ: പരിക്കേറ്റ് കഴിഞ്ഞ കുറേ കാലങ്ങളായി ടീമിന് പുറത്തിരിക്കുന്ന ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരുന്നു. പ്രതീക്ഷച്ചതിലും വേഗത്തിലാണ് ബുംറയുടെ മടങ്ങിവരവ്. ബുംറ പരിശീലനം ആരംഭിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ക്രിക്കറ്റ് പ്രേമികള്‍ ആവേശപൂര്‍വമാണ് ചിത്രങ്ങള്‍ പങ്കുവെക്കുന്നത്.
ബുംറ വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി 2022-ലാണ് ബുംറ അവസാനമായി കളിച്ചത്. അതിനുശേഷം പുറംവേദനയെത്തുടര്‍ന്ന് താരം ടീമില്‍നിന്ന് പുറത്തായി. അയര്‍ലന്‍ഡിനെതിരായ പരമ്പരയിലൂടെ ബുംറ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയേക്കും. പിന്നാലെ ഏഷ്യാ കപ്പിനും ബുംറ ഇന്ത്യയോടൊപ്പമുണ്ടാകും.
ഓഗസ്റ്റ് 31 മുതൽ സെപ്തംബർ 17 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. അയർലൻഡിനെതിരെ മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ബുംറയുടെ കായികക്ഷമതാ പരീക്ഷയായാണ് ഈ പരമ്പരയെ ഇന്ത്യൻ ടീം സെലക്ടർമാർ കാണുന്നത്. ബുംറ കൂടി ടീമിലെത്തിയാല്‍ അത് ഇന്ത്യയുടെ ലോകകപ്പ് കിരീടസാധ്യതകള്‍ക്ക് ഊര്‍ജ്ജം പകരും. പക്ഷേ ഫോം വീണ്ടെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ബുംറയ്ക്കുണ്ട്. കഴിഞ്ഞവര്‍ഷം പരിക്കില്‍നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്തിയെങ്കിലും താരം വീണ്ടും പരിക്കിന്റെ പിടിയിലാകുകയായിരുന്നു.
ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ് ശ്രീലങ്ക. ഫൈനലിൽ പാക്കിസ്ഥാനെ തകർത്താണ് ലങ്ക ചാമ്പ്യന്മാരായത്. സൂപ്പർ ഫോറില്‍ നിർണായകമായ രണ്ട് മത്സരങ്ങൾ തോറ്റ ഇന്ത്യയ്ക്ക് ഫൈനലിലെത്താനായില്ല. കഴിഞ്ഞ എഡിഷനിൽ നിന്ന് വ്യത്യസ്തമായി, 2023 ലെ ഏഷ്യാ കപ്പ് ഏകദിന ഫോർമാറ്റിലാണ് നടക്കുക. ഏഴ് തവണ ഏഷ്യ കപ്പ് ജേതാവായ ഇന്ത്യ ഈ വർഷം ട്രോഫി തിരിച്ചുപിടിക്കാന്‍ തന്നെയാണ് വരുന്നത്.