Cricket
ഗുഡ്‌ബൈ ജുലൻ...; ലോർഡ്‌സിൽ ഇതിഹാസത്തിന്റെ പടിയിറക്കം
Cricket

'ഗുഡ്‌ബൈ ജുലൻ'...; ലോർഡ്‌സിൽ ഇതിഹാസത്തിന്റെ പടിയിറക്കം

Web Desk
|
24 Sep 2022 4:33 PM GMT

വനിതാ ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമെന്ന നേട്ടവുമായാണ് ജുലൻ കരിയർ അവസാനിപ്പിക്കുന്നത്

ലണ്ടൻ: വനിതാ ക്രിക്കറ്റ് ഇതിഹാസം ജുലൻ ഗോസ്വാമി വിരമിച്ചു. വനിതാ ഏകദിന ക്രിക്കറ്റിൽ കൂടുതൽ പന്തെറിഞ്ഞ താരം(9945), ഏകദിനത്തിൽ കൂടുതൽ വിക്കറ്റെടുത്ത വനിത (253), എണ്ണി എണ്ണി പറയാൻ നേട്ടങ്ങൾ ഒത്തിരിയുണ്ട് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിക്ക്. ക്രിക്കറ്റിൽ ഒരു വിടവാങ്ങൽ മത്സരം കിട്ടുക അത്ര എളുപ്പമല്ല. ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരി ക്രിക്കറ്റിന്റെ മെക്കയിൽ വിരമിക്കുകയാണ്

വനിതാ ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമെന്ന നേട്ടവുമായാണ് ജുലൻ കരിയർ അവസാനിപ്പിക്കുന്നത്. ഒരു ലോകകപ്പ് നേട്ടം ഇല്ലാത്തത് തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണെന്നാണ് ജുലൻ ഗോസ്വാമി ഒരിക്കൽ പറഞ്ഞത്. ബംഗാളിലെ ചക്ദ സ്വദേശിയായ ജുലൻ 2002 ജനുവരിയിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിലൂടെയാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. ഇന്ത്യൻ ജഴ്‌സിയിൽ ജുലന്റെ 204ാം ഏകദിന മത്സരമാണ് ഇന്നത്തേത്. 68 ട്വന്റി20 മത്സരങ്ങളിലും 12 ടെസ്റ്റുകളിലും കളിച്ചു.

23 വർഷത്തിനുശേഷമാണ് ഇംഗ്ലണ്ടിൽ ഇന്ത്യ പരമ്പര നേടുന്നത്. അവസാന മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനായാൽ ഇന്ത്യൻ ക്രിക്കറ്റിനും ജുലാനും അത് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി മാറും. ബൗളിങ്ങിലെ അതിവേഗതയും കൃത്യതയുംകൊണ്ട് ജൂലാൻ ക്രിക്കറ്റിൽ ആധിപത്യം നേടി. അഞ്ച് ലോകകപ്പുകളാണ് ഇന്ത്യക്കുവേണ്ടി അവർ കളിച്ചത്. എന്നാൽ രണ്ട് ഫൈനൽ കളിച്ചിട്ടും ഒരു ലോകകപ്പ് പോലും ഇന്ത്യയ്ക്ക് നേടാനായില്ലായെന്നത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെയും ജൂലാനെയും സംബന്ധിച്ച് നിരാശ തന്നെയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഏറ്റവും മികച്ച വനിതാതാരം. 2016-ൽ ഏകദിന ബൗളിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. 2018-ൽ ഏകദിനത്തിൽ 200 വിക്കറ്റ് വീഴ്ത്തുന്ന ആദ്യതാരമായി. 25 ഏകദിനങ്ങളിൽ ജൂലാൻ ഇന്ത്യൻ ക്യാപ്റ്റനായിരുന്നു. ഇങ്ങനെ നേട്ടങ്ങൾ ഒത്തിരിയുണ്ട് ജുലന് പറയാൻ. 39 വയസ്സാണ് അവർക്കു പ്രായം. ഏകദിനത്തിൽ 201 മത്സരങ്ങൾ ഇതിനകം കളിച്ച താരം 252 വിക്കറ്റുകൾ സ്വന്തമാക്കി. 12 ടെസ്റ്റുകളിൽനിന്ന് 44 വിക്കറ്റും 68 ട്വന്റി20യിൽനിന്ന് 56 വിക്കറ്റും താരം നേടിയിട്ടുണ്ട്.

ലോർഡ്‌സിൽനിന്ന് ജയത്തോടെയാണ് ഗോസ്വാമി മടങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ 16 റൺസ് ജയം നേടിയ ഇന്ത്യൻ സംഘം പരമ്പരയും തൂത്തുവാരി തങ്ങളുടെ ഇതിഹാസ താരത്തിന്റെ വിടവാങ്ങൽ ഗംഭീരമാക്കി.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് വനിതകൾ 43.3 ഓവറിൽ 153 റൺസിന് ഓൾഔട്ടായി. 10 ഓവറിൽ മൂന്ന് മെയ്ഡനടക്കം 30 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ജൂലാൻ അവസാന മത്സരത്തിൽ തിളങ്ങുകയും ചെയ്തു. 29 റൺസിന് നാലു വിക്കറ്റ് വീഴ്ത്തിയ രേണുക സിങ് മികച്ച പ്രകടനം പുറത്തെടുത്തു. രാജേശ്വരി ഗെയ്ക്വാദും രണ്ടു വിക്കറ്റ് വീഴ്ത്തി.

ഷാർലറ്റ് ഡീൻ (47), ക്യാപ്റ്റൻ ആമി ജോൺസ് (28), എമ്മ ലാംപ് (21) എന്നിവർക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനായത്.

നേരത്തെ ഇന്ത്യ 45.4 ഓവറിൽ 169 റൺസിന് ഓൾഔട്ടാകുകയായിരുന്നു. അർധ സെഞ്ചുറികൾ നേടിയ സ്മൃതി മന്ദാന (50), ദീപ്തി ശർമ (68), പൂജ വസ്ത്രാകർ (22) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്.

Similar Posts