Cricket
കാറ്റിൽ ട്രോഫി വീണില്ല; കൈപ്പിടിയിലൊതുക്കി വില്യംസൺ
Cricket

കാറ്റിൽ ട്രോഫി വീണില്ല; കൈപ്പിടിയിലൊതുക്കി വില്യംസൺ

Web Desk
|
16 Nov 2022 1:18 PM GMT

ഹാർദിക് പാണ്ഡ്യയും കെയിൻ വില്യംസണും ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാറ്റ് എത്തിയത്.

വെല്ലിങ്ടൺ: കാറ്റിൽ വീണുപോകുമായിരുന്ന ട്രോഫി കൈപ്പിടിയിലൊതുക്കി ന്യൂസിലാൻഡ് നായകൻ കെയിൻ വില്യംസൺ. ടി20 പരമ്പര വിജയിക്കുള്ള ട്രോഫിയുമായി ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യയും ന്യൂസിലാൻഡിന്റെ കെയിൻ വില്യംസണും ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാറ്റ് എത്തിയത്. കപ്പ് വെച്ച ബോർഡ് ഇളകി, പിന്നാലെ ട്രോഫിയും വീഴാറായി.

എന്നാൽ വീഴുന്നതിന് മുമ്പെ വില്യംസൺ കൈപ്പിടിയിലൊതുക്കുകയായിരുന്നു. 'എനിക്കാണീ ട്രോഫി' എന്ന് ചിരിച്ചുകൊണ്ടുള്ള കമന്റും വന്നു. ഹർദിക് പാണ്ഡ്യക്കും ചിരിക്കുന്നുണ്ടായിരുന്നു. മൂന്ന് വീതം ടി20യും ഏകദിനവും അടങ്ങുന്നതാണ് പരമ്പര. ഒന്നാം ടി20 വെള്ളിയാഴ്ച വെല്ലിങ്ടണിലാണ്. മത്സരത്തില്‍ മഴ വില്ലനായേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

അതേസമയം പരമ്പരക്ക് മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ പരിശീലന സെഷന്‍ പൂര്‍ത്തിയാക്കി. സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തായിരുന്നു ഏറ്റവും ശ്രദ്ധേയം. മോശം ഫോമിലുള്ള റിഷഭിനൊപ്പം പരിശീലകന്‍ വിവിഎസ് ലക്ഷ്‌മണ്‍ ഏറെ നേരം നെറ്റ്സില്‍ ചിലവഴിച്ചു. ടി20 ലോകകപ്പില്‍ വന്‍ പരാജയമായിരുന്നു പന്ത്. ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാന്‍ പന്തിനായിരുന്നില്ല.

ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഇന്ത്യന്‍ ടീം മൂന്ന് മണിക്കൂറോളമാണ് പരിശീലനം നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ബിസിസിഐ മൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ അസാന്നിധ്യത്തില്‍ ദേശീയ ക്രിക്കറ്റ് അക്കാഡമി തലവന്‍ വി.വി.എസ് ലക്ഷ്‍മണാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്. മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം ദ്രാവിഡിനും വിശ്രമം അനുവദിക്കുകയായിരുന്നു.

Similar Posts