പാവം പാവം വില്യംസൺ: ആ ചാട്ടത്തിൽ ഏകദിന ലോകകപ്പും നഷ്ടമാകും
|ഐ.പി.എലിലെ ഉദ്ഘാടന മത്സരത്തിനിടെ താരത്തിനേറ്റ പരിക്കാണ് വിനയായത്
ക്രൈസ്റ്റ്ചർച്ച്: ഒരൊറ്റ വീഴ്ചയില്‍ ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യസണിന് ഏകദിന ലോകകപ്പും നഷ്ടമാകും.ഐ.പി.എലിലെ ഉദ്ഘാടന മത്സരത്തിനിടെ താരത്തിനേറ്റ പരിക്കാണ് വിനയായത്.
താരത്തെ കാല്‍ മുട്ടിന്റെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കി. ശസ്ത്രക്രിയയും വിശ്രമവും കഴിഞ്ഞ് കളത്തിലേക്ക് തിരിച്ചെത്താന്‍ സമയമെടുക്കും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ മുന്‍ നായകന്റെ സാന്നിധ്യം ഉറപ്പില്ലെന്നും ന്യൂസിലന്‍ഡ് ക്രിക്കറ്റ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ചെന്നൈ സൂപ്പർ കിംഗ്‌സ് ബാറ്റ് ചെയുന്നതിനിടെയാണ് വില്ല്യംസണിന് പരുക്കേറ്റത്. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന വില്ല്യംസൺ ഋതുരാജ് ഗെയ്ക്വാദിന്റെ ഒരു സിക്‌സർ തടയാൻ ശ്രമിക്കുന്നതിനിടെ താരത്തിനു പരുക്കേൽക്കുകയായിരുന്നു. സിക്‌സർ തടയാൻ വില്ല്യംസണു സാധിച്ചെങ്കിലും താരം നിലത്തുവീണു. നിലത്തുവീണയുടൻ തന്റെ വലതു കാൽമുട്ട് പൊത്തിപ്പിടിച്ച താരത്തെ താങ്ങിപ്പിടിച്ചാണ് ഗ്രൗണ്ടിൽ നിന്നു കൊണ്ടു പോയത്. തുടർന്ന് രണ്ടാം ഇന്നിംഗ്‌സിൽ വില്ല്യംസൺ ബാറ്റ് ചെയ്യാനെത്തിയില്ല. വില്ല്യംസണു പകരം സായ് സുദർശൻ ഇംപാക്ട് പ്ലെയറായി കളിച്ചു.
2019ലെ ലോകകപ്പില്‍ ടീമിനെ റണ്ണേഴ്‌സ് അപ്പാക്കുന്നതില്‍ നിര്‍ണായക സാന്നിധ്യമായി വില്ല്യംസന്‍ നിന്നിരുന്നു. വില്ല്യംസന്റെ പകരക്കാരനായി ഗുജറാത്ത് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനകയെ ടീമിലെത്തിച്ചിട്ടുണ്ട്. 50 ലക്ഷം അടിസ്ഥാന വിലക്കാണ് ലങ്കന്‍ നായകന്‍ ടീമിനൊപ്പം ചേരുന്നത്.