Cricket
ധോണിയുടെ സിക്‌സർ പറന്നത് സ്റ്റേഡിയത്തിന് പുറത്തേക്ക്; ആർ.സി.ബി വിജയകാരണമിതെന്ന് ഡി.കെ
Cricket

ധോണിയുടെ സിക്‌സർ പറന്നത് സ്റ്റേഡിയത്തിന് പുറത്തേക്ക്; ആർ.സി.ബി വിജയകാരണമിതെന്ന് ഡി.കെ

Sports Desk
|
19 May 2024 7:10 AM GMT

മഴയിൽ കുതിർന്ന ഗ്രൗണ്ടിൽ പന്തെറിയാൻ ബുദ്ധിമുട്ടായിരുന്നു. നനവ് കാരണം പന്ത് വഴുതുന്നുണ്ടായിരുന്നു. എന്നാൽ മറ്റൊരു പന്ത് വന്നതോടെ കാര്യങ്ങൾ അനുകൂലമായി

ബെംഗളൂരു: സിക്‌സർ പറത്തുന്നത് മത്സരത്തിൽ ബാറ്റിങ് ടീമിനാണ് അനുകൂലമാകുക. എന്നാൽ ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിങ്‌സ്-ബെംഗളൂരു എഫ്.സി നിർണായക പോരാട്ടത്തിൽ അത് ബൗളിങ് ടീമിനെ തുണച്ചെന്ന് വെളിപ്പെടുത്തി ദിനേശ് കാർത്തിക്. യഷ് ദയാൽ എറിഞ്ഞ അവസാന ഓവറിൽ ചെന്നൈക്ക് പ്ലേഓഫ് യോഗ്യതക്ക് വേണ്ടത് 17 റൺസായിരുന്നു. ക്രീസിൽ സൂപ്പർ താരം എം.എസ് ധോണിയും.

ലെഗ്‌സ്റ്റെമ്പിന് പുറത്തേക്കെറിഞ്ഞ ലോഫുൾട്ടോസ് ധോണി പറത്തിയത് 110 മീറ്റർ സിക്‌സ്. ദയാലിന്റെ ആദ്യ പന്ത് തന്നെ സ്റ്റേഡിയത്തിന് പുറത്ത്. ഇതോടെ അവസാന അഞ്ചുപന്തിൽ 11 റൺസ് എന്ന സാഹചര്യത്തിൽ മത്സരം സിഎസ്‌കെക്ക് അനുകൂലം. ബൗളർ വലിയ സമ്മർദ്ദത്തിലും. എന്നാൽ രണ്ടാം പന്തിൽ ധോണിയെ പുറത്താക്കി 26കാരൻ ആർ.സി.ബിയെ മത്സരത്തിലേക്ക് മടക്കികൊണ്ടുവന്നു. പിന്നീടുള്ള നാല് പന്തിൽ ജഡേജക്കും ഠാക്കൂറിനും നേടാനായത് ഒരു റൺസ് മാത്രം.

എന്നാൽ ധോണിയുടെ ആ സിക്സ് തന്നെയാണ് മത്സരം ആർ.സി.ബിക്ക് അനുകൂലമാക്കിയതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ദിനേശ് കാർത്തിക്. 110 മീറ്റർ സിക്സായിരുന്നു അത്. പന്ത് സ്റ്റേഡിയത്തിൽ വെളിയിൽ പോവുകയും ചെയ്തു. ഇതോടെ മത്സരത്തിന് മറ്റൊരു പന്ത് ഉപയോഗിക്കേണ്ടി വന്നു.

ഇതുതന്നെയാണ് വഴിത്തിരിവായത്. മഴയിൽ കുതിർന്ന ഗ്രൗണ്ടിൽ പന്തെറിയാൻ ബുദ്ധിമുട്ടായിരുന്നു. ബൗളർമാർ പന്ത് കയ്യിലൊതുക്കാൻ പാടുപ്പെട്ടു. നനവ് കാരണം പന്ത് വഴുതുന്നുണ്ടായിരുന്നു. എന്നാൽ മറ്റൊരു പന്ത് വന്നതോടെ കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമായി. ദയാലിന് പന്ത് നന്നായി പിടിക്കാൻ സാധിച്ചു. വഴുതലുണ്ടായിരുന്നില്ല. അടുത്ത പന്തിൽ ധോണി പുറത്താവുകയും ചെയ്തു. മത്സരശേഷം ഡ്രസിങ് റൂം ചർച്ചയിലാണ് താരം അഭിപ്രായ പ്രകടനം നടത്തിയത്.

Similar Posts