Cricket
കേരള ക്രിക്കറ്റ് ലീഗ്: ഏരീസ് കൊല്ലം സെയിലേഴ്‌സിന് എട്ടു വിക്കറ്റ് ജയം
Cricket

കേരള ക്രിക്കറ്റ് ലീഗ്: ഏരീസ് കൊല്ലം സെയിലേഴ്‌സിന് എട്ടു വിക്കറ്റ് ജയം

Sports Desk
|
3 Sep 2024 4:15 PM GMT

ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിലെ വിവാദ അമ്പയിറങിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് പരാതി നൽകി

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിനെതിരെ ഏരീസ് കൊല്ലം സെയിലേഴ്‌സിന് എട്ടുവിക്കറ്റ് ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 104 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഏരീസ് കൊല്ലം 16.4 ഓവറിൽ ലക്ഷ്യം മറികടന്നു. കൊല്ലത്തിന്റെ ഓപ്പണിംഗ് ബൗളർമാരായ കെ.എം. ആസിഫും എൻ.പി ബേസിലും ആദ്യ ഓവറുകളിൽ തന്നെ കാലിക്കറ്റ് മുൻനിര വിക്കറ്റുകൾ പിഴുതു. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ മികച്ച പ്രകടനമാണ് കാലിക്കറ്റിനെ 104 റൺസിലെത്തിച്ചത്.

ഗ്ലോബ്സ്റ്റാറിനു വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തിയ ഓപ്പണർ കെ.എ അരുൺ 37 പന്തിൽനിന്നും 38 റൺസ് നേടി. കൊല്ലത്തിനു വേണ്ടി നാല് ഓവറിൽ 32 റൺസ് വിട്ടുകൊടുത്ത് കെ.എം. ആസിഫ് മൂന്നു വിക്കറ്റും നാല് ഓവറിൽ 10 റൺസ് വിട്ടു നല്കി എൻ.പി ബേസിലും രണ്ട് ഓവറിൽ ഒൻപത് റൺസ് വിട്ടു നല്കി സച്ചിൻ ബേബി രണ്ടു വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിങിൽ ഏരീസ് കൊല്ലത്തിന് വേണ്ടി എൻ. അഭിഷേക് 47 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്നു. അഭിഷേകാണ് കളിയിലെതാരം.

അതേസമയം, കേരളാ ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിലെ വിവാദ അമ്പയറിങ് തീരുമാനങ്ങൾക്കെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ബി.സി.സി.ഐക്കും കേരളാ ക്രിക്കറ്റ് അസോസിയേഷനും പരാതി നൽകി. മഴയെ തുടർന്ന് വിജെഡി നിയമപ്രകാരം വിജയിയെ നിശ്ചയിച്ച മത്സരത്തിൽ ഒരു റണ്ണിനായിരുന്നു കൊച്ചിയുടെ തോൽവി. എന്നാൽ മല്‌സരത്തിലുണ്ടായ രണ്ട് പ്രധാനപ്പെട്ട അമ്പയറിംഗ് പിഴവുകൾ തങ്ങൾക്ക് തിരിച്ചടിയായെന്നാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ആരോപിക്കുന്നത്. മത്സരത്തിനിടെ ഫീൽഡിലെ അമ്പയർ നോബോൾ വിളിച്ചില്ല. മൂന്നാം അമ്പയർക്ക് നിയമപ്രകാരം തിരുത്താനുമായില്ല. നോൺ-സ്‌ട്രൈക്കർ എൻഡിലുണ്ടായ റൺ ഔട്ട് തീരുമാനവുമായി ബന്ധപ്പെട്ടും പിഴവ് സംഭവിച്ചതായി കൊച്ചി ബ്ലൂടൈഗേഴ്‌സ് ആരോപിച്ചു.

Similar Posts