രഞ്ജി ട്രോഫിയിൽ കേരളം 244 ന് പുറത്ത്; ശക്തമായ നിലയിൽ മുംബൈ
|ഏഴ് റൺസ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച മുംബൈ രണ്ടാംദിനം അവസാനിച്ചപ്പോൾ വിക്കറ്റൊന്നും നഷ്ടമാകാതെ 105 റൺസെടുത്തു.
തിരുവനന്തപുരം: മുംബൈക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് 244 റൺസിന് അവസാനിച്ചു. മുംബൈക്കായി മോഹിത് അവസ്തി ഏഴ് വിക്കറ്റ് നേടി. 65 റൺസുമായി സച്ചിൻ ബേബിയാണ് ടോപ് സ്‌കോറർ. 56 റൺസുമായി രോഹൻ എസ് കുന്നുമ്മൽ മികച്ച പിന്തുണ നൽകി. സഞ്ജു സാംസൺ 38 റൺസെടുത്ത് പുറത്തായി. ആദ്യ ഇന്നിങ്‌സിൽ മുംബൈയുടെ ഇന്നിങ്‌സ് 251 റൺസിന് അവസാനിച്ചിരുന്നു.
ഏഴ് റൺസ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച സന്ദർശകർ രണ്ടാംദിനം അവസാനിച്ചപ്പോൾ വിക്കറ്റൊന്നും നഷ്ടമാകാതെ 105 റൺസെടുത്തു. 59 റൺസുമായി ജയ് ബിസ്ത, 41 റൺസുമായി ബൂപെൻ ലാൽവാനി എന്നിവരാണ് ക്രീസിൽ. ഇതോടെ 112 റൺസായി മുംബൈയുടെ ആകെ ലീഡ്. ആദ്യ ഇന്നിങ്‌സിൽ ജയ് ബിസ്ത പൂജ്യത്തിന് പുറത്തായിരുന്നു. ആദ്യ ഇന്നിങ്‌സിൽ മുംബൈക്കെതിരെ മികച്ച പ്രകടനം നടത്തിയ കേരള ബൗളർമാർക്ക് രണ്ടാം ഇന്നിങ്‌സിൽ ഇത് തുടരാനായില്ല.
തുമ്പ സെന്റ് സേവ്യേർസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ആദ്യ ഇന്നിങ്‌സിൽ കേരളത്തിന്റെ തുടക്കം മികച്ചതായിരുന്നു. ഓപ്പണർമാരായ രോഹനും കൃഷ്ണ പ്രസാദും സ്‌കോറുയർത്തി. എന്നാൽ കൃഷ്ണ പ്രസാദിന് പകരമെത്തിയ രോഹൻ പ്രേം പൂജ്യത്തിന് പുറത്തായത് തിരിച്ചടിയായി. നാലാം വിക്കറ്റിൽ സച്ചിൻ ബേബിയും സഞ്ജു സാസണും മികച്ച സ്‌കോറിലേക്ക് ഉയർത്തുമ്പോൾ ഷംസ് മുലാനി സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്തി തിരിച്ചടി നൽകി. തുടർന്ന് ഇറങ്ങിയ വിഷ്ണു വിനോദിനും ശ്രേയസ് ഗോപാലിനും നിലയുറപ്പിക്കാനായില്ല. ഇതോടെ മുംബൈക്കെതിരെ ലീഡ് നേടാനുള്ള സുവർണാവസരം കേരളത്തിന് നഷ്ടമായി.