'ജന്മദിനത്തിൽ പോലും കളിപ്പിച്ചില്ല': ഗെയിൽ ഐ.പി.എല്‍ വിടാനുള്ള കാരണം വ്യക്തമാക്കി പീറ്റേഴ്‌സൺ
|ക്രിസ് ഗെയ്‌ലിനെ പോലൊരു സൂപ്പര്‍ താരത്തെ അദ്ദേഹം അര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യാന്‍ പഞ്ചാബ് കിങ്‌സ് ടീമിന് കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് ഗെയ്ല്‍ ഐപിഎല്‍ വിട്ടതെന്നുമാണ് പീറ്റേഴ്സണ്‍ പറയുന്നത്
വെസ്റ്റ്ഇൻഡീസിന്റെ സൂപ്പർതാരം ക്രിസ് ഗെയിൽ ഐ.പി.എൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയതിൽ ടീമായ പഞ്ചാബ് കിങ്‌സിനെ കുറ്റപ്പെടുത്തി മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ.
ക്രിസ് ഗെയ്‌ലിനെ പോലൊരു സൂപ്പര്‍ താരത്തെ അദ്ദേഹം അര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യാന്‍ പഞ്ചാബ് കിങ്‌സ് ടീമിന് കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് ഗെയ്ല്‍ ഐ.പി.എല്‍ വിട്ടതെന്നുമാണ് പീറ്റേഴ്സണ്‍ പറയുന്നത്. ജന്മദിനത്തിന്റെ അന്നുപോലും ഗെയ്‌ലിനെ കളത്തിലിറക്കിയില്ലെന്നും പീറ്റേഴ്‌സണ്‍ എടുത്തുകാണിക്കുന്നു.
ഈ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് പഞ്ചാബിനായി 193 റണ്‍സാണ് ഗെയ്ല്‍ നേടിയത്. ബയോ ബബിളിലെ സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഗെയ്ല്‍ ഈ സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാനില്ലെന്ന് അറിയിച്ചിരുന്നത്. വരാനിരിക്കുന്ന ടി20 ലോകകപ്പിനു മുന്‍പ് മാനസികമായി ഒരു തയ്യാറെടുപ്പ് ആവശ്യമായതിനാലാണ് ഐപിഎല്ലില്‍ നിന്ന് മടങ്ങുന്നതെന്നു ഗെയ്ല്‍ അറിയിച്ചിരുന്നു.
അതേസമയം 42കാരനായ ഗെയ്ല്‍ രണ്ടാം പാദത്തില്‍ രണ്ട് മത്സരങ്ങളാണ് കളിച്ചത്. എന്നാല്‍, 15 റണ്‍സ് മാത്രമേ അദ്ദേഹത്തിന് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ (സിപിഎല്‍) ബബിളില്‍ നിന്ന് നേരിട്ടാണ് ഗെയ്ല്‍ ഐപിഎല്ലിലേക്ക് എത്തിയത്. ഇതിനിടയില്‍ താരം ഇടവേള കണ്ടെത്തിയിരുന്നില്ല. യുഎഈയില്‍ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ പഞ്ചാബിനായി രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കുട്ടി ക്രിക്കറ്റിലെ ഇതിഹാസം ക്രീസിലെത്തിയത്. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഉണര്‍വ് കണ്ടെത്തുകയാണ് പിന്മാറ്റത്തിലൂടെ താരത്തിന്റെ ലക്ഷ്യം.