'ഇന്ത്യ സെമി കടക്കില്ല'; ടി 20 ലോകകപ്പ് ഫൈനൽ പ്രവചിച്ച് പീറ്റേഴ്‌സൺ
|''സെമിയില്‍ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തും.. പക്ഷേ കോഹ്ലി അന്ന് കളിക്കാതിരിക്കണം''
ടി20 ലോകകപ്പ് സെമി ഫൈനൽ പോരാട്ടങ്ങൾ ഇന്നാരംഭിക്കുകയാണ്. ആദ്യ മത്സരത്തിൽ പാകിസ്താൻ ന്യൂസിലന്‍റിനെ നേരിടുമ്പോൾ രണ്ടാം സെമിയിൽ നാളെ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. സെമി പോരാട്ടങ്ങൾക്ക് മുമ്പ് നിരവധി ക്രിക്കറ്റ് ഇതിഹാസങ്ങൾ ഫൈനലിസ്റ്റുകളേയും വിജയികളെയുമൊക്കെ കുറിച്ച പ്രവചനങ്ങളുമായി രംഗത്തുണ്ട്. ഇപ്പോഴിതാ മുൻ ഇംഗ്ലണ്ട് ബാറ്റർ കെവിൻ പീറ്റേഴ്‌സൺ ലോകകപ്പ് ഫൈനലിസ്റ്റുകൾ ആരാകുമെന്ന പ്രവചനവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യ ഫൈനലിൽ എത്തില്ലെന്നാണ് പീറ്റേഴ്‌സന്‍റെ പ്രവചനം.
''ക്രിക്കറ്റ് ലോകം ആഗ്രഹിക്കുന്നത് ഇന്ത്യ പാക് ഫൈനലിനായിരിക്കാം.. എന്നാൽ ഫൈനലിൽ ഇംഗ്ലണ്ടും പാകിസ്താനും ഏറ്റുമുട്ടാനാണ് സാധ്യത. സെമിയില്‍ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തും. പക്ഷേ കോഹ്ലി അന്ന് കളിക്കാതിരിക്കണം എന്നാണ് എന്റെ ആഗ്രഹം''- പീറ്റേഴ്‌സൺ പറഞ്ഞു.
നാളെ അഡ്‍ലൈഡിലാണ് ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം. മഴ കളിയെടുക്കുമോ എന്ന ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ആസ്ത്രേലിയന്‍ കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. മത്സരദിവസം മഴ പെയ്യാന്‍ 30 ശതമാനം സാധ്യതയുണ്ടെങ്കിലും കളിയെ ബാധിക്കില്ല. രാവിലെയായിരിക്കും മഴ പെയ്യുക. പ്രാദേശിക സമയം വൈകിട്ട് 6.30ന്(ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30)ആണ് മത്സരം തുടങ്ങുക എന്നതിനാല്‍ രാവിലെ മഴ പെയ്താലും മത്സരത്തെ ബാധിക്കില്ല. മഴ മൂലം മത്സരം നടത്താനാവാത്ത സാഹചര്യമുണ്ടായാല്‍ റിസര്‍വ് ദിനമായ വെള്ളിയാഴ്ച മത്സരം നടത്തും..