Cricket
പൊള്ളാർഡ് കളി മതിയാക്കി: മുംബൈക്കായി ഇനി പരിശീലക വേഷത്തിൽ
Cricket

പൊള്ളാർഡ് കളി മതിയാക്കി: മുംബൈക്കായി ഇനി പരിശീലക വേഷത്തിൽ

Web Desk
|
15 Nov 2022 9:11 AM GMT

ഐപിഎല്‍ പതിനാറാം സീസണായുള്ള മിനി താരലേലത്തിന് മുമ്പ് പൊള്ളാര്‍ഡിനെ മുംബൈ നിലനിര്‍ത്തിയേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

മുംബൈ: മുംബൈ ഇന്ത്യൻസിന്റെ വിൻഡീസ് താരം കീറോൺ പൊള്ളാർഡ് ഐപിഎലിൽ നിന്ന് വിരമിച്ചു. 12 വർഷത്തെ ഐ.പി.എൽ കരിയറിനാണ് ഇതോടെ തിരശീല ആയിരിക്കുന്നത്. ഐപിഎല്‍ പതിനാറാം സീസണായുള്ള മിനി താരലേലത്തിന് മുമ്പ് പൊള്ളാര്‍ഡിനെ മുംബൈ നിലനിര്‍ത്തിയേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം. അതേസമയം താരത്തെ ബാറ്റിങ് പരിശീലകനായി മുംബൈ നിയമിച്ചു.

മുംബൈ ഇന്ത്യന്‍സിന് തലമുറമാറ്റം വേണമെന്ന കാര്യം അംഗീകരിക്കുന്നുവെന്നും മുംബൈ കുപ്പായത്തില്‍ കളിക്കാനായില്ലെങ്കില്‍ അവര്‍ക്കെതിരെ ഒരിക്കലും കളിക്കാന്‍ തനിക്ക് കഴിയില്ല എന്നതിനാലാണ് ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നതെന്നും പൊള്ളാര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. മുംബൈ ഇന്ത്യൻസിനായി ഐപിഎൽ കളിച്ചിട്ടുള്ള താരങ്ങളിൽ ശ്രദ്ധേമായിരുന്നു പൊള്ളാർഡ്.

35കാരനായ താരം 2010 മുതൽ മുംബൈ ഇന്ത്യൻസിൻ്റെ ഭാഗമാണ്. സമ്മർദ ഘട്ടത്തിൽ പലപ്പോഴും പൊള്ളാർഡ് ടീമിന്റെ രക്ഷകനായിട്ടുണ്ട്. രണ്ട് ഫൈനലുകളിൽ ചെന്നൈക്ക് കിരീടം നിഷേധിച്ചത് പൊള്ളാർഡിൻ്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. തകര്‍ന്ന ഘട്ടത്തില്‍ ടീമിനെ കരകയറ്റിയ ഒട്ടേറെ മത്സരങ്ങള്‍ പൊള്ളാര്‍ഡിന് അവകാശപ്പെടാം. ഫീൽഡിലും പൊള്ളാർഡ് തകർപ്പൻ പ്രകടനങ്ങൾ നടത്തി.

എന്നാൽ, കഴിഞ്ഞ രണ്ട് സീസണുകളായി പൊള്ളാർഡിൻ്റെ പ്രകടനങ്ങൾ അത്ര മികച്ചതായിരുന്നില്ല. കഴിഞ്ഞ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പൊള്ളാര്‍ഡിന് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈ കുപ്പായത്തില്‍ തിളങ്ങാനായിരുന്നില്ല. 2009ലെ ചാമ്പ്യന്‍സ് ലീഗ് ടി20യിലെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ 2010ലാണ് പൊള്ളാര്‍ഡ് ഐപിഎല്ലിന്‍റെ ഭാഗമാകുന്നത്. നാലു ടീമുകള്‍ പൊള്ളാര്‍ഡിനായി ശക്തമായി മത്സരരംഗത്തുവന്നതോടെ ടൈ ബ്രേക്കറിലൂടെയാണ് പൊള്ളാര്‍ഡിനെ മുംബൈ ലേലത്തില്‍ പിടിച്ചത്. പിന്നീട് ഒരിക്കലും മുബൈക്കല്ലാതെ മറ്റൊരു ടീമിനായും പൊള്ളാര്‍ഡ് കളിച്ചിട്ടില്ല.

Related Tags :
Similar Posts