'എനിക്കല്ല പുരസ്‌കാരം നൽകേണ്ടിയിരുന്നത് സൂര്യകുമാറിന്'; തുറന്നുപറഞ്ഞ് ലോകേഷ് രാഹുൽ
|രാഹുലിനെയായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുത്തിരുന്നത്. തനിക്ക് പുരസ്‌കാരം ലഭിച്ചപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയെന്നും രാഹുൽ
ഇൻഡോർ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിലെ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം സൂര്യകുമാർ യാദവിനായിരുന്നു അനുയോജ്യമെന്ന് ലോകേഷ് രാഹുൽ. രാഹുലിനെയായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുത്തിരുന്നത്. തനിക്ക് പുരസ്‌കാരം ലഭിച്ചപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയെന്നും രാഹുൽ പറഞ്ഞു.
'മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം എനിക്കാണ് ലഭിക്കുന്നതെന്നറിഞ്ഞ ഞാന്‍, ശരിക്കും ആശ്ചര്യപ്പെട്ടുപ്പോയി. സൂര്യക്കായിരുന്നു (സൂര്യകുമാര്‍ യാദവ്) അത് ലഭിക്കേണ്ടിയിരുന്നത്. അവനാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. മധ്യനിരയില്‍ ബാറ്റ് ചെയ്ത അനുഭവമുള്ളതിനാല്‍ അത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം- രാഹുല്‍ പറഞ്ഞു.
ഏറെ നാളുകള്‍ക്ക് ശേഷം കെ.എല്‍. രാഹുല്‍ ടി-20യില്‍ തകര്‍ത്ത് കളിച്ച മത്സരമായിരുന്നു ഇത്. 28 പന്തില്‍ നിന്നും 57 റണ്‍സുമായാണ് താരം പുറത്തായത്. അതേസമയം സൂര്യകുമാര്‍ യാദവ് 22 പന്തിൽ 5 ബൗണ്ടറികളുടേയും അത്ര തന്നെ സിക്സറുകളുടേയും സഹായത്തോടെ 61 റൺസാണ് അടിച്ചു കൂട്ടിയത്.തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു സ്വപ്ന ഫോമിൽ കളിക്കുന്ന ഈ സൂപ്പർ താരം.
കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് ഇന്ത്യൻ സൂപ്പർ താരം സൂര്യകുമാർ യാദവ് കടന്നു പോകുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യിലും അർധ സെഞ്ചുറി നേടിയതോടെ ഇന്ത്യക്കായി കളിച്ച അവസാന 3 കളികളിലും അർധ സെഞ്ചുറി നേടുന്ന താരമായി സൂര്യ മാറി.
ഗുവാഹത്തി ടി20യിലെ കിടിലൻ ഇന്നിംഗ്സ് ലോക റെക്കോർഡ് ഉൾപ്പെടെയുള്ള ചില നേട്ടങ്ങളിലേക്ക് താരത്തെയെത്തിച്ചു. 2021 മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ കളിച്ചു കൊണ്ട് അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിച്ച സൂര്യകുമാർ യാദവ് ഇന്നലെ തന്റെ മുപ്പത്തിമൂന്നാം അന്താരാഷ്ട്ര ടി20യിൽ 1000 റൺസെന്ന നാഴികക്കല്ല് പിന്നിട്ടു. അന്താരാഷ്ട്ര ടി20യിൽ നേരിട്ട 573 മത്തെ പന്തിലായിരുന്നു സൂര്യകുമാർ യാദവ് ആയിരം റൺസ് സ്കോർ ചെയ്തത്. ഇതോടെ ഏറ്റവും കുറഞ്ഞ പന്തുകളിൽ 1000 അന്താരാഷ്ട്ര ടി20 റൺസ് തികയ്ക്കുന്ന താരമെന്ന ലോക റെക്കോർഡും സ്കൈക്ക് സ്വന്തമായി.