'കോലിയുടെ ആ തീരുമാനം ശരി'; പിന്തുണയുമായി ഡെയ്ൽ സ്റ്റെയിനും പാർത്ഥിവ് പട്ടേലും
|ഈ സീസണോടെ കോഹ്ലി ബാംഗ്ലൂരിന്‍റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുകയാണ്
ക്യാപ്റ്റൻ സ്ഥാനമൊഴിയുന്നതോടെ കോഹ്ലിക്ക് ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദീകരിക്കാനാവും: ഡെയ്ല്‍ സ്റ്റെയിന്‍
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‍റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നതോടെ വിരാട് കോഹ്ലിക്ക് ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നും അത് അദ്ദേഹത്തിന് ഗുണം ചെയ്യുമെന്നും ബാംഗ്ലൂര്‍ മുന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. കഴിഞ്ഞയാഴ്ചയാണ് ഈ സീസണോടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‍റെ നായകസ്ഥാനമൊഴിയുകയാണെന്ന് വിരാട് കോഹ്ലി പ്രഖ്യാപിച്ചത്. വരാനിരിക്കുന്ന ടി-20 ലോകകപ്പോടെ ഇന്ത്യന്‍ ടി-20 ടീമിന്‍റെ നായകസ്ഥാനമൊഴിയുമെന്നും വിരാട് കോഹ്ലി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
'മൈതാനങ്ങളില്‍ വിരാട് കോഹ്ലി എപ്പോഴും നിറ സാന്നിധ്യമാണ്. മൈതാനത്ത് എല്ലായിടത്തും നിങ്ങള്‍ക്ക് അദ്ദേഹത്തെ കാണാം. ക്യാപ്റ്റന്‍ സ്ഥാനം അദ്ദേഹത്തിന് വലിയൊരു ഉത്തരവാദിത്തമാണ് എന്ന് തോന്നുന്നു. നിരന്തരമായ മീറ്റുങ്ങുകള്‍ക്കിടയിലെ തിരക്ക് പിടിച്ച ജീവിതമാണ് അദ്ദേഹത്തിന്‍റേത്. അത് കൊണ്ടൊക്കെയാവാം അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നത്. ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നത് അദ്ദേഹത്തിന് കുറച്ച് കൂടി ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉപകരിക്കും' ഡെയ്ല്‍ സ്റ്റെയിന്‍ പറഞ്ഞു.
വര്‍ഷങ്ങളായി ബാംഗ്ലൂരിന് വേണ്ടി കളിക്കുന്ന കോഹ്ലിക്ക് ടീമുമായി വൈകാരികമായ ബന്ധമാണുള്ളത് എന്ന് ബാംഗ്ലൂര്‍ മുന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു. 2008 മുതല്‍ ബാംഗ്ലൂരില്‍ തുടരുന്ന കോഹ്ലിയില്‍ ടീം അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം വലുതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.