ഗ്രൗണ്ടിലെ സൂപ്പര്മാന്... പറക്കും ക്യാച്ചുമായി കൃഷ്ണപ്രസാദ്; വീഡിയോ കാണാം
|അക്ഷരാര്‍ഥത്തില്‍ ഫീല്‍ഡിലെ സൂപ്പര്‍മാനായി മാറിയ കൃഷ്ണപ്രസാദിന്റെ അസാധ്യമെന്ന് തോന്നിയ ആംഗിളില്‍ നിന്ന് പറന്നുപിടിച്ച ക്യാച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഫീല്‍ഡിലെ തട്ടുപൊളിപ്പന്‍ ക്യാച്ചുകള്‍ക്ക് എന്നും ആരാധകരേറെയാണ് ക്രിക്കറ്റില്‍. ജോണ്ടി റോഡ്സ് മുതല്‍ മുഹമ്മദ് കൈഫ് വരെയുള്ളവര്‍ക്ക് ഇത്രയേറെ ആരാധകരെ സൃഷ്ടിച്ചതും ഫീല്‍ഡിലെ മിന്നും പ്രകടനങ്ങളാണ്. ഒരു ക്ലബ് മത്സരത്തിലെ ക്യാച്ചിലൂടെ കേരള ക്രിക്കറ്റിനെയും ഫീല്‍ഡിങ് ഭൂപടത്തില്‍ അടയാളപ്പെടുത്തിയിരിക്കുകയാണ് മാസ്റ്റേഴ്സ് ക്ലബ് താരം കൃഷ്ണപ്രസാദ്.
കേരള ക്രിക്കറ്റിന് എന്നെന്നും ഓര്‍ത്തിരിക്കാന്‍ തക്ക കിടിലന്‍ ക്യാച്ചാണ് കൃഷ്ണപ്രസാദ് ഫീല്‍ഡില്‍ സമ്മാനിച്ചത്. അക്ഷരാര്‍ഥത്തില്‍ ഫീല്‍ഡിലെ സൂപ്പര്‍മാനായി മാറിയ കൃഷ്ണപ്രസാദിന്റെ അസാധ്യമെന്ന് തോന്നിയ ആംഗിളില്‍ നിന്ന് പറന്നുപിടിച്ച ക്യാച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
കെ.സി.എ ക്ലബ് ചാമ്പ്യൻഷിപ്പ് വേദിയാണ് മനോഹര ക്യാച്ചിന് സാക്ഷിയായത്. തിരുവനന്തപുരം മാസ്റ്റേഴ്സ് ക്ലബിനായി കളിക്കുന്ന കൃഷ്ണപ്രസാദാണ് പറക്കും ക്യാച്ചിലൂടെ ഇപ്പോള്‍ താരമായിരിക്കുന്നത്. പെരിന്തൽമണ്ണ ജോളി റോവേഴ്സ് ടീമിലെ ബാറ്റ്സ്മാൻ ആനന്ദിനെ പുറത്താക്കാനാണ് കൃഷ്ണപ്രസാദ് ഫീല്‍ഡില്‍ സൂപ്പര്‍മാനായത്. ഒമ്പത് പന്തിൽ നിന്ന് 21 റൺസുമായി തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുമ്പോഴായിരുന്നു കൃഷ്ണപ്രസാദിന്റെ ക്യാച്ചിലൂടെ താരം പുറത്താകുന്നത്.
ആലപ്പുഴ എസ്.ഡി കോളജ് മൈതാനത്ത് നടന്ന മത്സരത്തിൽ ബാറ്റുകൊണ്ടും കൃഷ്ണപ്രസാദ് ഗ്രൗണ്ടില്‍ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. 59 പന്തിൽ നിന്ന് പുറത്താകാതെ 98 റൺസാണ് താരം നേടിയത്. ബാറ്റിങിലും ഫീല്‍ഡിങിലും കിടയറ്റ പ്രകടനം കാഴ്ചവെച്ച കൃഷ്ണപ്രസാദ് തന്നെയാണ് കളിയിലെ താരമായതും. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത മാസ്റ്റേഴ്സ് കൃഷ്ണപ്രസാദിന്റെ മികവില്‍ 20 ഓവറിൽ മൂന്ന് വിക്കറ്റിന് 192 റൺസ് അടിച്ചുകുട്ടി. ജോളിറോവേഴ്സിന്റെ മറുപടി 20 ഓവറിൽ എട്ടിന് 158 എന്ന നിലയിൽ അവസാനിച്ചു. മാസ്റ്റേഴ്സിനായി പി. പ്രശാന്ത് നാലോവറിൽ 22ന് മൂന്ന് വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ കെ.സി.എ പ്രസിഡന്റ്സ് കപ്പിലെ ഏറ്റവും മികച്ച റൺവേട്ടക്കാരൻ കൂടിയാണ് കൃഷ്ണപ്രസാദ്.