തീര്‍ച്ചയായും സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തും, ദീര്‍ഘകാലം തുടരും- കുമാര്‍ സംഗക്കാര
|"സഞ്ജുവുമായി ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഐപിഎൽ പൂർത്തിയായി കഴിഞ്ഞല്ലേ ഇന്ത്യൻ ടീം പ്രവേശനത്തെക്കുറിച്ച് സംസാരിക്കേണ്ടതുള്ളൂ"
ബാറ്റിങ്ങിലെ സ്ഥിരതയുടെ പേരില്‍ ഒരുപാട് പഴി കേള്‍ക്കേണ്ടിവന്ന താരമാണ് സഞ്ജു സാംസണ്. എന്നാല്‍ എല്ലാ വിമര്‍ശനങ്ങള്‍ക്കും ബാറ്റുകൊണ്ട് മറുപടി നല്കിയ താരം ഐപിഎല്‍ പതിനാലാം സീസണില്‍ മിന്നും ഫോമിലാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ താരത്തിനുള്ള സാധ്യതകളെക്കുറിച്ചും പ്രതീക്ഷളെക്കുറിച്ചും പറയുകയാണ് മുന്‍ ശ്രീലങ്കന്‍ താരവും രാജസ്ഥാന് റോയല്‍സ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റുമായ കുമാര്‍ സംഗക്കാര.
ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയില്ലെങ്കിലും മലയാളി താരം സഞ്ജു സാംസൺ അധികം താമസിയാതെ ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തുമെന്ന് സംഗക്കാര പറഞ്ഞു. ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തിയാൽ സഞ്ജു ദീർഘകാലം അവിടെ തുടരുമെന്നും സംഗക്കാര അഭിപ്രായപ്പെട്ടു.
''സഞ്ജുവുമായി ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഐപിഎൽ പൂർത്തിയായി കഴിഞ്ഞല്ലേ ഇന്ത്യൻ ടീം പ്രവേശനത്തെക്കുറിച്ച് സംസാരിക്കേണ്ടതുള്ളൂ. അതുകൊണ്ട് ഐപിഎലിനെക്കുറിച്ചു മാത്രമേ ഞങ്ങള്‍ സംസാരിക്കാറുള്ളൂ. അതും ബാറ്റിങ്ങിനെക്കുറിച്ചു മാത്രമല്ല, ക്യാപ്റ്റൻസിയും ചർച്ചാ വിഷയമാകാറുണ്ട്. വളരെ മികച്ച താരമാണ് സഞ്ജു. വളരെ നല്ലൊരു പ്രതിഭയും.'' സംഗക്കാര പറഞ്ഞു.
"തീർച്ചയായും ഇന്ത്യൻ ടീമിലേക്കു തിരികെയെത്താൻ സഞ്ജുവിന് ആഗ്രഹം കാണും. എന്തായാലും സഞ്ജു ടീമിൽ തിരിച്ചെത്തുമെന്ന് എനിക്കുറപ്പാണ്. അദ്ദേഹം ദീർഘകാലം ടീമിൽ തുടരുകയും ചെയ്യും. ഏതു സമയത്ത് ടീമിലെത്തിയാലും മികച്ച പ്രകടനം നടത്താൻ സഞ്ജുവിന് സാധിക്കും" സംഗക്കാര പറഞ്ഞു.