Cricket
അങ്ങനെയല്ല ഇങ്ങനെ; വിക്കറ്റ് കീപ്പിങിൽ സഞ്ജുവിനെ തിരുത്തി സംഗക്കാര- വീഡിയോ
Cricket

അങ്ങനെയല്ല ഇങ്ങനെ; വിക്കറ്റ് കീപ്പിങിൽ സഞ്ജുവിനെ തിരുത്തി സംഗക്കാര- വീഡിയോ

Web Desk
|
29 March 2022 12:40 PM GMT

സംഗക്കാരയാണ് ബാറ്റ് ചെയ്യുന്നത്. നന്നായി ചെയ്ത സഞ്ജുവിനെ സംഗക്കാര അഭിനന്ദിക്കുന്നതും വീഡിയോയിലുണ്ട്.

പൂനെ: രാജസ്ഥാൻ റോയൽസിന്റെ നായകനായ സഞ്ജു സാംസൺ ബാറ്റ്‌സ്മാൻ എന്ന രീതിയിലും വിക്കറ്റ് കീപ്പർ എന്ന നിലയിലും അവരുടെ സൂപ്പർ താരമാണ്. എന്നാൽ ലോകത്തെ തന്നെ എണ്ണം പറഞ്ഞ വിക്കറ്റ് കീപ്പർമാരിലൊരാളായ ശ്രീലങ്കയുടെ കുമാർ സംഗക്കാര തന്നെ ടീമിന്റെ പരീശിലകനായി വരുമ്പോൾ ആ ടീമിന്റെ കീപ്പറും സൂപ്പർ വിക്കറ്റ് കീപ്പർ ആകണമല്ലോ.

ഇപ്പോൾ സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങിന്റെ പിഴവുകൾ സംഗക്കാര തിരുത്തുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. രാജസ്ഥാൻ റോയൽസ് തന്നെയാണ് പരിശീലന വീഡിയോ പുറത്തുവിട്ടത്.

കാൽപാദങ്ങൾ അടുത്തുവെക്കണമെന്നും പൊസിഷൻ മാറ്റണമെന്നും സംഗക്കാര സഞ്ജുവിനെ തിരുത്തുന്നുണ്ട്. സംഗക്കാരയാണ് ബാറ്റ് ചെയ്യുന്നത്. നന്നായി ചെയ്ത സഞ്ജുവിനെ സംഗക്കാര അഭിനന്ദിക്കുന്നതും വീഡിയോയിലുണ്ട്.

ഐപിഎഎൽ 15-ാം സീണണിൽ ഇന്ന് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് ആദ്യ മത്സരം. കെയ്ൻ വില്യംസൺ നയിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദാണ് എതിരാളികൾ. കഴിഞ്ഞ സീസണിൽ ഏറ്റവും അവസാന സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ടീമുകളാണ് ഇവ രണ്ടും. അതുകൊണ്ട് തന്നെ മെഗാലേലത്തിന് ശേഷം വലിയ മാറ്റങ്ങളോടെയാണ് ഇരുടീമുകളും എത്തുന്നത്.

സഞ്ജുവിനൊപ്പം മലയാളി താരം ദേവ്ദത്ത് പടിക്കൽ, ഷിർമോൺ ഹെറ്റ്മെയർ, വാൻ ഡർസൺ എന്നിവർ കൂടി ചേർന്നതോടെ രാജസ്ഥാന്റെ ബാറ്റിങ് നിര ശക്തമായിട്ടുണ്ട്.

ട്രെന്റ് ബോൾട്ട്, യുസ്വേന്ദ്ര ചഹൽ, ആർ. അശ്വിൻ, പ്രസിദ്ധ് കൃഷ്ണ എന്നിവരടങ്ങിയ ബോളിങ് നിരയും ഏത് ബാറ്റ്സ്മാനെയും വിറപ്പിക്കാൻ കരുത്തുള്ളതാണ്. എന്നിരുന്നാലും ബെൻ സ്റ്റോക്സിന്റെയും ജോഫ്ര ആർച്ചറിന്റെയും അഭാവം രാജസ്ഥാന് തിരിച്ചടിയാകും.

സൺറൈസേഴ്സിന്റെ കരുത്ത് അവരുടെ ആത്മവിശ്വാസമുള്ള നായകൻ കെയിൻ വില്യംസണാണ്. രാഹുൽ ത്രിപാടി, നിക്കോളാസ് പുരാൻ, മർക്രാം എന്നിവർ അടങ്ങിയ ബാറ്റിങ് നിര സൂപ്പർ താരങ്ങളേക്കാൾ കൂടുതൽ വിശ്വസിക്കുന്നത് ടീം വർക്കിനെയാണ്.

വാഷിങ്ടൺ സുന്ദർ, മാർക്രോ ജാൻസൺ എന്നിവർ കൂടി വന്നതോടെ ബോളിങ് നിരയ്ക്ക് മൂർച്ച കൂടിയിട്ടുണ്ട്. രാത്രി 7.30 ന് പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.

Summary: Kumar Sangakkara train Sanju Samson in wicket keeping

Similar Posts