'മനോഹരം'; ബുംറയുടെ ബാറ്റിങ് വെടിക്കെട്ടിനെ വാനോളം പുകഴ്ത്തി ലാറ
|നായകനായി ഇറങ്ങിയ ആദ്യ ടെസ്റ്റിൽ തന്നെ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും കളം നിറയുകയാണ് ജസ്പ്രീത് ബുംറ
ബര്‍മിങ്ഹാം: നായകനായി ഇറങ്ങിയ ആദ്യ ടെസ്റ്റിൽ തന്നെ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും കളം നിറയുകയാണ് ജസ്പ്രീത് ബുംറ. ടെസ്റ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോര്‍ഡ് ബുംറ കഴിഞ്ഞ ദിവസം സ്വന്തം പേരിലാക്കിയിരുന്നു. ഇന്ന് മൂന്ന് വിക്കറ്റുകളുമായി ബോളിങ്ങിലും ബുംറ തന്റെ ക്ലാസ് തെളിയിച്ചു. നാല് വിക്കറ്റ് പിഴുത മുഹമ്മദ് സിറാജിന്റേയും മൂന്ന് വിക്കറ്റ് പിഴുത ബുംറയുടേയും മികവില്‍ ഇംഗ്ലണ്ടിനെ 284 റണ്‍സിനാണ് ഇന്ത്യ കൂടാരം കയറ്റിയത്.
അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ സ്റ്റുവർട്ട് ബ്രോഡാണ് ഇന്നലെ ഇന്ത്യൻ നായകന്റെ ബാറ്റിങ് ചൂടറിഞ്ഞത്. മത്സരത്തിന്റെ 84-ാം ഓവറിൽ ബുംറ അടിച്ചുകൂട്ടിയ 29 റൺസ് ഉൾപ്പെടെ ഇംഗ്ലീഷ് പേസർ വഴങ്ങിയത് 35 റൺസാണ്. ആറ് എക്സ്ട്രാ റൺസാണ് ബ്രോഡ് ഇന്ത്യക്ക് സമ്മാനിച്ചത്. നാലു ഫോറും രണ്ടു സിക്സും ഒരു സിംഗിളുമാണ് ബുംറ ആ ഓവറിൽ നേടിയത്. ഇതോടെ ടെസ്റ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയെന്ന മോശം റെക്കോര്‍ഡ് ബ്രോഡിന്റെ പേരിലായി.
ഈ പ്രകടനത്തിന് ശേഷം നിരവധി പേര് ബുംറയെ അഭിനന്ദിച്ച് രംഗത്തെത്തി. ഇപ്പോളിതാ വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയും ബുംറയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. "ടെസ്റ്റ് ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് തകര്‍ത്ത ജസ്പ്രീത് ബുംറയെ അഭിനന്ദിക്കുന്നു. മനോഹരം"- ലാറ കുറിച്ചു.