Cricket
വീണ്ടും പത്താൻ ബ്രദേഴ്‌സ് ഷോ; തുടരെ സിക്‌സർ പറത്തി സൂപ്പർ ഫിനിഷ്
Cricket

വീണ്ടും 'പത്താൻ ബ്രദേഴ്‌സ്' ഷോ; തുടരെ സിക്‌സർ പറത്തി സൂപ്പർ ഫിനിഷ്

Web Desk
|
17 Sep 2022 3:04 AM GMT

ടിം ബ്രെസ്നന്‍, മുത്തയ്യ മുരളീധരൻ, ഡാനിയൽ വെട്ടോറി, മോണ്ടി പനേസർ തുടങ്ങിയ ലോകോത്തര ബൗളിങ് നിരയെ നിഷ്പ്രഭമാക്കിയായിരുന്നു പത്താന്‍ സഹോദരങ്ങളുടെ വെടിക്കെട്ട് പ്രകടനം

കൊൽക്കത്ത: ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ പുതിയ സീസണിൽ ഇന്ത്യയ്ക്ക് മിന്നും തുടക്കം. പത്താൻ ബ്രദേഴ്‌സിന്റെ അത്യുജ്ജ്വല വെടിക്കെട്ട് ഫിനിഷിങ്ങിലൂടെ ഇന്ത്യൻ മഹാരാജാസ് വേൾഡ് ജയന്റ്‌സിനെ ആറു വിക്കറ്റിനു തകർത്തു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ എട്ടു പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ വിജയം. ടിം ബ്രെസ്നന്‍, മുത്തയ്യ മുരളീധരൻ, ഡാനിയൽ വെട്ടോറി, മോണ്ടി പനേസർ, തിസാര പെരേര തുടങ്ങിയ ലോകോത്തര ബൗളിങ് നിരയെ നിഷ്പ്രഭമാക്കിയായിരുന്നു വെടിക്കെട്ട് പ്രകടനം. അഞ്ചു വിക്കറ്റുകൾ കൊയ്ത പങ്കജ് സിങ്ങും അർധസെഞ്ച്വറികൾ അടിച്ചെടുത്ത തന്മയ് ശ്രീവാസ്തവയും യൂസുഫ് പത്താനുമാണ് ഇന്ത്യയുടെ വിജയശിൽപികൾ.

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ 2022 സീസണിനു തുടക്കം കുറിച്ചു നടന്ന ആദ്യ മത്സരത്തിലാണ് ലോകോത്തര താരങ്ങളുടെ വമ്പൻനിരയെ ഇന്ത്യ തറപറ്റിച്ചത്. ഹർഭജൻ സിങ്ങാണ് ഇന്ത്യൻ മഹാരാജാസിനെ നയിച്ചത്. വേൾഡ് ജയന്റ്‌സ് ഉയർത്തിയ 170 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യൻ മഹാരാജാസിന് തുടക്കത്തിൽ തന്നെ സൂപ്പർ താരം വീരേന്ദർ സേവാഗിനെ നഷ്ടപ്പെട്ടു. ഫിഡൽ എഡ്വേഡ്‌സിന്റെ പന്തിൽ തദേന്ത തായ്ബുവിന് ക്യാച്ച് നൽകിയാണ് സേവാഗ്(നാല്) മടങ്ങിയത്. മൂന്നാമനായി ഇറങ്ങിയ തന്മയ് ശ്രീവാസ്തവ ഓപണർ പാർത്ഥീവ് പട്ടേലിനെ കൂട്ടുപിടിച്ച് ഇന്ത്യയെ വിജയലക്ഷ്യത്തിലേക്ക് നയിച്ചു. ഇടയ്ക്ക് പാർത്ഥീവ്(18) ടിം ബ്രെസ്‌നനു വിക്കറ്റ് നൽകി മടങ്ങി. നാലാമനായെത്തിയ മുഹമ്മദ് കൈഫിനും കാര്യമായൊന്നും ചെയ്യാനായില്ല. 11 റൺസ് മാത്രമെടുത്ത് ബ്രെസ്‌നന്റെ പന്തിൽ ഡാനിയൽ വെട്ടോറിക്ക് ക്യാച്ച് നൽകി മടങ്ങി.

പിന്നീട് യൂസുഫ് പത്താൻ-തന്മയ് സംഹാരതാണ്ഡവായിരുന്നു അവിടെ. ലോകോത്തര ബൗളിങ് നിരയെ തുടരെ ബൗണ്ടറി കടത്തി തന്മയ് കത്തിക്കയറി. ഒടുവിൽ അർധസെഞ്ച്വറിയും കടന്ന് ബ്രെസ്‌നന് മൂന്നാമത്തെ വിക്കറ്റും നൽകിയാണ് താരം മടങ്ങിയത്. 39 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 54 റൺസാണ് തന്മയിയുടെ സമ്പാദ്യം. തന്മയ് പോയതിനു പിന്നാലെ യൂസുഫ് അർധസെഞ്ച്വറി പിന്നിട്ടു.

ആറാമനായി ഇറങ്ങിയ ഓൾറൗണ്ടർ ഇർഫാൻ പത്താന് സഹോദരനൊപ്പം ചേർന്ന് മത്സരം പൂർത്തിയാക്കാനുള്ള ദൗത്യം മാത്രമാണുണ്ടായിരുന്നത്. ഫിഡൽ എഡ്വേഡ്‌സിനെ തുടരെ ഗാലറിയിലേക്ക് പറത്തി ഇർഫാൻ ഇന്ത്യൻ വിജയം കുറിക്കുകയും ചെയ്തു. 35 പന്തിൽ അഞ്ച് ബൗണ്ടറിയുടെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 50 റൺസുമായി യൂസുഫും, ഒൻപത് പന്തിൽ മൂന്ന് സിക്‌സറുകൾ പറത്തി 20 റൺസുമായി ഇർഫാനും പുറത്താകാതെ നിന്നു.

ജയന്റ്‌സ് ബൗളർമാരിൽ മൂന്നു വിക്കറ്റുമായി ടിം ബ്രെസ്‌നൻ തന്നെയാണ് തിളങ്ങിയത്. ഫിഡൽ ഒരു വിക്കറ്റും നേടി. റയാൻ സൈഡ്‌ബോട്ടം, തിസാര പെരേര, മുത്തയ്യ മുരളീധരൻ, ഡാനിയൽ വെട്ടോറി, മോണ്ടി പനേസർ എന്നിവരെല്ലാം മികച്ച ജയന്റ്‌സിനു വേണ്ടി പന്തെറിഞ്ഞു.

നേരത്തെ ടോസ് നേടി ഹർഭജൻ വേൾഡ് ജയന്റ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാൽ, ഇന്ത്യൻ നായകന്റെ കണക്കുകൂട്ടൽ തെറ്റിച്ചായിരുന്നു ആഗോള അതികായന്മാരുടെ തുടക്കം. ഓപണർമാരായ മുൻ അയർലൻഡ് താരം കെവിൻ ഒബ്രിയനും മുൻ സിംബാബ്‌വേ താരം ഹാമിൽട്ടൻ മസകാസയും ചേർന്ന് തുടക്കത്തിൽ തന്നെ കത്തിക്കയറി. എന്നാൽ, ഹാമിൾട്ടനെ(18) തന്മയ് ശ്രീവാസ്തവയുടെ കൈയിലെത്തിച്ച് പങ്കജ് സിങ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ത്രൂ നൽകി. മൂന്നാമനായി ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക്വസ് കാലീസ് ബൗണ്ടറിയുമായി തുടങ്ങിയെങ്കിലും പിന്നീട് ഒന്നും ചെയ്യാനായില്ല. ഇന്ത്യൻ നായകൻ ഹർഭജന്റെ പന്ത് ജയന്റ്‌സ് നായകന്റെ(12) കുറ്റി പിഴുതാണ് കടന്നുപോയത്.

കെവിനും മുൻ വെസ്റ്റിൻഡീസ് താരം ദിനേശ് രാംദിനും ഒത്തുചേർന്നതോടെ ഇന്ത്യയ്‌ക്കെതിരെ ജയന്റ്‌സ് പ്രത്യാക്രമണമാണ് പിന്നീട് കണ്ടത്. ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച് കെവിൻ അർധസെഞ്ച്വറി കടന്നു. പിന്നാലെ ഇന്ത്യയുടെ കന്നി ടി20 ലോകകപ്പ് വിജയശിൽപി ജോഗീന്ദർ ശർമയുടെ പന്തിൽ ഹർഭജനു ക്യാച്ച് നൽകി മടങ്ങി. 31 പന്തിൽ ഒൻപതു ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 52 റൺസ് അടിച്ചെടുത്താണ് കെവിൻ ഒബ്രിയൻ മടങ്ങിയത്.

തുടർന്നുവന്ന തിസാര പെരേര(23) രണ്ടു സിക്‌സും ഒരു ബൗണ്ടറിയുമായി കത്തിക്കയറിയെങ്കിലും മുഹമ്മദ് കൈഫിന്റെ പന്തിൽ പുറത്തായി. ദിനേശ് രാംദിൻ 29 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 42 റൺസെടുത്ത് പുറത്താകാതെ നിന്നു.

ജയന്റ്‌സിന്റെ വാലറ്റത്തെ ചുരുട്ടിക്കെട്ടിയ പങ്കജ് സിങ്ങാണ് ഇന്ത്യൻ ബൗളർമാരിൽ താരമായത്. നാല് ഓവറിൽ 26 റൺസ് മാത്രം വിട്ടുകൊടുത്താണ് പങ്കജ് അഞ്ചുവിക്കറ്റ് സ്വന്തമാക്കിയത്. ഹർഭജൻ, ജോഗീന്ദർ, കൈഫ് എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. മൂന്ന് ഓവർ എറിഞ്ഞ മലയാളി താരം ശ്രീശാന്ത് 46 റൺസ് വിട്ടുകൊടുത്തു. രണ്ട് ഓവർ വീതം എറിഞ്ഞ ഇർഫാൻ പത്താനും യൂസൂഫ് പത്താനും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Summary: Legends League Cricket 2022: Yusuf and Irfan Pathan star as India Maharajas beat World Giants in Special Match

Similar Posts