Cricket
താക്കൂറിന്റെ തേരോട്ടം;  ജൊഹന്നാസ്ബർഗിൽ  ദക്ഷിണാഫ്രിക്ക പതറുന്നു
Cricket

താക്കൂറിന്റെ തേരോട്ടം; ജൊഹന്നാസ്ബർഗിൽ ദക്ഷിണാഫ്രിക്ക പതറുന്നു

Web Desk
|
4 Jan 2022 10:55 AM GMT

കീഗൻ പുറത്തായതിന്റെ ഞെട്ടൽ മാറും മുമ്പ് തന്നെ 18-ാം പന്തിൽ വാൻഡർസണെ ഒരു റണ്ണിൽ നിൽക്കവേ പന്തിന്റെ കൈകളിലെത്തിച്ച് താക്കൂർ ഒരിക്കൽ കൂടി ദക്ഷിണാഫ്രിക്കയുടെ കണ്ണിലെ കരടായി.

ജൊഹന്നാസ് ബർഗിലെ വാണ്ടറർ സ്റ്റേഡിയത്തിൽ ഒരിക്കൽ കൂടി ഇന്ത്യൻ ക്രിക്കറ്റിന്റെ രക്ഷാമാലാഖയായി ശാർദുൽ താക്കൂർ അവതരിച്ചു. ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം ടെസ്റ്റിൽ 202 എന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോർ പ്രതിരോധിക്കുന്ന ഇന്ത്യ മത്സരത്തിലേക്ക് തിരികെ വന്നത് താക്കൂറിന്റെ ബ്രേക്ക് ത്രൂവിലൂടെയായിരുന്നു. ഓപ്പണറായ മർക്രാമിനെ ഷമി ഇന്നിങ്‌സിന്റെ തുടക്കത്തിൽ തന്നെ വിക്കറ്റിന് മുന്നിൽ കുരുക്കി മടക്കിയെങ്കിലും (12 പന്തിൽ 7 റൺസ്) പിന്നാലെ ക്രീസിലെത്തിയ കീഗൻ പീറ്റേഴ്‌സൺ ഓപ്പണറായ എൽഗറിനെയും കൂട്ടുപിടിച്ച് കളം നിറഞ്ഞതോടെ ഇന്ത്യ പ്രതിസന്ധിയിലായി.

അപ്പോഴാണ് ഡീൻ എൽഗറിനെ പന്തിന്റെ കൈകളിലെത്തിച്ച് താക്കൂർ ആദ്യ വെടിപൊട്ടിച്ചത് (120 പന്തിൽ 28). പക്ഷേ കീഗൻ അർധ സെഞ്ച്വറിയും കടന്ന് അപ്പോഴും മുന്നോട്ട് കുതിച്ചു. ആ കുതിപ്പിനും തടയിടാൻ താക്കൂർ അവതരിച്ചു. 118 പന്തിൽ 62 റൺസ് നേടിയ കീഗനെ മായങ്ക് അഗർവാളിന്റെ കൈകളിലെത്തിച്ചായിരുന്നു താക്കൂർ രണ്ടാമതും ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചത്.

അവിടെയും തീർന്നില്ല താക്കൂറിന്റെ തേരോട്ടം, കീഗൻ പുറത്തായതിന്റെ ഞെട്ടൽ മാറും മുമ്പ് തന്നെ 18-ാം പന്തിൽ വാൻഡർസണെ ഒരു റണ്ണിൽ നിൽക്കവേ പന്തിന്റെ കൈകളിലെത്തിച്ച് താക്കൂർ ഒരിക്കൽ കൂടി ദക്ഷിണാഫ്രിക്കയുടെ കണ്ണിലെ കരടായി.

നിലവിൽ ലഞ്ചിന് ശേഷം മത്സരം പുനരാംരഭിച്ചപ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ലീഡ് നേടാൻ ദക്ഷിണാഫ്രിക്കയ്ക്ക് 98 റൺസ് കൂടി വേണം.

നേരത്തെ ആദ്യ ഇന്നിംങ്‌സിൽ ഇന്ത്യ 202 ന് പുറത്തായിരുന്നു. ലുംഗി എൻഗിഡി ഒഴികെയുള്ള ദക്ഷിണാഫ്രിക്കയുടെ എല്ലാം പേസർമാരും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഇന്ത്യയ്ക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ല. മാർക്കോ ജൻസൻ നാല് വിക്കറ്റ് നേടിയപ്പോൾ ഡോനെ ഒലിവറും റബാദയും മൂന്ന് വിക്കറ്റ് നേടി. ഇന്ത്യയ്ക്കായി ക്യാപ്റ്റൻ കെ.എൽ രാഹുലും ആർ.അശ്വിനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

രാഹുൽ 50 റൺസ് നേടിയപ്പോൾ അശ്വിൻ 46 റൺസെടുത്തു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

Similar Posts