ഗുജറാത്തിനെ എറിഞ്ഞുവീഴ്ത്തി ലഖ്നൗ; യാഷ് താക്കൂറിന് അഞ്ച് വിക്കറ്റ്
|കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ആതിഥേയർ ഗുജറാത്തിനെ വരിഞ്ഞുമുറുക്കി
ലഖ്നൗ: ഗുജറാത്ത് ടൈറ്റൻസിനെ എറിഞ്ഞു വീഴ്ത്തി ലഖ്നൗ സൂപ്പർ ജയന്റ്സിന് സീസണിലെ മൂന്നാം ജയം. ലഖ്നൗ വിജയലക്ഷ്യമായ 164 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഗുജറാത്ത് 18.5 ഓവറിൽ 130 റൺസിന് ഔൾ ഔട്ടായി. യുവപേസർ യഷ് താക്കൂർ സീസണിലെ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. ബാറ്റിങിന് വലിയ ആനുകൂല്യം ലഭിക്കാത്ത ലഖ്നൗ എകാന സ്റ്റേഡിയത്തിൽ 164 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ജിടിക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്.
ഓപ്പണിങിൽ സായ് സുദർശനും ശുഭ്മാൻ ഗിലും ചേർന്ന് പവർപ്ലേയിൽ 50 കടത്തി. ആറാം ഓവറിൽ സ്കോർ 54ൽ നിൽക്കെ യാഷ് താക്കൂർ ഗിലിനെ ബൗൾഡാക്കി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. തുടർന്ന് ക്രീസിലെത്തിയ ഇംപാക്ട് പ്ലെയർ കെയിൻ വില്യംസണും (1) ബിആർ ശരതും(2) വേഗത്തിൽ മടങ്ങി. എന്നാൽ ഒരു വശത്ത് സ്കോറിംഗ് ഉയർത്തി സായ് സുദർശൻ പ്രതീക്ഷ നൽകി. വിജയ് ശങ്കറിനെ കെഎൽ രാഹുലിന്റെ കൈയിലെത്തിച്ച് (17) താക്കൂർ വീണ്ടും ബ്രേക്ക് ത്രൂ നൽകി. സായ് സുദർശനെ ക്രുണാൽ പാണ്ഡ്യയും (31) പുറത്താക്കി. തുടർന്നെത്തിയ ദർശൻ നാൽകണ്ടെ(12), റാഷിദ് ഖാൻ (0) എന്നിവരും കൂടാരം കയറിയതോടെ സന്ദർശകരുടെ പോരാട്ടം അവസാനിച്ചു.
അവസാന ഓവറുകളിൽ രാഹുൽ തെവാത്തിയ(25 പന്തിൽ 30) രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സഹതാരങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചില്ല. ഒടുവിൽ യഷ് താക്കൂറിന്റെ പന്തിൽ നിക്കോളാസ് പുരാസ് ക്യാച്ച് നൽകി തെവാത്തിയയും മടങ്ങി. 20ാം ഓവറിലെ അഞ്ചാം പന്തിൽ നൂർ അഹമ്മദിനെ പുറത്താക്കി ടീമിന് വിജയവും സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും യാഷ് താക്കൂർ സ്വന്തമാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത എൽഎസ്ജി നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 163 റൺസ് പടുത്തുയർത്തിയത്. ആസ്ത്രേയിലൻ താരം മാർക്കസ് സ്റ്റോയിനിസ് 43 പന്തിൽ 58 റൺസുമായി ടോപ്സ്കോററായി. നിക്കോളാസ് പുരാൻ 22 പന്തിൽ 32, ക്യാപ്റ്റൻ കെഎൽ രാഹുൽ 31 പന്തിൽ 32 എന്നിവരും പിന്തുണ നൽകി. ആദ്യ ഓവറിൽതന്നെ ക്വിന്റൺ ഡികോക്കിനെ (6) നഷ്ടമായി. ദേവ്ദത്ത് പടിക്കൽ(7) ഒരിക്കൽകൂടി പരാജയപ്പെട്ടു. തുടർന്ന് ഒത്തുചേർന്ന രാഹുൽ-സ്റ്റോയിനിസ് കൂട്ടുകെട്ടാണ് സ്കോർ മുന്നോട്ട് നയിച്ചത്. ഗുജറാത്തിനായി ഉമേഷ് യാദവും ദർശൻ നാൽകണ്ഡെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.