ലഖ്നൗ 'സൂപ്പർ ജയം'സ്; റൺമലയിൽ തലകുത്തിവീണ് പഞ്ചാബ്
|ലഖ്നൗ നിരയിൽ യഷ് താക്കൂർ ആണ് നാല് വിക്കറ്റെടുത്ത് പഞ്ചാബിന്റെ നട്ടെല്ലൊടിച്ചത്.
ലഖ്നൗ ഉയർത്തിയ റെക്കോർഡ് സ്കോറിന്റെ റൺമല കീഴടക്കാനാവാതെ വഴിമധ്യേ കാലിടറി വീണ് പഞ്ചാബ്. പഞ്ചാബിന്റെ ഹോംഗ്രൗണ്ടിൽ എതിരാളികൾ ഉയർത്തിയ 258 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് കുതിച്ച ധവാനും സംഘവും 56 റൺസ് അകലെ വീണു. ലഖ്നൗ സ്കോർ 257/5. പഞ്ചാബ് 201/10.
പഞ്ചാബ് നിരയിൽ അഥർവ ടൈഡിന്റെ (36 പന്തിൽ 66) അർധ സെഞ്ച്വറി പ്രകടനത്തിനും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. സിക്കന്തർ റാസയും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചെങ്കിലും ലഖ്നൗ ബൗളിങ് കരുത്തിൽ ലക്ഷ്യം കാണാനാവാതെ 10 പേരും കൂടാരം കയറുകയായിരുന്നു. നായകൻ ശിഖർ ധവാന്റെ വിക്കറ്റാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. സ്കോർ മൂന്നിൽ നിൽക്കെയായിരുന്നു ഇത്. തുടർന്ന് അധികം താമസിയാതെ തന്നെ സഹ ഓപണറും ഇംപാക്ട് പ്ലയറുമായ പ്രഭ്സിമ്രൻ സിങ്ങും പുറത്തായി. 13 പന്ത് നേരിട്ട സിമ്രന് കേവലം ഒമ്പത് റൺസ് മാത്രമാണെടുക്കാനായത്.
തുടർന്ന് വന്ന അഥർവ ടൈഡും സിക്കന്തർ റാസയും ചേർന്ന് സ്കോറിന് വേഗം കൂട്ടിയെങ്കിലും 22 പന്തിൽ 36 റൺസെടുത്ത് നിൽക്കെ മൂന്നാം വിക്കറ്റ് വീണു. യാഷ് താക്കൂറിന്റെ പന്തിൽ കൃനാൽ പാണ്ഡ്യ പിടിച്ച് റാസ പുറത്ത്. തുടർന്ന് സ്കോർ 127ൽ നിൽക്കെ ടൈഡും പുറത്തായി. പിന്നീട് വന്നവരിൽ ലിയാം ലിവിങ്സ്റ്റണും (14 പിന്തിൽ 23), സാം കരനും (11 പന്തിൽ 21) ജിതേഷ് ശർമയും (10 പന്തിൽ 24) മാത്രമാണ് രണ്ടക്കം തികയ്ക്കാനായത്. വിക്കറ്റുകൾ വലിയ ഇടവേളയില്ലാതെ വീണുകൊണ്ടിരുന്ന പഞ്ചാബ് നിരയിൽ രാഹുൽ ചഹാറും കഗിസോ റബാദയും പൂജ്യത്തിനാണ് പുറത്തായത്. വാലറ്റക്കാരും പൂർണമായും മുട്ടുമടക്കിയതോടെ ലഖ്നൗവിന് പഞ്ചാബിനെതിരെ സൂപ്പർ ജയം.
ലഖ്നൗ നിരയിൽ യഷ് താക്കൂർ ആണ് നാല് വിക്കറ്റെടുത്ത് പഞ്ചാബിന്റെ നട്ടെല്ലൊടിച്ചത്. നവീൻ ഉൽ ഹഖ് മൂന്ന് വിക്കറ്റെടുത്ത് ഇതിന് കിടിലൻ പിന്തുണ നൽകി. രവി ബിഷ്ണോയ് രണ്ടും മാർക്കസ് സ്റ്റോണിസ് ഒരു വിക്കറ്റും സ്വന്തമാക്കി.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണ് ലഖ്നൗവിന്റെ ബാറ്റിങ്ങിൽ നിന്നും പിറന്നത്. ഓപ്പണറും ക്യാപ്റ്റനുമായ രാഹുൽ (12) ഒഴിച്ച് ബാക്കിയെല്ലാവരും ലഖ്നൗവിനായി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 24 പന്തിൽ ഏഴ് ബൗണ്ടറിയും നാല് സിക്സറുമുൾപ്പെടെ 54 റൺസെടുത്ത് മെയേഴ്സ് തുടങ്ങിവെച്ച ബാറ്റിങ് വെടിക്കെട്ട് അതേ താളത്തിൽ അവസാന ഓവർ വരെ ലഖ്നൗ തുടരുകയായിരുന്നു.
ബദോണി 24 പന്തിൽ 43 റൺസെടുത്തപ്പോൾ സ്റ്റോയിനിസ് 40 പന്തിൽ അഞ്ച് സിക്സറും ആറ് ബൗണ്ടറിയുമുൾപ്പെടെ 72 റൺസെടുത്താണ് മടങ്ങിയത്. അഞ്ചാം നമ്പരിലെത്തിയ പൂരനും പഞ്ചാബിൽ ബാറ്റിങ് പൂരം തന്നെ നടത്തി. 19 പന്തിൽ ഏഴ് ബൗണ്ടറിയും ഒരു സിക്സറുമുൾപ്പെടെ പൂരൻ 45 റൺസെടുത്തു. ഇന്നത്തെ ജയത്തോടെ റാങ്ക് പട്ടികയിൽ രണ്ടാമതെത്തി. പഞ്ചാബ് ആറാമതാണ്.