എട്ടിലും പൊട്ടി മുംബൈ; ലക്നൗവിന്റെ ജയം 36 റൺസിന്
|ലക്നൗവിനോടുള്ള സീസണിലെ രണ്ടാമത്തെ തോൽവിയാണിത്, ആദ്യ മത്സരത്തിൽ 18 റൺസിനാണ് ലക്നൗ വിജയിച്ചത്
ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ കനത്ത പാരജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്. ഐപിഎൽ സീസണിൽ തുടർച്ചയായ എട്ടാം മത്സരത്തിലാണ് മുംബൈ പരാജയപ്പെടുന്നത്. 36 റൺസിനാണ് ഇത്തവണ മുംബൈ തോൽവി ഏറ്റുവാങ്ങിയത്.ലക്നൗവിനോടുള്ള സീസണിലെ രണ്ടാമത്തെ തോൽവിയാണിത്. ആദ്യ മത്സരത്തിൽ 18 റൺസിനാണ് ലക്നൗ വിജയിച്ചത്.
വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെ സെഞ്ചുറി മികവിൽ ലക്നൗവ് തീർത്ത 168 റൺസ് പിന്തുടർന്ന മുംബൈയുടെ ഇന്നിങ്സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽന 132 റൺസിൽ അവസാനിച്ചു. ക്യാപ്റ്റൻ രോഹിത് ശർമ (31 പന്തിൽ 39), തിലക് വർമ (27 പന്തിൽ 38), കീറോൺ പൊള്ളാർഡും (20 പന്തിൽ 19) തുടങ്ങിവർ പൊരുതിയെങ്കിലും വിജയിക്കാനായില്ല. ഒന്നാം വിക്കറ്റിൽ ഓപ്പണർ ഇഷാൻ കിഷനും (20 പന്തിൽ 8) രോഹിത് ശർമയും ചേർന്ന് 49 റൺസെടുത്തു. എട്ടാം ഓവറിൽ രവി ബിഷ്ണോയി ഇഷാന്റെ വിക്കറ്റ് വീഴ്ത്തി. തൊട്ടടുത്ത ഓവറിൽ തന്നെ രോഹിത് ശർമയെ ക്രുണാൽ പാണ്ഡ്യയും വീഴ്ത്തി. പിന്നീടെത്തിയ ഡെവാൾഡ് ബ്രവിസ് (5 പന്തിൽ 3), സൂര്യകുമാർ യാദവ് (7 പന്തിൽ 7) എന്നിവർ തിളങ്ങിയില്ല.
അഞ്ചാം വിക്കറ്റിൽ തിലക് വർമയും കീറോൺ പൊള്ളാർഡും ചേർന്ന് 57 റൺസ് കൂട്ടിച്ചേർത്തു. തിലക് 18-ാം ഓവറിൽ പുറത്തായി. അവസാന ഓവറിൽ പൊള്ളാർഡിന്റെ ഉൾപ്പെടെ മൂന്നു വിക്കറ്റ് വീണു. ജയദേവ് ഉനദ്ഘട്ട് (1 പന്തിൽ 1), ഡാനിയൽ സാംസ് (7 പന്തിൽ 7) എന്നിവരാണ് പുറത്തായ മറ്റു രണ്ടു പേർ. ലക്നൗവിനായി ക്രുണാൽ പാണ്ഡ്യ മൂന്നു വിക്കറ്റും മൊഹ്സിൻ ഖാൻ, ജേസൻ ഹോൾഡർ, രവി ബിഷ്ണോയി, ആയുഷ് ബദോനി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
കളിയിൽ ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ കരുതലോടെ മുന്നേറിയെങ്കിലും രാഹുലിന്റെ വെടിക്കെട്ട് ബാറ്റിംങ്ങിനു മുന്നിൽ മുംബൈയ്ക്ക് പിടിച്ചു നിൽക്കാനായില്ല. രാഹുലിന്റെ സെഞ്ച്വറിയാണ് (62 പന്തിൽ 103 റൺ) മുംബൈയ്ക്കെതിരായ മത്സരത്തിൽ ലഖ്നൗവിന് മികച്ച സ്കോർ സമ്മാനിച്ചത്. ബാറ്റിംഗിനിറങ്ങിയ ലഖ്നൗവിന് നാലാം ഓവറിൽ ഡി കോക്കിനെ 10 (9) ആദ്യം നഷ്ടമായിരുന്നു.
ഡി കോക്കിന് ശേഷം കളത്തിലറങ്ങിയ മനിഷ് പാണ്ടെയ്ക്ക് മത്സത്തിൽ തിളങ്ങാൻ സാധിച്ചില്ല. 22 പന്തിൽ 22 റൺസ് മാത്രമാണ് അദ്ദേഹത്തിന് അടിച്ചു കൂട്ടാനായത്. പാണ്ടെയ്ക്കു പിന്നാലെ മാർക്കസ് സ്റ്റോയിനിസ് മൂന്ന് റൺസ് മാത്രമെടുത്ത് കളം വിട്ടു. ശേഷം കളത്തിലിറങ്ങിയ ക്രുണാൽ പാണ്ഡ്യയ്ക്കും ( 2 പന്തിൽ 1 റൺ) തിളങ്ങാനായില്ല. ക്രുണാൽ പാണ്ഡ്യക്കു പുറമെ ദീപക് ഹൂഡ (9 പന്തിൽ 10 റൺ), ആയുഷ് ബഡോനി (11 പന്തിൽ 14 റൺസ് ) എന്നിവരും പുറത്തായി. നാല് ഓവറിൽ 40 റൺസ് വിട്ടുകൊടുത്ത് റിലേ പാട്രിക് മെറിഡിത്ത് 2 വിക്കറ്റ് നേടി. മുംബൈയ്ക്കായി കീറോൺ പൊള്ളാർഡ് രണ്ടും ജസ്പ്രീത് ബുമ്ര, ഡാനിയൽ സാംസ്, എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.