Cricket
കത്തിക്കയറി ഡീകോക്ക്; ലക്‌നൗവിന് തകര്‍പ്പന്‍ ജയം
Cricket

കത്തിക്കയറി ഡീകോക്ക്; ലക്‌നൗവിന് തകര്‍പ്പന്‍ ജയം

Web Desk
|
7 April 2022 6:06 PM GMT

ലക്‌നൗവിന്‍റെ ജയം ആറ് വിക്കറ്റിന്

അവസാന ഓവര്‍ വരെ ആവേശം മുറ്റി നിന്ന പോരാട്ടത്തില്‍ ഡല്‍ഹിക്കെതിരെ ലക്‌നൗവിന് ആറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. അർധസെഞ്ച്വറിയുമായി കത്തിക്കയറിയ ഓപ്പണര്‍ ക്വിന്‍റണ്‍ ഡീക്കോക്കിന്‍റെ പോരാട്ടമാണ് ലക്‌നൗ വിജയത്തില്‍ നിര്‍ണായകമായത്. ഡീക്കോക്ക് 52 പന്തിൽ നിന്ന് രണ്ട് സിക്‌സറുകളുടേയും ഒമ്പത് ഫോറുകളുടേയും അകമ്പടിയിൽ 80 റൺസ് എടുത്തു. ക്യാപ്റ്റൻ കെ.എൽ രാഹുൽ 24 റൺസെടുത്ത് പുറത്തായി. അവസാന ഓവറില്‍ ആറ് പന്തില്‍ അഞ്ച് റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ലക്‌നൗവിനെ ഒരു ഫോറും ഒരു സിക്സുമായി ആഷിക് ബദോനിയാണ് (10) വിജയ തീരമണച്ചത്. ക്രുണാല്‍ പാണ്ഡ്യ 19 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഡല്‍ഹിക്കായി കുല്‍ദീപ് യാദവ് 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ഈ ജയത്തോടെ ഐ.പി.എൽ പോയിന്‍റ് പട്ടികയിൽ ലക്‌നൗ നാലാം സ്ഥാനത്തേക്ക് കയറി.

നേരത്തെ അർധ സെഞ്ച്വറി നേടിയ ഓപ്പണർ പ്രിഥ്വിഷായുടെ മികവിലാണ് ഡൽഹി ഭേദപ്പെട്ട സ്‌കോർ പടുത്തുയര്‍ത്തിയത്. നിശ്ചിത 20 ഓവറിൽ ഡൽഹി 149 റൺസെടുത്തു. 34 പന്തിൽ നിന്ന് രണ്ട് സിക്‌സറുകളുടേയും ഒമ്പത് ഫോറുകളുടേയും അകമ്പടിയിൽ പ്രിഥ്വി ഷാ 61 റൺസെടുത്തു.

ഓപ്പണിങ് വിക്കറ്റിൽ വാർണറുമൊത്ത് അർധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് പ്രിഥ്വി ഷാ മടങ്ങിയത്. അടുത്ത ഓവറിൽ തന്നെ വാർണറും മടങ്ങിയതോടെ ഡൽഹി സമ്മർദത്തിലായി. ആദ്യ അഞ്ചോവറുകളിൽ ദ്രുതഗതിയിൽ ചലിച്ചു കൊണ്ടിരുന്ന സ്‌കോർബോർഡ് പിന്നീട് ഒച്ചിഴയുന്ന വേഗത്തിലായി. അതിനിടെ മൂന്ന് റൺസെടുത്ത റോവ്മാൻ പവലിനെയും ഡൽഹിക്ക് നഷ്ടമായി. അവസാന ഓവറുകളിൽ ക്യാപ്റ്റൻ റിഷഭ് പന്തും സർഫറാസ് ഖാനും നടത്തിയ പ്രകടനമാണ് ഡൽഹിക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.

റിഷഭ് പന്ത് 39 റൺസെടുത്തപ്പോൾ സർഫറാസ് 36 റൺസെടുത്തു. ലക്‌നൗവിനായി സ്പിന്നർ രവി ബിഷ്‌ണോയി 22 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ ഓവറുകളിൽ തകർത്തടിച്ച ഡൽഹിയെ ലക്‌നൗ ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു.

Related Tags :
Similar Posts