മുംബൈയെ വീഴ്ത്തി, രഞ്ജിയില്‍ മധ്യപ്രദേശിന് കന്നി കിരീടം
|ആദ്യ ഇന്നിംഗ്‌സിൽ മധ്യപ്രദേശിനായി സെഞ്ചുറി നേടിയ ശുഭം ശർമയാണ് മാൻ ഓഫ് ദി മാച്ച്
ബംഗളൂരു: രഞ്ജി ട്രോഫിയിൽ മുംബൈയ്‌ക്കെതിരായ കലാശപ്പോരിൽ കന്നി കിരീടം സ്വന്തമാക്കി മധ്യപ്രദേശ്. ആറു വിക്കാറ്റിനാണ് മധ്യ പ്രദേശിന്റെ ജയം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിന്റെ അവസാന ദിനം മുംബൈ ഉയർത്തിയ 108 റൺസ് വിജയലക്ഷ്യം നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മധ്യപ്രദേശ് മറികടക്കുകയായിരുന്നു. രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനിത് കന്നി കിരീടമാണെന്നത് അഭിമാനകരമായ നേട്ടമാണ്.
ആദ്യ ഇന്നിംഗ്‌സിൽ മധ്യപ്രദേശിനായി സെഞ്ചുറി നേടിയ ശുഭം ശർമയാണ് മാൻ ഓഫ് ദി മാച്ച്. ആദ്യ ഇന്നിംഗ്‌സിൽ മുംബൈ 374 റൺസ് നേടി മികച്ച സ്‌കോർ മുന്നോട്ടുവച്ചു. വീണ്ടും സർഫറാസ് ഖാൻ (134) മുംബൈ ഇന്നിംഗ്‌സിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ യശസ്വി ജയ്‌സ്വാളും (78) മുംബൈക്ക് വേണ്ടി തിളങ്ങി. മധ്യപ്രദേശിന് ഈ സ്‌കോർ വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ടെങ്കിലും അതുണ്ടായില്ല. മൂന്ന് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും ഇന്നിംഗ്‌സിൽ അവർക്ക് 162 റൺസിന്റെ നിർണായക ലീഡ് സമ്മാനിച്ചു. യാഷ് ദുബെ (133), രജത് പാടിദാർ (122), ശുഭം ശർമ (116), സരൻഷ് ജെയിൻ (57) എന്നിവരാണ് മധ്യപ്രദേശ് ഇന്നിംഗ്‌സിൽ തിളങ്ങിയത്.
രണ്ടാം ഇന്നിംഗ്‌സിൽ ആക്രമണാത്മക സ്വഭാവമുള്ള ബാറ്റിംഗാണ് മുംബൈ നേരിട്ടത്. ഒരു ദിവസവും 29 ഓവറുകളും ബാക്കിനിൽക്കെ രണ്ടാം ഇന്നിംഗ്‌സിൽ മികച്ച ലീഡെടുത്ത് മധ്യപ്രദേശിനെ കുറഞ്ഞ സ്‌കോറിൽ ഓൾ ഔട്ടാക്കിയെങ്കിലേ അവർക്ക് കിരീടസാധ്യത ഉണ്ടായിരുന്നുള്ളൂ. വേഗത്തിൽ സ്‌കോർ ചെയ്യാനുള്ള ശ്രമത്തിനിടെ മുംബൈ അവസാന ദിവസം 269 റൺസിന് ഓൾഔട്ടായി. സുവേദ് പർകർ (51), സർഫറാസ് ഖാൻ (45), പൃഥ്വി ഷാ (44) എന്നിവരാണ് രണ്ടാം ഇന്നിംഗ്‌സിൽ മുംബൈക്കു വേണ്ടി തിളങ്ങിയത്. രണ്ട് സെഷനിൽ 108 റൺസായിരുന്നു മധ്യപ്രദേശിന്റെ വിജയലക്ഷ്യം. മറുപടി ബാറ്റിംഗിൽ ഇടക്കിടെ വിക്കറ്റ് നഷ്ടമായെങ്കിലും മധ്യപ്രദേശ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഹിമാൻഷു മൻത്രി (37), ശുഭം ശർമ (30), രജത് പാടിദാർ (30 നോട്ടൗട്ട്) എന്നിവർ ചാമ്പ്യന്മാർക്ക് വേണ്ടി തിളങ്ങി.