'ഇന്ത്യയ്ക്ക് അനുകൂല പിച്ചൊരുക്കുന്നു'; ആരോപണവുമായി ഓസീസ് മാധ്യമങ്ങളും ക്രിക്കറ്റ് നിരീക്ഷകരും
|നാഗ്പൂർ ഗ്രൗണ്ടിലെ വിക്കറ്റിന്റെ മധ്യഭാഗം മാത്രമാണ് വെള്ളമൊഴിച്ച് ഉരുട്ടിയതെന്നും ഇടംകൈയൻമാർ ലക്ഷ്യം വയ്ക്കുന്ന ഭാഗം കൃത്യമായി വരണ്ടതാക്കിയിരിക്കുകയാണെന്നും ഫോക്സ് ക്രിക്കറ്റ് റിപ്പോർട്ട് ചെയ്തു
ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നടക്കുമ്പോഴെല്ലാം, ആതിഥേയർ തങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വിക്കറ്റ് ഒരുക്കുന്നുവെന്ന ആക്ഷേപം ഉയരാറുണ്ട്. ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്കർ പരമ്പര നാഗ്പൂരിൽ നാളെ ആരംഭിക്കാനിരിക്കെ, തങ്ങളുടെ ടീമിന് അനുയോജ്യമായ തരത്തിൽ ഇന്ത്യ പിച്ചൊരുക്കുന്നതായി ഓസീസ് മാധ്യമങ്ങളും ചില ക്രിക്കറ്റ് നിരീക്ഷകരും ആരോപിച്ചു.
നാഗ്പൂർ ഗ്രൗണ്ടിലെ വിക്കറ്റിന്റെ മധ്യഭാഗം മാത്രമാണ് വെള്ളമൊഴിച്ച് ഉരുട്ടിയതെന്നും ഇടംകൈയൻമാർ ലക്ഷ്യം വയ്ക്കുന്ന ഭാഗം കൃത്യമായി വരണ്ടതാക്കിയിരിക്കുകയാണെന്നും ഫോക്സ് ക്രിക്കറ്റ് റിപ്പോർട്ട് ചെയ്തു. ഡേവിഡ് വാർണർ, ഉസ്മാൻ ഖ്വാജ, ട്രാവിസ് ഹെഡ് എന്നിവരെപ്പോലുള്ള ഇടംകൈയ്യൻമാർക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറഞ്ഞു. ആസ്ത്രേലിയയിലെ ക്രിക്കറ്റ് എഴുത്തുകാരിലൊരാൾ 'പിച്ച് ഡോക്ടറിംഗ്' എന്നാണ് പിച്ചൊരുക്കലിനെ വിമർശിച്ചത്. ചൊവ്വാഴ്ച പിച്ചിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.
പിച്ച് ഒരു ഭാഗത്ത് നല്ല വരണ്ടതാണെന്നും അതിനാൽ ഇടംകൈയ്യൻ സ്പിന്നർമാർക്ക് വലിയ സഹായം ലഭിക്കുമെന്നും ആസ്ത്രേലിയൻ ബാറ്ററായ സ്റ്റീവ് സ്മിത്ത് പറഞ്ഞു. ചില മുൻ ഓസീസ് ക്രിക്കറ്റ് താരങ്ങളും വിദഗ്ധരും വിഷയത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രിക്കറ്റ് എഴുത്തുകാരനായ ഭരത് സുന്ദരേശനും പിച്ചിനെതിരെ രംഗത്ത് വന്നു. 'നാഗ്പൂരിലെ പിച്ചിന്റെ രസകരമായ ചികിത്സ. ഗ്രൗണ്ട് സ്റ്റാഫ് പിച്ചിന്റെ മുഴുവൻ മധ്യഭാഗവും ഇടത് കയ്യന്മാരുടെ ലെഗ് സ്റ്റമ്പിന് പുറത്തുള്ള ഭാഗം മാത്രവും നനച്ചു, തുടർന്ന് മധ്യഭാഗം മാത്രം റോളിംഗ് നടത്തി, രണ്ടറ്റത്തുമുള്ള ഭാഗങ്ങളിൽ റോളിംഗ് ചെയ്തില്ല' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഈ കുറിപ്പ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗടക്കമുള്ളവർ പങ്കുവെച്ചു. 'ഇന്ത്യ - ആസ്ത്രേലിയ തമ്മിലുള്ളത് ഏറ്റവും വലിയ ടെസ്റ്റ് പരമ്പരയായാണ് ഞാൻ കാണുന്നത്. പക്ഷേ സങ്കടകരമെന്ന് പറയട്ടെ ടെസ്റ്റ് ക്രിക്കറ്റിനേക്കാൾ കൂടുതൽ ശബ്ദമുണ്ടാക്കുന്നത് പിച്ചുകളാണ്'
nagpur cricket stadium pitch report india vs australia