27,000 മുതൽ രണ്ടര ലക്ഷം വരെ; ഇന്ത്യ-ന്യൂസിലാൻഡ് സെമി ടിക്കറ്റുകൾ കരിഞ്ചന്തയിൽ, അറസ്റ്റ്
|മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ആവേശപ്പോര്. ഇതിനകം തന്നെ മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റുകഴിഞ്ഞിട്ടുണ്ട്.
മുംബൈ: ന്യൂസിലാൻഡിനെതിരെ സെമി കളിക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ആവേശപ്പോര്. ഇതിനകം തന്നെ മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റുകഴിഞ്ഞിട്ടുണ്ട്.
എന്നാൽ ആവശ്യക്കാർ ഒട്ടും കുറഞ്ഞിട്ടുമില്ല. ഇപ്പോഴിതാ മത്സരത്തിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നു.
മഹാരാഷ്ട്രയിലെ ജെജെ മാര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അകാശ് കോതാരി എന്നയാളാണ് പിടിയിലായത്. ഒരു ടിക്കറ്റിനു 27,000 മുതല്‍ രണ്ടര ലക്ഷം രൂപ വരെയാണ് ഈടാക്കന്‍ ശ്രമിച്ചത്. ശരിയായ വിലയുടെ അഞ്ചിരട്ടി വരെ കൊള്ള ലാഭം ലക്ഷ്യമിട്ടാണ് ഇയാള്‍ വില്‍പ്പനയ്ക്ക് ശ്രമിച്ചതെന്നു പൊലീസ് വ്യക്തമാക്കി. അതേസമയം കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുന്ന സംഘത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്.
ബുധനാഴ്ചയാണ് ഇന്ത്യയും ന്യൂസിലാന്‍ഡും ഫൈനല്‍ ടിക്കറ്റിനായി മത്സരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്കായിരുന്നു ജയം. ഇപ്പോഴത്തെ ഫോമില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. അതേസമയം ഏത് ഫോം നിലനിര്‍ത്തിയാലും അവരെയൊക്കെ വീഴ്ത്താന്‍ ന്യൂസിലാന്‍ഡിനായിട്ടുണ്ട്.
Summary-Man held for black marketing India vs New Zealand WC semi-final tickets for up to ₹2.5 lakh