'ഗംഭീറിനെ വാർത്താ സമ്മേളനത്തിന് അയക്കരുതേ'; ബി.സി.സി.ഐക്ക് മുന്നിൽ അഭ്യർത്ഥനയുമായി മഞ്ചരേക്കർ
|രോഹിത് കളിച്ചില്ലെങ്കിൽ ആദ്യ ടെസ്റ്റിൽ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കുമെന്ന് ഗംഭീർ പറഞ്ഞു
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെ വാർത്താസമ്മേളനങ്ങളിൽ നിന്ന് മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ചരേക്കർ രംഗത്ത്. ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുൻപായി ഗംഭീർ നടത്തിയ വാർത്താസമ്മേളനത്തിന് ശേഷമാണ് മഞ്ചരേക്കർ സമൂഹ മാധ്യമങ്ങളിലൂടെ ഇങ്ങനെ പ്രതികരിച്ചത്.
''ഗംഭീറിന്റെ വാർത്താ സമ്മേളനം ഇപ്പോൾ കണ്ടതേയുള്ളൂ. ഇത്തരം ചുമതലകളിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്തണം. ഗംഭീർ തിരശ്ശീലക്ക് പിന്നിൽ പ്രവർത്തിക്കുന്നതാണ് ബിസിസിഐക്ക് നല്ലത്. മാധ്യമങ്ങളുമായി ഇടപഴകുമ്പോൾ അദ്ദേഹം ശരിയായ പെരുമാറ്റമോ വാക്കുകളോ സ്വീകരിക്കാറില്ല. രോഹിത് ശർമയും അജിത് അഗാർക്കറുമാണ് മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ നല്ലത്'' - മഞ്ജരേക്കർ എക്‌സിൽ കുറിച്ചു.
ആദ്യ ടെസ്റ്റിൽ രോഹിത് ശർമ കളിച്ചില്ലെങ്കിൽ പകരം ആര് ഓപ്പണിങ് റോളിലെത്തുമെന്നതിൽ ഗംഭീർ വാർത്താസമ്മേളനത്തിൽ വ്യക്ത വരുത്തിയിരുന്നു. കെ.എൽ രാഹുൽ,ശുഭ്മാൻ ഗിൽ, അഭിമന്യു ഈശ്വരൻ തുടങ്ങി നിരവധി ഓപ്ഷനുകളുണ്ടെന്ന് ഇന്ത്യൻ കോച്ച് വ്യക്തമാക്കിയത്. രോഹിത് ഇല്ലെങ്കിൽ പെർത്തിൽ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ സമ്പൂർണ പരാജയത്തിന് ശേഷം ആദ്യമായാണ് ഗംഭീർ മാധ്യമങ്ങളെ കാണുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ആസ്‌ത്രേലിയക്കെതിരായ പരമ്പര 4-0 ഇന്ത്യക്ക് ജയം നേടണം. തുടർ തോൽവികളോടെ വിമർശനമുയർന്ന സാഹചര്യത്തിൽ ബോർഡർ-ഗവാസ്‌കർ ട്രോഫി ഗംഭീറിന് നിർണായകമാണ്.