ക്രിക്കറ്റ് മതിയാക്കി, ഇനി മന്ത്രിപ്പണി; വിരമിക്കൽ പ്രഖ്യാപിച്ച് മനോജ് തിവാരി
|ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന് ടി20 കളിലും മനോജ് തിവാരി കളിച്ചിട്ടുണ്ട്
കൊല്‍ക്കത്ത: ക്രിക്കറ്റ് കളി മതിയാക്കി മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ഇനി പശ്ചിമ ബംഗാള്‍ കായിക മന്ത്രി മാത്രമായി തുടരും. മനോജ് തിവാരി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന് ടി20 കളിലും മനോജ് തിവാരി കളിച്ചിട്ടുണ്ട്.
2015 ജൂലൈയിൽ ഹരാരെയിൽ സിംബാബ്‌വെയ്‌ക്കെതിരെയാണ് അവസാനമായി തിവാരിയെ ഇന്ത്യന്‍ ജേഴ്സിയില്‍ കണ്ടത്. 2023ൽ ബംഗാളിനെ രഞ്ജി ട്രോഫി ഫൈനലിലേക്ക് നയിച്ചു. എന്നാല്‍ കിരീടം നേടാനായില്ല. നിലവില്‍ പശ്ചിമ ബംഗാളിന്റെ കായിക മന്ത്രിയാണ് തിവാരി.
'ക്രിക്കറ്റിന് വിട, കളിയാണ് എനിക്ക് എല്ലാം തന്നത്. പലവിധ പ്രയാസങ്ങളും പരീക്ഷണങ്ങളും തുടക്കം മുതല്‍ നേരിട്ടുവെങ്കിലും സ്വപ്നം കാണാന്‍ പോലും കഴിയാത്തതെല്ലാം ക്രിക്കറ്റ് എനിക്ക് നല്‍കി. ക്രിക്കറ്റിനോടും ദൈവത്തോടും കടപ്പെട്ടിരിക്കുന്നു'വെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ തിവാരി വ്യക്തമാക്കി.
ബംഗാളിനായി ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയ തിവാരി ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് (പഞ്ചാബ് കിങ്‌സ്), റൈസിങ് പുണെ സൂപ്പര്‍ജയന്റ്‌സ് തുടങ്ങിയ ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.2007-2008 കോമണ്‍വെല്‍ത്ത് ബാങ്ക് സീരീസില്‍ ഓസ്ട്രേലിയക്കെതിരെയായിരുന്നു തിവാരിയുടെ ഇന്ത്യന്‍ അരങ്ങേറ്റം.
കളിക്കളത്തിലെ പ്രകടനത്തിന് പുറമേ രാഷ്ട്രീയത്തിലും തിവാരി ഒരു കൈ നോക്കി. 2021 ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന തിവാരി ബംഗാള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.