Cricket
ഇന്ത്യക്കെതിരായ റാഞ്ചി ടെസ്റ്റ്; ഇംഗ്ലണ്ട് ടീമിൽ രണ്ടു മാറ്റങ്ങൾ, സ്പിന്നർ ഷുഹൈബ് ബഷീർ തിരിച്ചെത്തി
Cricket

ഇന്ത്യക്കെതിരായ റാഞ്ചി ടെസ്റ്റ്; ഇംഗ്ലണ്ട് ടീമിൽ രണ്ടു മാറ്റങ്ങൾ, സ്പിന്നർ ഷുഹൈബ് ബഷീർ തിരിച്ചെത്തി

Web Desk
|
22 Feb 2024 12:06 PM GMT

നാലാം ടെസ്റ്റ് വിജയിക്കാനായാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാകും

റാഞ്ചി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. രണ്ട് മാറ്റങ്ങളുമായാണ് സന്ദർശകർ റാഞ്ചി ടെസ്റ്റിൽ ഇറങ്ങുക. പേസർ മാർക്ക് വുഡിന് പകരം ഒലി റോബിൻസണും സ്പിന്നർ രെഹാൻ അഹമ്മദിന് പകരം ഷുഹൈബ് ബഷീറും ഇടം പിടിച്ചു. ആദ്യ ടെസ്റ്റ് വിജയിച്ച ഇംഗ്ലണ്ട് രണ്ടും മൂന്നും ടെസ്റ്റിൽ തോൽവി വഴങ്ങിയിരുന്നു. ഇതോടെ നാളെ നടക്കുന്ന നാലാം ടെസ്റ്റ് ജീവൻ മരണപോരാട്ടമാണ്. ഇത്കൂടി വിജയിക്കാനായാൽ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ പരമ്പര ജയം സ്വന്തമാക്കാനാകും.

കഴിഞ്ഞ ടെസ്റ്റിൽ പരാജയപ്പെട്ടെങ്കിലും ജെയിംസ് ആൻഡേഴ്‌സന് ഒരവസരം കൂടി നൽകാൻ ഇംഗ്ലണ്ട് തീരുമാനിക്കുകയായിരുന്നു. രാജ്‌കോട്ടിൽ ആദ്യ ഇന്നിങ്‌സിൽ നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും രണ്ടാം ഇന്നിങ്‌സിൽ മാർക്ക് വുഡിന് കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെയാണ് റോബിൻസണ് നറുക്കുവീണത്. കഴിഞ്ഞ മൂന്ന് ടെസ്റ്റിലും പരാജയപ്പെട്ട ജോണി ബെയ്‌സ്‌റ്റോയെ നിലനിർത്തിയാണ് ഇംഗ്ലണ്ട് അന്തിമ ഇലവനെ പ്രഖ്യാപിച്ചത്. ഇന്ത്യൻ സാഹചര്യങ്ങൾ പരിചിതമായ ബെയ്‌സ്‌റ്റോയെ ടീം മാനേജ്‌മെന്റ് വിശ്വാസത്തിലെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിനെ നാളെയാകും പ്രഖ്യാപിക്കുക. പേസർ ജസ്പ്രീത് ബുംറക്ക് വിശ്രമമനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. പരിക്ക് ഭേദമാകാത്തതിനാൽ മധ്യനിര ബാറ്റർ കെ.എൽ രാഹുലും നാലാം ടെസ്റ്റിനുണ്ടാവില്ല.

ഇംഗ്ലണ്ട് ടീം: സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ബെൻ സ്റ്റോക്‌സ് (ക്യാപ്റ്റൻ), ബെൻ ഫോക്‌സ് (വിക്കറ്റ് കീപ്പർ), ടോം ഹാർട്‌ലി, ഒലി റോബിൻസൺ, ജെയിംസ് ആൻഡേഴ്‌സൺ, ഷുഹൈബ് ബഷീർ.

Similar Posts