ലോർഡ്‌സിലെ തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ടിന് വൻ തിരിച്ചടി: മാർക്ക് വുഡും പുറത്ത്
|ലോർഡ്‌സിലെ രണ്ടാം ടെസ്റ്റിൽ മാർക്ക് വുഡ് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. റിഷബ് പന്തിന്റെ ബൗണ്ടറി തടയുന്നതിനിടെയാണ് മാർക്ക് വുഡിന്റെ ചുമലിന് പരിക്കേൽക്കുന്നത്.
ലോർഡ്‌സിലെ തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി നൽകി പേസ് ബൗളർ മാർക്ക് വുഡ് പരിക്കേറ്റ് പുറത്തായി. ഈ മാസം 25ന് ലീഡ്‌സിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ലോർഡ്‌സിൽ നടന്ന രണ്ടാം ടെസ്റ്റിൽ 151 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ലോർഡ്‌സിലെ രണ്ടാം ടെസ്റ്റിൽ മാർക്ക് വുഡ് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. റിഷബ് പന്തിന്റെ ബൗണ്ടറി തടയുന്നതിനിടെയാണ് മാർക്ക് വുഡിന്റെ ചുമലിന് പരിക്കേൽക്കുന്നത്.
പരിക്കേറ്റതിന് പിന്നാലെ കളം വിടുകയും ചെയ്തു. അതേസമയം മാർക്ക് വുഡിന്റെ പകരക്കാരനെ ഇംഗ്ലണ്ട് നിയമിച്ചിട്ടില്ല. ഇംഗ്ലണ്ട് നിരയിലെ അഞ്ചാമത്തെ ഫാസ്റ്റ്ബൗളറാണ് പരിക്കേറ്റ് പുറത്താകുന്നത്. ബെൻ സ്റ്റോക്ക്, സ്റ്റുവർട്ട് ബ്രോഡ്, ക്രിസ് വോക്‌സ്, ജോഫ്രെ ആർച്ചർ എന്നിവരുടെ സേവനം ഇപ്പോൾ തന്നെ ഇംഗ്ലണ്ടിന് ലഭ്യമല്ല. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബെൻ സ്റ്റോക്ക് ക്രിക്കറ്റിൽ നിന്ന് തന്നെ വിട്ടുനിൽക്കുന്നത്.
സാക്കിബ് മഹ്‌മൂദിനെ ഉൾപ്പെടുത്തി ലോർഡ് ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യോർക്ക്‌ഷെയർ ബാറ്റ്‌സ്മാൻ ഡേവിഡ് മലാനെ ടീമിലേക്ക് തിരികെ വിളിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇംഗ്ലണ്ട് ടി20 ടീമിന്റെ അവിഭാജ്യ ഘടകമാണ് മലാൻ. നിലവിൽ ടി20 റാങ്കിങിൽ ഒന്നാം സ്ഥാനവും മലാൻ അലങ്കരിക്കുന്നുണ്ട്. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ളത്. ആദ്യ ടെസ്റ്റിൽ മഴ തടസപ്പെടുത്തിയതിനാൽ സമനിലയില്‍ പിരിയുകയായിരുന്നു.
മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം ഇങ്ങനെ: ജോ റൂട്ട്(നായകൻ) മുഈൻ അലി, ജയിംസ് ആൻഡേഴ്‌സൺ. ജോനാഥൻ ബ്രെയിസ്റ്റോ, റോർറി ബേർൺസ്, ജോസ് ബട്ട്‌ലർ, സാം കറൺ, ഹസീബ് ഹമീദ്, ഡാൻ ലോറൻസ്, സാക്കിബ് മഹ്‌മൂദ്, ഡേവിഡ് മലാൻ, ക്രെയിഗ് ഓവർടൺ, ഒല്ലി പോപ്, ഒല്ലി റോബിൻസൺ, മാർക്ക് വുഡ്