Cricket
ന്യൂ ബോസ് ഇന്‍ ടൗണ്‍, ഇനി കളി മാറും; ഇംഗ്ലണ്ടിന്‍റെ വൈറ്റ് ബോള്‍ ടീം കോച്ചായി മാത്യൂ മോട്ട്
Cricket

ന്യൂ ബോസ് ഇന്‍ ടൗണ്‍, ഇനി കളി മാറും; ഇംഗ്ലണ്ടിന്‍റെ വൈറ്റ് ബോള്‍ ടീം കോച്ചായി മാത്യൂ മോട്ട്

Web Desk
|
18 May 2022 12:29 PM GMT

ചില്ലറക്കാരനല്ല മാത്യൂ മോട്ട്, 26 ഏകദിന മത്സരങ്ങൾ തുടര്‍ച്ചയായി വിജയിച്ചതിന്‍റെ ലോകറെക്കോര്‍ഡ് ഇന്നും മാത്യൂ മോട്ട് പരിശീലിപ്പിച്ച ടീമിന്‍റെ പേരിലാണ്.

ഇംഗ്ലണ്ട് ക്രിക്കറ്റിന്‍റെ പരിമിത ഓവര്‍ ടീമിന്‍റെ പരിശീലകനായി മാത്യു മോട്ടിനെ നിയമിച്ചു. അവസാനം വരെ ചര്‍ച്ചകളിലുണ്ടായിരുന്ന മുന്‍ ഇംഗ്ലണ്ട് താരം പോള്‍ കോളിങ്‍വുഡിനെയടക്കം പിന്തള്ളിയാണ് മാത്യൂ മോട്ട് പരിശീലകസ്ഥാനത്തേക്കെത്തിയത്. മുൻ ആസ്‌ട്രേലിയൻ വനിതാ ടീം കോച്ചായിരുന്നു മാത്യു മോട്ട് ആദ്യമായാണ് ഒരു അന്താരാഷ്ട്ര പുരുഷ ടീമിന്‍റെ പരിശീലകസ്ഥനത്തേക്കെത്തുന്നത്. നാല് വർഷത്തെ കരാറിൽ മോട്ട് ഒപ്പുവെച്ചതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.



നേരത്തെ മുന്‍ ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലത്തെ ടെസ്റ്റ് കോച്ച് ആയും ഇംഗ്ലണ്ട് നിയമിച്ചിരുന്നു. അടുത്ത മാസം നെതർലാൻഡ്‌സിനെതിരായ ഇംഗ്ലണ്ടിന്‍റെ മൂന്ന് മത്സര ഏകദിന പരമ്പരയോടെ മാത്യു മോട്ട് പരിശീകന്‍റെ ജോലി തുടങ്ങും. ആസ്‌ട്രേലിയയുടെ വനിതാ ടീമിനെ 2015 മുതൽ 2022 വരെ പരിശീലിപ്പിച്ച കോച്ചാണ് മോട്ട്. മോട്ടിന്‍റെ നേതൃത്വത്തിൽ, ആസ്‌ട്രേലിയന്‍ വനിതകൾ തുടർച്ചയായി ഐ.സി.സി ടി-20 ലോകകപ്പുകളും ഈ വർഷത്തെ ഐ.സി.സി വനിതാ 50 ഓവർ ലോകകപ്പും വിജയിച്ചിരുന്നു. കൂടാതെ നാല് ആഷസ് പരമ്പരകളിലും തോൽവിയറിയാതെ ടീമിനെ പരിശീലിപ്പിക്കാന്‍ മാത്യു മോട്ടിനായിട്ടുണ്ട്. ആസ്‌ട്രേലിയന്‍ വനിതകളെ തുടർച്ചയായി 26 ഏകദിന മത്സരങ്ങൾ വിജയിപ്പിക്കാനും മോട്ടിന് സാധിച്ചിട്ടുണ്ട്. ഇത് ക്രിക്കറ്റിലെ ഏതൊരു ഫോര്‍മാറ്റിലെയും ലോകറെക്കോര്‍ഡാണ്.

നേരത്തെ മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ബ്രണ്ടന്‍ മക്കല്ലത്തെ ടെസ്റ്റ് ടീം പരിശീലകനായി ഇംഗ്ലണ്ട് തെരഞ്ഞെടുത്തിരുന്നു. നാല് വര്‍ഷത്തേക്കാണ് കരാര്‍. നിലവില്‍ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ പരിശീലകനാണ് മക്കല്ലം. ഈ സീസണിലെ കൊല്‍ക്കത്തയുടെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ കൊല്‍ക്കത്തയുടെ പരിശീലക സ്ഥാനം മക്കല്ലം ഒഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് പുതിയ നീക്കം.ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ പരിശീലകനായിരുന്ന ക്രിസ് സില്‍വര്‍വുഡ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ പരിശീലകനായി മക്കല്ലത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യമായാണ് ഒരു ടീമിന്‍റെ ടെസ്റ്റ് ക്രിക്കറ്റ് കോച്ചായി മക്കല്ലം ചുമതലയേല്‍ക്കുന്നത്. ഈ ഐ.പി.എൽ സീസണ്‍ അവസാനിക്കുന്നതോടെ കൊൽക്കത്തയുടെ പരിശീലക സ്ഥാനത്ത് നിന്ന് മക്കല്ലം ഒദ്യോഗികമായി ഒഴിയും. ന്യൂസിലൻഡിനായി 101 ടെസ്റ്റുകൾ കളിച്ച മക്കല്ലം 38.64 ശരാശരിയിൽ 6453 റൺസ് നേടിയിട്ടുണ്ട്. ഒരു ന്യൂസിലൻഡ് താരത്തിന്‍റെ ഏക ട്രിപ്പിൾ സെഞ്ചുറിയും ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ പേരിലാണ്.

2020ലാണ് കൊല്‍ക്കത്തയുടെ മുഖ്യ പരിശീലകനായി മക്കല്ലം എത്തുന്നത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ ഫൈനലിലെത്തിക്കാന്‍ മക്കല്ലത്തിനായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ തന്നെ ഉടമസ്ഥതതയിലുള്ള കരീബിയന്‍ പ്രീമിയര്‍ ലീഗ് ടീമായ ട്രിബാന്‍ഗോ നൈറ്റ് റൈഡേഴ്സിന്‍റെയും പരിശീലക വേഷത്തില്‍ മക്കല്ലം എത്തിയിരുന്നു.

Similar Posts