രഞ്ജി ട്രോഫി ക്രിക്കറ്റിൽ 12ാം വയസിൽ അരങ്ങേറ്റം; ഇന്ത്യൻ ക്രിക്കറ്റിൽ ചരിത്ര നേട്ടവുമായി വൈഭവ് സൂര്യവൻശി
|സച്ചിനെയും യുവരാജിനെയും മറികടന്ന് ഇന്ത്യക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവിന്റെ പേരിലായി
പറ്റ്ന: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 12ാം വയസില്‍ അരങ്ങേറി ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ബിഹാര്‍ താരം വൈഭവ് സൂര്യവന്‍ശി. മുംബൈക്കെതിരായ മത്സരത്തിലായിരുന്നു വൈഭവ് സൂര്യവന്‍ശിയുടെ അരങ്ങേറ്റം. ഇതോടെ സച്ചിനെയും യുവരാജിനെയും മറികടന്ന് ഇന്ത്യക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവിന്റെ പേരിലായി.
12 വയസും 284 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്. സച്ചിനാകട്ടെ 15 വര്‍ഷവും 230 ദിവസവും പ്രായമുള്ളപ്പോഴും യുവരാജ് സിംഗ് 15 ദിവസവും 57 ദിവസവും പ്രായമുള്ളപ്പോഴാണ് ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്. ഇന്ത്യ ബി ടീമിനായി അണ്ടര്‍ 19 ടീമിലും മുമ്പ് വൈഭവ് കളിച്ചിട്ടുണ്ട്.
എന്നാല്‍ കുഞ്ഞുപ്രായത്തിൽ അരങ്ങേറിയതിന്റെ ഗാംഭീര്യമൊന്നും ബാറ്റിങിൽ പുറത്തെടുക്കാൻ സൂര്യവൻശിക്കായില്ല. ആദ്യ ഇന്നിങ്‌സിൽ 19ഉം രണ്ടാം ഇന്നിങ്‌സിൽ 12 റൺസെടുക്കാനെ താരത്തിന് കഴിഞ്ഞുള്ളൂ. ഓപ്പണറുടെ റോളിലാണ് താരം ബാറ്റിങിന് ഇറങ്ങിയത്. ആദ്യ ഇന്നിങ്‌സിൽ 28 പന്തുകൾ നേരിട്ട താരം നാല്ബൗണ്ടറികൾ കണ്ടെത്തിയിരുന്നു. രണ്ടാം ഇന്നിങ്‌സിൽ നേരിടാനായത് 37 പന്തുകൾ. നേടിയത് രണ്ട് ബൗണ്ടറികളും. മത്സരത്തിൽ മുംബൈ വീര്യത്തിന് മുന്നിൽ ബിഹാർ തകർന്നടിഞ്ഞു. ഇന്നിങ്‌സിനും 51 റൺസിനുമായിരുന്നു മുംബൈയുടെ വിജയം.
അതേസമയം വൈഭവിന്‍റെ അരങ്ങേറ്റത്തിന് പുറമെ ബിഹാര്‍-മുബൈ രഞ്ജി മത്സരം കളിക്കളത്തിന് പുറത്തെ തര്‍ക്കങ്ങള്‍കൊണ്ടും ശ്രദ്ധേയമായി. മുംബൈയെ നേരിടാൻ ബിഹാറിന്‍റെ രണ്ട് ടീമുകളാണ് എത്തിയത്. ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ രണ്ട് ടീമുകളുടെ ലിസ്റ്റാണ് നല്‍കിയിരുന്നത്. ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷനിലെ തര്‍ക്കത്തെ തുടര്‍ന്ന് പ്രസിഡന്‍റ് തെരഞ്ഞെടുത്ത ടീമും സെക്രട്ടറി തെരഞ്ഞെടുത്ത ടീമും മത്സരത്തിന് തൊട്ടു മുമ്പ് ഗ്രൗണ്ടിലെത്തിയതാണ് വിവാദമായത്. ഒടുവില്‍ പൊലീസ് ഇടപെട്ട് പ്രസിഡന്‍റ് തിരഞ്ഞെടുത്ത ടീമിനെ മുംബൈക്കെതിരെ കളിപ്പിക്കുകയായിരുന്നു.