ആസ്‌ത്രേലിയ-പാകിസ്താൻ മത്സരം നിർത്തിവെച്ചു; കാരണമിതാണ്, ചിരിയടക്കാനാവാതെ താരങ്ങൾ
|മത്സരം നിർത്തിവെച്ചുള്ള ഇടവേളയിൽ ഫീൽഡ് അംപയർമാരും ഇക്കാര്യത്തിലെ തമാശ പങ്കുവെച്ചത് കൗതുക കാഴ്ചയായി.
മെൽബൺ: ക്രിക്കറ്റ് മത്സരങ്ങൾക്കിടെ തടസപ്പെടുന്നതും നിർത്തിവെക്കേണ്ടിവരുന്നതുമെല്ലാം സർവ്വസാധാരണമാണ്. മഴ, വെളിച്ചകുറവ് കളിക്കാർക്ക് പരിക്ക് പറ്റുക എന്നിവയെല്ലാം കളി നിർത്തിവെക്കാനുള്ള കാരണമാകാറുണ്ട്. എന്നാൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആസ്‌ത്രേലിയ-പാകിസ്താൻ രണ്ടാം ടെസ്റ്റിനിടെ കളിനിർത്തിവെച്ചത് ഈ കാരണങ്ങൾ കൊണ്ടൊന്നുമല്ല. തേർഡ് അമ്പയർ റിച്ചാർഡ് ഇല്ലിംഗ്വർത്ത് ലിഫ്റ്റിൽ കുടുങ്ങി പോയതുകൊണ്ടാണ് മത്സരം അൽപസമയം നിർത്തിവെച്ചത്.
കളി വൈകാനുള്ള കാരണമറിഞ്ഞതോടെ താരങ്ങൾക്ക് ചിരിയടക്കാനായില്ല. മത്സരം നിർത്തിവെച്ചുള്ള ഇടവേളയിൽ ഫീൽഡ് അംപയർമാരും ഇക്കാര്യത്തിലെ തമാശ പങ്കുവെച്ചത് കൗതുക കാഴ്ചയായി. എന്തായാലും മിനിറ്റുകൾക്ക് ശേഷം ഇല്ലിംഗ്വർത്ത് തന്റെ ഇരിപ്പിടത്തിൽ തിരിച്ചെത്തി. ചിരിച്ചുകൊണ്ട് ഗ്രൗണ്ടിലേക്ക് കൈ വീശി കാണിക്കുകയും ചെയ്തു
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിങ് തുടരുന്ന ഓസ്‌ട്രേലിയ ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 151-4 എന്ന നിലയിലാണ്. മിച്ചൽ മാർഷ് 82 റൺസുമായും സ്റ്റീവൻ സ്മിത്ത് 45 റൺസുമായും ക്രീസിലുണ്ട്. ഉസ്മാൻ ഖ്വാജ, ട്രാവിസ് ഹെഡ് എന്നിവർ പൂജ്യത്തിന് പുറത്തായി. ഡേവിഡ് വാർണർ(6), മാർനസ് ലബുഷെയിൻ(4)എന്നിവരും തുടക്കത്തിലേ പുറത്തായതോടെ ഓസീസ് വലിയ തകർച്ചയാണ് നേരിട്ടത്. എന്നാൽ പിന്നീട് ഒത്തുചേർന്ന് സ്മിത്ത്-മാർഷ് കൂട്ടുകെട്ട് കരകയറ്റുകയായിരുന്നു.
രണ്ടാം ഇന്നിങ്‌സിൽ 200 റൺസ് ലീഡ് നേടി ടീം മുന്നേറുകയാണ.് നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 318 നെതിരെ പാകിസ്താൻ 264ന് ഓൾഔട്ടായിരുന്നു.ആറിന് 194 എന്ന നിലയിൽ ഇന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച പാകിസ്താനെ റിസ്വാൻ (42), ആമേർ ജമാൽ (33) എന്നിവരുടെ ഇന്നിംഗ്സാണ് 250 കടത്തിയത്. കമ്മിൻസിന് അഞ്ച് വിക്കറ്റ് സ്വന്തമാക്കി.