Cricket
രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി; ഇത് ഖവാജ കംബാക്ക്
Cricket

രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി; ഇത് 'ഖവാജ കംബാക്ക്'

Web Desk
|
8 Jan 2022 11:38 AM GMT

സിഡ്‌നിയിൽ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാണ് ഖവാജ; ആഷസിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഓസീസ് താരവും

രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം ആഷസ് ടീമിൽ ഇടംപിടിക്കുന്നു. മൂന്ന് മത്സരങ്ങളിൽ പുറത്തിരുന്ന ശേഷം നാലാം ടെസ്റ്റിൽ ട്രാവിസ് ഹെഡിന്റെ പകരക്കാരനായി അന്തിമ ഇലവനിൽ. ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറി. രണ്ടാമിന്നിങ്‌സിലും സെഞ്ച്വറിയുമായി ബാറ്റിങ് തകർച്ച നേരിട്ട ടീമിന്റെ നില ഭദ്രമാക്കുന്നു. ഇതിലും മികച്ചൊരു തിരിച്ചുവരവ് ക്രിക്കറ്റ് ചരിത്രത്തിലുണ്ടോ! ഇടങ്കയ്യൻ ബാറ്റർ ഉസ്മാൻ ഖവാജയാണ് അവിസ്മരണീയമായ ഇന്നിങ്‌സിലൂടെ ഓസീസ് സംഘത്തിന് കരുത്തായത്. രണ്ടാം ഇന്നിങ്‌സിൽ ഖവാജ പുറത്താകാതെ നേടിയ 101 റൺസിന്റെ കരുത്തിൽ 388 റൺസിന്റെ വിജയലക്ഷ്യമാണ് ആസ്‌ട്രേലിയ ഉയർത്തിയത്. നാലാം ദിവസം കളിനിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 30 എന്ന നിലയിലാണ് ഇംഗ്ലണ്ട്.

സിഡ്‌നിയിലെ സ്വന്തം കളിമുറ്റമായ എസ്‌സിജിയാണ് ഖവാജയുടെ അവിസ്മരണീയമായ തിരിച്ചുവരവിന് സാക്ഷിയായത്. സിഡ്‌നിയിൽ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന മൂന്നാമനാണ് ഖവാജ. അവസാനമായി 2006ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങായിരുന്നു എസ്‌സിജിയിൽ ഈ നേട്ടം സ്വന്തമാക്കിയത്. ആഷസിൽ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന ആറാമത്തെ ഓസീസ് താരവും.

മൂന്നിന് 68 എന്ന നിലയിൽ ടീം തകരുമ്പോഴാണ് ഖവാജ ക്രീസിലെത്തിയത്. ഡെവിഡ് വാർണർ(മൂന്ന്), മാർനസ് ലബൂഷൈൻ(29), മാർക്കസ് ഹാരിസ്(27) എന്നിവരെല്ലാം കൂടാരം കയറിയിരുന്നു. തുടർന്ന് സ്റ്റീവ് സ്മിത്തുമായി ചേർന്നായിരുന്നു ഖവാജ രക്ഷാപ്രവർത്തനമാരംഭിച്ചത്. എന്നാൽ, 23 റൺസുമായി സ്മിത്തിനും കാലിടറി.

തുടർന്നെത്തിയ കാമറൺ ഗ്രീനുമായി ചേർന്നായിരുന്നു ഖവാജയുടെ പോരാട്ടം. ഖവാജ ആക്രമണവും പ്രതിരോധവും മാറിമാറി പരീക്ഷിച്ചപ്പോൾ ഗ്രീൻ ഉറച്ച പിന്തുണയുമായി നിലയുറപ്പിച്ചു. ഇതിനിടയിൽ അർധസെഞ്ച്വറിയും കടന്ന് ഖവാജ കുതിപ്പ് തുടർന്നു. ഖവാജ സെഞ്ച്വറിയിലേക്ക് കുതിക്കുമ്പോൾ ഗ്രീൻ അർധസെഞ്ച്വറിയും പിന്നിട്ടു. മികച്ച ടോട്ടലിലേക്ക് നീങ്ങിയ കൂട്ടുകെട്ട് ജാക്ക് ലീച്ച് പൊളിച്ചു. റൂട്ട് പിടികൂടി ഗ്രീൻ മടങ്ങുമ്പോൾ 74 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. അടുത്ത പന്തിൽ അലക്‌സ് കാരിയെയും ലീച്ച് തിരിച്ചയച്ചു. ഇതോടെ നായകൻ പാറ്റ് കമ്മിൻസ് ഡിക്ലയർ ചെയ്തു. 138 പന്തിൽ പത്ത് ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 101 റൺസുമായി പുറത്താകാതെ നിന്നു ഖവാജ.

മറുപടി ബാറ്റിങ്ങിൽ കരുതലോടെയാണ് ഇംഗ്ലണ്ടിന്റെ തുടക്കം. 11 ഓവർ നേരിട്ട ഇംഗ്ലീഷ് ഓപണർമാരായ സാക് ക്രൗളി 22 റൺസുമായും ഹസീബ് ഹമീദ് എട്ട് റൺസുമായും പുറത്താകാതെ നിൽക്കുന്നു. അവസാനദിനം പത്ത് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 358 റൺസാണ് വേണ്ടത്.

Similar Posts