അയ്യർ ശതകം വിഫലം; ഇഷൻ മിഷനിൽ മുംബൈ വിജയവഴിയിൽ
|അർധശതകം കുറിച്ച ഇഷൻ കിഷനും നീണ്ട ഇടവേളയ്ക്കുശേഷം താളം കണ്ടെത്തിയ സൂര്യകുമാർ യാദവുമാണ് മുംബൈയുടെ രക്ഷകരായത്
വാങ്കഡെ: ആദ്യ രണ്ടു മത്സരങ്ങളിലെ തോൽവിയുടെ ആഘാതത്തിൽനിന്ന് പതിവുപോലെ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ച് മുംബൈ ഇന്ത്യൻസ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിന് മുംബൈ കൊൽക്കത്തയെ തോൽപിച്ചു. വെങ്കിടേഷ് അയ്യരുടെ ശതകം വിഫലമായപ്പോൾ അർധശതകം കുറിച്ച ഇഷൻ കിഷനും നീണ്ട ഇടവേളയ്ക്കുശേഷം താളം കണ്ടെത്തിയ സൂര്യകുമാർ യാദവുമാണ് മുംബൈയുടെ രക്ഷകരായത്.
186 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയ്ക്ക് പവർപ്ലേയിൽ നായകൻ രോഹിത് ശർമയും ഓപണർ ഇഷൻ കിഷനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. രോഹിത് 20 റൺസിനു പുറത്തായെങ്കിലും സൂര്യയെ കൂട്ടുപിടിച്ച് ഇഷൻ ടീമിനെ മികച്ച നിലയിലെത്തിച്ചു.
അഞ്ചാം ഓവറിൽ ടീം 65 ൽ നിൽക്കെ രോഹിത് വീണു. 13 പന്തിൽ 20 റൺസെടുത്ത് ഫോമിലേക്ക് കടക്കവെയാണ് സുയേഷ് ശർമയുടെ ബോളിൽ രോഹിത് ഉമേഷ് യാദവിന്റെ കയ്യിൽ അവസാനിക്കുന്നത്. രോഹിത് കൂടാരം കയറിയെങ്കിലും കിഷൻ തന്റെ റൺവേട്ട നിർത്തിയില്ല. സൂര്യകുമാറിനൊപ്പം ചേർന്ന് അടിച്ചു. പക്ഷേ ടീം 87ൽ നിൽക്കെ അർദ്ധ സെഞ്ചുറി തികച്ച നിൽക്കെ കിഷനെ ചക്രവർത്തി വീഴ്ത്തി. സ്‌കോർ 7.3 ഓവറിൽ 87-2. തുടർന്ന് തിലക് വർമയും സൂര്യകുമാറും ചേർന്ന് പതുക്കെ റൺ ഉയർത്തി. 25 ബോളിൽ 30 റൺസിന് തിലക് പുറത്തായി. ഒരറ്റത്ത് സൂര്യ നിലയുറപ്പിച്ചു. 25 ബോളിൽ 43 റൺസാണ് സൂര്യകുമാർ അടിച്ചെടുത്തത്. സൂര്യക്ക് തിലക് വർമയും 30 ടിം ഡേവിഡ് 24 റൺസുമെടുത്ത് മികച്ച പിന്തുണ നൽകിയതോടെ 14 ബോൾ ബാക്കി നിൽക്കെ മുംബൈ അഞ്ച് വിക്കറ്റിന് ജയിച്ചു. കൊൽക്കത്തയ്ക്കായി സുയേഷ് ശർമ രണ്ട് വിക്കറ്റും ഷർദുൽ ഠാക്കൂർ വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വെങ്കിടേഷ് അയ്യരുടെ സെഞ്ചുറിയുടെ പിൻബലത്തിലാണ് കൊൽക്കത്ത ആറ് വിക്കറ്റ് നഷ്ടത്തിൽ 185 എന്ന സ്‌കോർ കണ്ടെത്തിയത്.കളിയുടെ തുടക്കത്തിലെ ആക്രമിച്ച് കളിക്കാൻ കൊൽക്കത്ത ശ്രമിച്ചെങ്കിലും രണ്ടാം ഓവറിൽ റഹ്മാനുള്ള ഗുർബാസിനെ ദുഅൻ ജാൻസെൻ വീഴ്ത്തി. അവിടുംമുതലാണ് മുംബൈയുടെ കഷ്ടകാലം ആരംഭിച്ചത്. ക്രീസിലെത്തിയ വെങ്കിടേഷ് അയ്യർ മുംബൈ ഫീൽഡർമാരെ തലങ്ങും വിലങ്ങും പായിച്ചു. കൂടെയുള്ളർ കുറഞ്ഞ റൺസിന് കളിമതിയാക്കി തിരിച്ചുകയറിയപ്പോഴെല്ലാം വെങ്കിടേഷ് തന്റെ റൺവേട്ട തുടർന്നു. ടീം 57ൽ നിൽക്കെ അഞ്ച് ബോൾ നേരിട്ട് ജഗതീശൻ കൂടാരം കയറി. ഗ്രീനാണ് വില്ലനായത്. വെങ്കിടേഷിനൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കുമെന്ന് കരുതിയെങ്കിലും ഉയർത്തിയടിച്ച റാണ രമൺദീപിന്റെ കയ്യിൽ അവസാനിച്ചു.
തുടർന്ന് ക്രീസിലെത്തി ഷർദുൽ ഠാക്കൂർ 13 റൺസെടുത്ത് പുറത്തായി. കൊൽക്കത്തയുടെ സ്റ്റാർ പ്ലെയർ റിങ്കുവിനൊപ്പമായിരുന്നു പിന്നീട് വെങ്കിടേഷിന്റെ ആക്രമണം. എന്നാൽ 104 റൺസിൽ നിൽക്കെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച വെങ്കിടേഷ് ജൻസെന്റെ കയ്യിൽ ഒതുങ്ങി. 51 ബോളിൽ ആറ് ഫോറും ഒൻപത് സിക്‌സറുകളും അടങ്ങുന്നതായിരുന്നു വെങ്കിടേഷിന്റെ ഇന്നിംങ്‌സ്. വാലറ്റത്ത് റിങ്കുവും ആൻഡ്രെ റസലും ചേർന്ന് മുംബൈയെ പതുക്കെ ആക്രമിച്ചു. എന്നാൽ 17 ബോളിൽ 18 റൺസ് എടുത്ത് റിങ്കുവും കൂടാരം കയറി. മൂന്ന് ഫോറിന്റെ അകമ്പടിയോടെ 11 പന്തിൽ 21 റൺസെടുത്ത് റസൽ വാലറ്റത്ത് ആക്രമിച്ച് കളിച്ചതോടെ 185 റൺസിൽ കൊൽക്കത്തയുടെ ബാറ്റിങ് അവസാനിച്ചു.
മുംബൈക്കായി ഹൃത്വിക് ഷൊക്കീൻ രണ്ട് വിക്കറ്റും പിയൂഷ് ചൗള, റിലേ മറെഡിത്ത്, കാമറൂൺ ഗ്രീൻ, ജൻസെൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അർജുൻ തെണ്ടുൽക്കറിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. രണ്ട് ഓവർ എറിഞ്ഞ അർജുൻ 17 റൺസാണ് വിട്ടുകൊടുത്തത്. ടോസ് നേടിയ മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.