ട്രെന്‍റ് ബോള്‍ട്ടിനെ പഞ്ഞിക്കിട്ട് മുഈന്‍ അലി; ഒരോവറില്‍ അഞ്ച് ഫോറും ഒരു സിക്സും, 19 ബോളില്‍ 50
|19 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച മുഈന്‍ അലി ഈ ഐ.പി.എല്ലിലെ തന്നെ വേഗതയേറിയ രണ്ടാം അര്‍ധസെഞ്ച്വറിയാണ് സ്വന്തം പേരിലാക്കിയത്.
മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ മുഈന്‍ അലിയുടെ തൃശൂര്‍ പൂരം. രാജസ്ഥാനെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍കിങ്സിന്‍റെ ബാറ്റിങ് വെടിക്കെട്ടിനാണ് ബ്രാബോണ്‍ സ്റ്റേഡിയം സാക്ഷിയായത്. രണ്ട് റണ്‍സിന് ഓപ്പണര്‍ ഗെയ്ക്വാദിന്‍റെ വിക്കറ്റ് നഷ്ടമായ ചെന്നൈ പിന്നീട് കളി ടോപ് ഗിയറിലേക്ക് ഷിഫ്റ്റ് ചെയ്യുകയായിരുന്നു.
ആറാം ഓവറില്‍ രാജസ്ഥാന്‍റെ സ്ട്രൈക്ക് ബൌളര്‍ ട്രെന്‍ഡ് ബോള്‍ട്ടിനെ അക്ഷരാര്‍ത്ഥത്തില്‍ മുഈന്‍ അലി പഞ്ഞിക്കിട്ടു. അഞ്ച് ബൌണ്ടറിയും ഒരു പടുകൂറ്റന്‍ സിക്സറുമാണ് മുഈന്‍ അലിയുടെ ബാറ്റില്‍ നിന്ന് ആ ഓവറില്‍ പിറന്നത്. 19 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച മുഈന്‍ അലി ഈ ഐ.പി.എല്ലിലെ തന്നെ വേഗതയേറിയ രണ്ടാം അര്‍ധസെഞ്ച്വറിയാണ് സ്വന്തം പേരിലാക്കിയത്.
നേരത്തെ ആദ്യത്തെ ഓവറിലെ അവസാന പന്തിലാണ് ചെന്നൈക്ക് ഓപ്പണര്‍ ഗെയ്ക്വാദിന്‍റെ വിക്കറ്റ് നഷ്ടപ്പെടുന്നത്. ട്രെന്‍റ് ബോള്‍ട്ടിന്‍റെ പന്തില്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കിയാണ് ഗെയ്ക്വാദ് പുറത്തായത്. പിന്നാലെ വണ്‍ഡൌണായെത്തിയ മുഈന്‍ അലി കളിയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കുകയായിരുന്നു. മുഈന്‍ അലിക്ക് മികച്ച പിന്തുണ കൊടുത്ത ഡെവോണ്‍ കോണ്‍വേ 14 പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായി. ഇരുവരും ചേര്‍ന്ന് 83 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പ് ആണ് പടുത്തുയര്‍ത്തിയത്.