'കളിക്കാരെ ബഹുമാനിക്കൂ, ഈ കളി ജനങ്ങളെ ഒരുമിപ്പിക്കാൻ': ഷമിക്ക് പിന്തുണയുമായി റിസ്‌വാൻ
|ദയവായി നിങ്ങളുടെ കളിക്കാരെ ബഹുമാനിക്കൂ, ജനങ്ങളെ ഒരുമിപ്പിക്കാനാകണം ഈ കളിയെന്നും റിസ്‌വാൻ ട്വിറ്ററിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ലോകകപ്പ് ടി20യിൽ പാകിസ്താനോട് തോറ്റതിന് പിന്നാലെ ഇന്ത്യയുടെ പേസ് ബൗളർ മുഹമ്മദ് ഷമിക്ക് നേരെ സൈബർ ഇടങ്ങളിൽ അതിരൂക്ഷമായ അധിക്ഷേപങ്ങളാണ് നടന്നത്. താരത്തിന്റെ പേരും മതവുമൊക്കെ എടുത്തിട്ടായിരുന്നു അധിക്ഷേപങ്ങളെല്ലാം.
ഇതിനെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഉൾപ്പെടെ പലരും സമൂഹമാധ്യമങ്ങളിലൂടെ തന്നെ രംഗത്ത് എത്തി. ഇപ്പോഴിതാ ഇന്ത്യക്കെതിരായ മത്സരത്തിൽ തിളങ്ങിയ പാക് ഓപ്പണർ മുഹമ്മദ് റിസ്‌വാനും ഷമിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നു.
ദയവായി നിങ്ങളുടെ കളിക്കാരെ ബഹുമാനിക്കൂ, ജനങ്ങളെ ഒരുമിപ്പിക്കാനാകണം ഈ കളിയെന്നും റിസ് വാന്‍ ട്വിറ്ററിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. 'ഒരു കളിക്കാരൻ തന്റെ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി അനുഭവിക്കേണ്ടി വരുന്ന സമ്മർദ്ദങ്ങളും പോരാട്ടങ്ങളും ത്യാഗങ്ങളും അളവറ്റതാണ്. മുഹമ്മദ് ഷമി ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ്. നിങ്ങളുടെ താരങ്ങളെ ബഹുമാനിക്കുക. ക്രിക്കറ്റ് ജനങ്ങളെ ഒരുമിപ്പിക്കുന്നതാണ്. വിഭജിക്കാനുള്ളതല്ല'- റിസ്വാൻ ട്വിറ്ററിൽ കുറിച്ചു.
ലോകകപ്പ് ടി20 മത്സരത്തിൽ പാകിസ്താനെതിരെ തോറ്റതിന് പിന്നാലെയായിരുന്നു ഷമിക്ക് നേരെയുള്ള അധിക്ഷേപങ്ങള്‍.നിരവധി മോശം പരാമർശങ്ങളാണ് ഷമിക്ക് നേരെ സൈബർ ഇടങ്ങളിൽ ഉയർന്നത്. ഒരു മുസ്‌ലിം പാകിസ്താനോടൊപ്പം നിൽക്കുന്നു, എത്ര പണം കിട്ടി തുടങ്ങി അധിക്ഷേപിക്കുകയായിരുന്നു സോഷ്യൽ മീഡിയയിലുടനീളം.
പാകിസ്ഥാനെതിരെ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സാണ് വിട്ടുകൊടുത്തത്. ആദ്യ മൂന്ന് ഓവറില്‍ 26 മാത്രമാണ് ഷമി നല്‍കിയിരുന്നത്. എന്നാല്‍ 18 ഓവര്‍ എറിയാനെത്തിയ ഷമി 17 റണ്‍സ് വഴങ്ങി. പാകിസ്ഥാന്‍ അനായാസമായി ജയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഷമിയുടെ ദേശീയതും മതവും ചോദ്യം ചെയ്യുന്ന രീതിയില്‍ ട്വീറ്റുകളും പോസ്റ്റുകളും വന്നത്.